ഗംഗ കുളിപ്പിച്ചു കിടത്തുമോ മോദിയെ
#ഗിരീഷ് കെ. നായര്‍
[email protected]
''ഗംഗാമാതാവ് എന്നെ ചില ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ആ ചുമതലകളുടെ പൂര്‍ത്തീകരണമാണു ലക്ഷ്യം. ഉത്ഭവം മുതല്‍ ഒടുക്കം വരെ വൃത്തികേടുകളില്‍ നിന്നു രക്ഷിക്കൂ എന്നു കേഴുകയാണു ഗംഗ. ഗംഗയെ സേവിക്കാന്‍ എനിക്കു കിട്ടിയ സൗഭാഗ്യമാണിത്.''
2014 ല്‍ അധികാരത്തിലേറിയതിനുപിന്നാലെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ നന്ദി പറയാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളായിരുന്നു ഇത്. തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കേണ്ടതുണ്ടല്ലോ. രണ്ടുവര്‍ഷത്തിനുശേഷം ഔദ്യോഗികമായി ഗംഗാ ശുദ്ധീകരണമാരംഭിച്ചു. പക്ഷേ, അതവിടെ നിന്നു. അഞ്ചുവര്‍ഷത്തിനിപ്പുറവും വാഗ്ദാനം മാത്രമായി അത് അവശേഷിക്കുന്നു.
ഗംഗാ പദ്ധതി മോദിക്കു തിരിച്ചടിയാകുമോയെന്നാണു രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്. ലക്കും ലഗാനുമില്ലാതെ രാഷ്ട്രീയക്കാര്‍ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ക്കു വലിയ വില കൊടുക്കേണ്ടിവരുന്ന കാലഘട്ടമാണിത്. ഗംഗ പൂര്‍ണമായും ശുദ്ധമാക്കാനുള്ള പദ്ധതി പൂര്‍ത്തീകരണ തിയതികള്‍ രണ്ടുതവണ മാറ്റിയ മോദിയുടെ പ്രഖ്യാപനം എങ്ങുമെത്താത്തതില്‍ രോഷാകുലരാണു വാരണാസി മണ്ഡലവാസികള്‍.
കാരണം, അവരെ സ്വാധീനിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗം ഗംഗയെന്ന വികാരമായിരിക്കേ അതു വളരെ സമര്‍ഥമായി ജയത്തിനുപയോഗിച്ച പ്രധാനമന്ത്രി വീണ്ടും വോട്ടുതേടിയെത്തുകയാണ്. അവര്‍ എങ്ങനെ പ്രതികരിക്കുമെന്നതില്‍ മോദിക്കുപോലും സംശയമുണ്ട്. മോദിയുടെ മണ്ഡലത്തില്‍ ഗംഗ നിര്‍ണായകമാകുമെന്നാണു കരുതപ്പെടുന്നത്.
നാഡിയാണു ഗംഗ
2,525 കിലോമീറ്റര്‍ ദൂരം ഉത്തരകേരളത്തെ ന നച്ച് ഒഴുകുന്ന ഗംഗ സംസ്‌കാരത്തിന്റെ ഭാഗവും ജീവന്റെ ഭാഗവുമാണ്. ഉത്തരാഖണ്ഡിലെ ഗംഗോത്രി മുതല്‍ ഹരിദ്വാര്‍, കാണ്‍പൂര്‍, വാരണാസി, പട്‌ന, ഫറാക്ക എന്നിവിടങ്ങളിലൂടെ ബംഗാള്‍ ഉള്‍ക്കടലിലെത്തുന്ന ഗംഗയെ രക്ഷിക്കുന്നതു മനുഷ്യരെ രക്ഷിക്കുന്നതിനു തുല്യം തന്നെയാണ്. അതുകൊണ്ടുതന്നെ ഗംഗയുടെ കരയിലെ തെരഞ്ഞെടുപ്പു മണ്ഡലങ്ങളില്‍ മത്സരക്കാലത്തു വാഗ്ദാനങ്ങളിലൊന്നു ഗംഗയുടെ വൃത്തിയാക്കലാണ്. ഗംഗ മൊത്തം വൃത്തിയാക്കുമെന്ന മോദിയുടെ പ്രഖ്യാപനം ഇത്രയും കിലോ മീറ്ററിനുള്ളിലെ വോട്ടുകള്‍ കണ്ടുതന്നെയായിരുന്നു. എന്നിട്ടോ. രാജ്യത്തിന്റെ 40 ശതമാനം ജനത ഗംഗയെ ആശ്രയിക്കുന്നുവെന്നു മനസിലാക്കിയാലറിയാം ബി.ജെ.പി എത്ര തന്ത്രപരമായാണു ഗംഗയെ വോട്ടാക്കുന്നതെന്ന്.
ഭാഗീരഥി, ഹൂഗ്ലി തുടങ്ങിയ പേരുകളും ഗംഗയ്ക്ക് അവകാശപ്പെട്ടതാണ്. മനസിനെ മാലിന്യമുക്തമാക്കാന്‍ ഗംഗയില്‍ മുങ്ങി നിവരുന്നവര്‍ ശാരീരികമാലിന്യങ്ങള്‍ അതില്‍ ഉപേക്ഷിക്കുന്നു. അതു ഗംഗയെ മലീമസമാക്കി. ഗംഗയെ ആരാധിക്കുന്നവര്‍ക്കും ഗംഗ കൊണ്ടു ജീവിക്കുന്നവര്‍ക്കുമിടയില്‍ മാലിന്യം തള്ളാന്‍ അഴുക്കുചാലായി ഫാക്ടറി സമൂഹം ഉപയോഗിക്കുന്നതും കാണുന്നു. കോടികളുടെ പദ്ധതി പ്രഖ്യാപനങ്ങള്‍ക്കിടയിലും മാലിന്യ മുക്തമാകാതെ ഗംഗ പഴയതുപോലെ ഒഴുകുന്നു. ഹരിദ്വാരിനും ഉന്നാവോയ്ക്കും മധ്യേ ഗംഗാജലം കുടിക്കാനും കുളിക്കാനും കൊള്ളാത്ത അണുവാഹിനിയാണെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ കണ്ടെത്തിയിരിക്കുന്നു.
നമാമി ഗംഗേ 2016
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപിത പദ്ധതിയായിരുന്നു ഗംഗയെ മാലിന്യമുക്തമാക്കാനുള്ള നമാമി ഗംഗേ. ഗംഗാജലം ശുദ്ധീകരിക്കുക, ഫാക്ടറികളില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിച്ചു മാത്രം ഗംഗയിലേയ്ക്കു വിടുക, നദീതീരങ്ങള്‍ മനോഹരമാക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, നദിയിലെ മാലിന്യങ്ങള്‍ നീക്കുക, ജൈവികസമ്പത്തു വളര്‍ത്തുക, വനവല്‍ക്കരണം തുടങ്ങിയവയ്ക്കായി 221 പദ്ധതികളാണു പ്രഖ്യാപിക്കപ്പെട്ടത്.
ഇതില്‍ 58 എണ്ണം മാത്രമാണ് അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പൂര്‍ത്തീകരിക്കാനായത്. 2016ല്‍ പ്രഖ്യാപിച്ച് 2018 ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. അതു നടക്കാതെ പോയതോടെ 2019 മാര്‍ച്ചില്‍ 80 ശതമാനമെങ്കിലും പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യം പുനര്‍നിര്‍ണയിച്ചു. ഇപ്പോള്‍ പൂര്‍ത്തീകരിക്കാത്ത പദ്ധതികളുടെ ബാഹുല്യം കാരണം അടുത്ത രണ്ടുവര്‍ഷമെടുത്താലും ഗംഗ മാലിന്യവാഹിനിയായി തുടരുമെന്നാണു വിലയിരുത്തപ്പെടുന്നത്.
ജലശുദ്ധീകരണത്തിനു 105 പദ്ധതികള്‍ ലക്ഷ്യമിട്ടെങ്കിലും 26 എണ്ണം മാത്രമാണു പൂര്‍ത്തിയാക്കാനായത്. 20,000 കോടി രൂപയാണു നമാമി ഗംഗേ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ അനുവദിച്ചത്. 2020നകം ചെലവാക്കേണ്ട തുകയെന്നാണ് ഇതു കണക്കാക്കിയിരുന്നതെങ്കിലും ഇപ്പോള്‍ത്തന്നെ ഈ തുക ചെലവഴിച്ചുകഴിഞ്ഞു എന്നാണു രേഖകള്‍. 221 പദ്ധതികള്‍ക്ക് 22238.73 കോടി രൂപയാണു ചെലവാക്കിയത്. പൂര്‍ത്തിയായതോ 58 എണ്ണവും.
764 ഫാക്ടറികളില്‍ പരിശോധന നടത്തിയ അധികൃതര്‍ അതില്‍ നാല്‍പ്പത്തെട്ടും പൂട്ടിച്ചു. പൗരസംഘടനകള്‍ രൂപീകരിച്ചു ഗംഗ ടാസ്‌ക് ഫോഴ്‌സ് ബെറ്റാലിയന്‍ ഉണ്ടാക്കി വ്യക്തികള്‍ ഗംഗയെ മാലിന്യമാക്കുന്നതു തടഞ്ഞു. നമാമി ഗംഗേ പദ്ധതിക്കു കീഴില്‍ മറ്റ് 300 പദ്ധതികള്‍ അഞ്ച് സംസ്ഥാനങ്ങളിലായി 103 കേന്ദ്രങ്ങളില്‍ ഉമാഭാരതി ഉദ്ഘാടനം ചെയ്തു. ഗംഗാ തീരത്തെ മൂവായിരത്തിലധികം ഗ്രാമങ്ങളില്‍ നിര്‍ബന്ധമായും കക്കൂസുകള്‍ നിര്‍മിക്കപ്പെട്ടു. ഗംഗ മലിനമാകുന്നവരെ നിയമപരമായി നേരിടാന്‍ നാഷനല്‍ ഗംഗാ കൗണ്‍സില്‍ ഉണ്ടാക്കിയെങ്കിലും പല്ലും നഖവുമില്ലാത്ത രൂപമായി അത്. കോര്‍പറേറ്റ് ഇന്ത്യയും ഗംഗ മാലിന്യമുക്ത പദ്ധതിയില്‍ പങ്കാളികളായി.
സുപ്രിംകോടതിയും ഇടപെട്ടു
പ്രഖ്യാപനം നടത്തി കോടികള്‍ ചെലവാക്കി ഉത്തരവാദിത്തമില്ലാതെ മുന്നേറുന്ന കേന്ദ്ര നടപടികളെ സുപ്രിംകോടതി ചോദ്യം ചെയ്തിരുന്നു. ഉടന്‍ പൂര്‍ത്തിയാക്കും, പദ്ധതി നടക്കുന്നു എന്ന കേന്ദ്ര വാദം കോടതി തള്ളി. ഘട്ടങ്ങളായുള്ള പദ്ധതികള്‍ അറിയിക്കണമെന്ന കോടതി നിര്‍ദേശത്തില്‍ കേന്ദ്രം വിയര്‍ത്തു.
128 വര്‍ഷമായി സകലമാലിന്യങ്ങളും ഗംഗയിലെത്തിക്കുന്ന ഏഷ്യയിലെ തന്നെ മാലിന്യ വാഹിനി തോട് സിസാമൗ ഗംഗയില്‍ നിന്നു തിരിച്ചുവിടാനായതാണു ഗംഗ ശുദ്ധീകരണത്തിലെ ശ്രദ്ധേയമായ നേട്ടമെന്നു പറയാം. എട്ടുകോടി ലിറ്റര്‍ മലിന ജലം ശുദ്ധീകരിച്ചു. അവശേഷിക്കുന്ന 6 കോടി ലിറ്റര്‍ ശുദ്ധീകരിക്കുക ഭഗീരഥപ്രയത്‌നമാണ്.
2014ല്‍ ഗംഗ മാലിന്യമുക്തമാക്കുമെന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നെങ്കില്‍ അഞ്ചുവര്‍ഷത്തിനിപ്പുറം രണ്ടാം വട്ടം സാരഥ്യം തേടിയുള്ള വോട്ട് തേടലിലും അവര്‍ അത് ആവര്‍ത്തിക്കുന്നു. ഇന്നും ഗംഗ ഒഴുകുന്നത് മാലിന്യ പൂര്‍ണമായാണ്. മനുഷ്യ-മൃഗ മാലിന്യമാണേറെ. ഫാക്ടറി മണമുള്ള വെള്ളമാണ് ഗംഗയുടേത്. പലയിടത്തും പതയും നുരയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഗംഗയെ ശുദ്ധമാക്കാനും തടസരഹിതമായി ഒഴുക്കാനും കഴിയാതിരുന്നാല്‍ താന്‍ ആത്മാഹുതി ചെയ്യുമെന്ന ഉമാഭാരതിയുടെ പ്രഖ്യാപനം ഇനി എന്താകുമെന്നും ഉറ്റുനോക്കാവുന്നതാണ്. ഇത്തരം പ്രഖ്യാപനത്തിനും ഉളുപ്പുവേണ്ടല്ലോ. ഗംഗ മാലിന്യ മുക്തമാക്കാനുള്ള പദ്ധതിയുടെ തുടക്കത്തില്‍ വകുപ്പ് കയ്യാളിയിരുന്ന ഉമാഭാരതിക്കു പകരം നിതിന്‍ ഗഡ്കരിയാണിന്നുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."