വീണ്ടും അധികാരത്തില്‍ തുടരുമെന്ന ആത്മവിശ്വാസവുമായി പ്രധാനമന്ത്രി കശ്മിരില്‍
ജമ്മു: വീണ്ടും അധികാരത്തില്‍ തുടരുമെന്ന ആത്മവിശ്വാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മിരിലെ വിവിധ ഇടങ്ങളില്‍ വ്യത്യസ്ത പദ്ധതികള്‍ക്ക് ശിലയിട്ടു. സംസ്ഥാനത്ത് വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിലുള്‍പ്പെടെ 12 വ്യത്യസ്ത പദ്ധതികള്‍ക്കാണ് ഇന്നലെ അദ്ദേഹം തുടക്കമിട്ടത്.
ജമ്മുവിലും ശ്രീനഗറിലും രണ്ട് എയിംസ് (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ആശുപത്രികള്‍ക്ക് തറക്കല്ലിട്ടു. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ സൗഭാഗ്യ പദ്ധതിയുടെ കീഴില്‍ സംസ്ഥാനത്ത് 100 ശതമാനം വൈദ്യുതീകരണം നടപ്പാക്കിയതിന്റെ പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി.
ലേ മേഖലയില്‍ നിന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നത്. മേഖലയിലെ ജനങ്ങളുമായി സംവാദം നടത്തിയും വിദ്യാഭ്യാസ-വൈദ്യുതി രംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ജനങ്ങളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ജമ്മുവിലെത്തിയ അദ്ദേഹം നിരവധി വിദ്യാഭ്യാസത്തിനും മറ്റ് അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.
ജമ്മുവിലും ലേയിലും നടന്ന പൊതുസമ്മേളനങ്ങളില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് മോദി ഉന്നയിച്ചത്. പൊള്ളയായ വാഗ്ദാനങ്ങളിലൂടെ കര്‍ഷകരെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. 2008-09ല്‍ ആറ് ലക്ഷം കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് എഴുതി തള്ളിയതാകട്ടെ കേവലം 52,000 കോടിയുടേത് മാത്രമായിരുന്നു. എന്നാല്‍ തന്റെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറച്ച തീരുമാനമാണ് കൈകൊണ്ടത്. ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ ക്ഷേമ പദ്ധതികളുടെ നേട്ടങ്ങളെല്ലാം ജനങ്ങള്‍ക്ക് നേരിട്ട് എത്തിക്കാന്‍ കഴിഞ്ഞു. ദീര്‍ഘകാലത്തേക്ക് ഉതകുന്ന പദ്ധതികളാണ് ഇതിലുടെ സര്‍ക്കാര്‍ ലക്ഷ്യംവച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി കിസാന്‍ പദ്ധതിയിലൂടെ ഇതിനകം 75,000 കോടി രൂപ നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും മോദി പറഞ്ഞു. ജമ്മുവില്‍ നടന്ന റാലിയില്‍ കശ്മിരി പണ്ഡിറ്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൂന്നിയായിരുന്നു അദ്ദേഹം സംസാരിച്ചത്. പണ്ഡിറ്റുകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറല്ല. മതപരമായ വേട്ടയാടലിനെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നവര്‍ക്കുവേണ്ടിയാണ് ദേശീയ പൗരത്വ ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ലേയില്‍ ലഡാക്ക് സര്‍വകലാശാല ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ജമ്മുവിലെ വിജയപുരയിലും ശ്രീനഗറിലെ അവന്തിപോറയിലുമാണ് രണ്ട് എയിംസ് ആശുപത്രികള്‍ക്ക് തറക്കല്ലിട്ടത്. തുടര്‍ന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ വടക്കന്‍ മേഖലാ കാംപസിനും തറക്കല്ലിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."