കൊവിഡ് 19: സഊദിയിൽ വ്യാജ പ്രചരണം നടത്തിയയാൾ പോലീസ് പിടിയിൽ
റിയാദ്: കൊവിഡ് 19 വൈറസ് ബാധയെക്കുറിച്ചു വ്യാജ വാർത്ത പ്രചരിപ്പിച്ചയാളെ സഊദി പോലീസ് പിടികൂടി. സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകളും അഭ്യൂഹങ്ങളും നിർമ്മിച്ച് പ്രചരണം നടത്തുകയായിരുന്നു ഇയാളെന്നാണ് വിവരം. ഇയാളെ ചോദ്യംചെയ്തെന്നും മുഴുവൻ കേസ് രേഖകളും ബന്ധപ്പെട്ട കോടതിക്ക് കൈമാറിയെന്നും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു.
സമൂഹത്തിൽ ഭീതിയുളവാക്കുന്ന കൊവിഡ് 19 വൈറസ് സംബന്ധമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ നേരത്തെ തന്നെ സഊദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അഞ്ചു വർഷം വരെ ജയിൽശിക്ഷയും 30 ലക്ഷം റിയാൽ പിഴയും ചുമത്താനുമാണ് നിർദേശം. കൂടാതെ, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടാനും കുറ്റം തെളിഞ്ഞാൽ പ്രതിയുടെ ചിലവിൽ തന്നെ കോടതി വിധി പരസ്യപ്പെടുത്താനും നിർദേശമുണ്ട്. വ്യാജ വാർത്തകൾ വ്യാപകമാകുന്നതിനാൽ ഔദ്യോഗിക സോഴ്‌സുകളിൽ നിന്ന് മാത്രമേ വാർത്തകൾ സ്വീകരിക്കാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."