കൃത്രിമക്ഷാമം സൃഷ്ടിക്കാന്‍ നീക്കം; നടപടിയുമായി ഭക്ഷ്യ വകുപ്പ്
കോഴിക്കോട്: കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ വ്യാപാരമേഖലയിലുണ്ടായ മാന്ദ്യം കടുത്തതോടെ സംസ്ഥാനത്തേക്കുള്ള ചരക്കുവരവ് ഗണ്യമായി കുറഞ്ഞു. ഇതു സംസ്ഥാനത്തെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നു. ഇതിനിടെ സാഹചര്യം മുതലെടുത്ത് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് പൂഴ്ത്തിവയ്പിനും വില കൂട്ടാനും ശ്രമം തുടങ്ങി.
ഇതു കണക്കിലെടുത്ത് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചു. കോഴിക്കോട് വലിയങ്ങാടിയിലെ അരി മൊത്തവിതരണ കേന്ദ്രങ്ങളില്‍ ഇന്നലെ പരിശോധന നടന്നു. മൂന്നു മാസത്തേക്കാവശ്യമായ സ്റ്റോക്ക് മിക്കവാറും എല്ലാ ഗോഡൗണുകളിലുമുളളതായി പരിശോധനയില്‍ വ്യക്തമായതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി.
നിത്യോപയോഗ സാധനങ്ങളുമായി കേരളത്തിലേക്ക് പ്രതിദിനം രണ്ടായിരം ലോറികളാണ് എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി ഇതു പകുതിയായി കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ലോറി മാര്‍ഗം സാധനങ്ങളെത്തിയിരുന്നത്. എന്നാല്‍ വ്യാപാരമേഖലയില്‍ പ്രതിസന്ധി രൂക്ഷമായതോടെ ലോറികളുടെ വരവു കുറഞ്ഞു. അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും പഴവര്‍ഗങ്ങളുമായി നാമമാത്ര ലോറികളേ ഇപ്പോള്‍ എത്തുന്നുള്ളൂ. സംസ്ഥാനത്തിനു പുറത്തേക്കുള്ള ചരക്കുനീക്കവും ഭാഗികമായി നിലച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഒരു ലക്ഷം ലോറികളുള്ളതില്‍ പകുതിയോളം മറ്റു സംസ്ഥാനങ്ങളിലേക്ക് ചരക്കുമായി പോകുന്നവയാണ്. ഏറ്റവും കുടുതല്‍ ലോറികളുള്ളത് എറണാകുളത്തും കോഴിക്കോട്ടുമാണ്. ഇവിടെ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചരക്കുമായി പോകുന്ന ലോറികളുടെ എണ്ണം പകുതിയായി കുറഞ്ഞയായി ലോറി ഉടമകള്‍ പറയുന്നു.
കൊവിഡ് ഭീതിയെ തുടര്‍ന്ന് വിപണിയിലുണ്ടായ മാന്ദ്യം ചില്ലറവ്യാപാര മേഖലയെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. സംസ്ഥാനത്തെ എല്ലാ വ്യാപാര കേന്ദ്രങ്ങളിലും തകര്‍ച്ച ദൃശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."