കൊറോണയെ പ്രതിരോധിച്ച് ചൈന; വുഹാനില്‍ പുതിയ രോഗികളില്ല
ബെയ്ജിങ്: ലോകത്ത് പടര്‍ന്നുപിടിക്കുന്ന കൊവിഡ് ബാധയില്‍ മരണം 9000 ത്തിലേക്കെത്തുമ്പോള്‍ ചൈനയില്‍ നിന്നു പ്രതീക്ഷയുടെ വാര്‍ത്തകള്‍. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരത്തില്‍ ബുധനാഴ്ച്ച പുതുതായി ഒരാള്‍ക്കു പോലും വൈറസ് ബാധയില്ല. വൈറസ് ബാധയുണ്ടായ ശേഷം ആദ്യമായാണ് ചൈനയില്‍ ഒരു ദിവസം പുതിയ രോഗികള്‍ ഉണ്ടാകാതിരിക്കുന്നത്.
ജനുവരി 23 മുതല്‍ വുഹാനില്‍ കര്‍ശനമായ പ്രതിരോധ നടപടികള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഹ്യൂബെ പ്രവിശ്യയിലെ നാല് കോടി ജനങ്ങളെ പുറത്തിറങ്ങുന്നതില്‍ നിന്നും വിലക്കുകയും ആള്‍ക്കൂട്ടങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് കൊറോണയെ ചൈന നിയന്ത്രണത്തിലാക്കിയത്. പ്രാദേശികമായി ഒരു പോസിറ്റീവ് കേസു പോലും ചൈനയ്ക്ക് അകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വുഹാന്‍ നഗരത്തിന് പുറത്തും 34 പുതിയ കേസുകള്‍ മാത്രമാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരെല്ലാം വിദേശത്തുനിന്ന് ചൈനയിലേക്ക് എത്തിയ യാത്രക്കാരാണ്. ഇതില്‍ 21 പേര് ബെയ്ജിങ് നഗരത്തിലാണ്.
81000ത്തിനടുത്ത് ആളുകള്‍ക്കാണ് ചൈനയില്‍ ഇതുവരെ വൈറസ് ബാധിച്ചിരുന്നത്. ഇതില്‍ 3245 പേര് മരിച്ചു. 70420 പേര്‍ക്ക് രോഗം ഭേദമായി. ബുധനാഴ്ച്ച എട്ട് മരണം മാത്രമേ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. ഇവരെല്ലാം ഹ്യൂബെ പ്രവിശ്യയില്‍ ചികിത്സയിലുള്ളവരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."