മണിക്കൂറുകള്‍ മാത്രം ബാക്കി; തീരാതെ 'ഹരജിയുദ്ധം'
ന്യൂഡല്‍ഹി: 2012ലെ നിര്‍ഭയാ കേസിലെ നാലു പ്രതികളെയും നാളെ പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റണമെന്ന മരണവാറന്‍ഡ് നിലനില്‍ക്കവേ, എങ്ങനെയും വധശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ അവസാന ശ്രമങ്ങളുമായി പ്രതികള്‍.
കഴിഞ്ഞ ദിവസമാണ് തിഹാര്‍ ജയിലില്‍ ആരാച്ചാര്‍ പവന്‍ ജല്ലാഡിന്റെ നേതൃത്വത്തില്‍ ഡമ്മി പരീക്ഷണം നടത്തിയിരുന്നത്. നിലവിലെ മരണവാറന്‍ഡനുസരിച്ച് തൂക്കിലേറ്റപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് പ്രതികള്‍ ഹരജികളുമായി കോടതികളെ സമീപിച്ചിരിക്കുന്നത്.
സംഭവം നടക്കുന്ന സമയത്ത് താന്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നെന്ന് അവകാശപ്പെട്ട് പ്രതി മുകേഷ് സിങ് സമര്‍പ്പിച്ച ഹരജി കഴിഞ്ഞ ദിവസം ഡല്‍ഹി കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ മറ്റൊരു പ്രതി പവന്‍ ഗുപ്ത തിരുത്തല്‍ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ രാജ്യാന്തര നീതിന്യായ കോടതിയെയും സമീപിച്ചിരുന്നു.
സംഭവസമയത്ത് തനിക്കു പ്രായപൂര്‍ത്തിയായില്ലെന്നവകാശപ്പെട്ട് നേരത്തെ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. ഇക്കാര്യത്തിലാണ് കഴിഞ്ഞ ദിവസം തിരുത്തല്‍ ഹരജി നല്‍കിയത്.
മകന്റെ വധശിക്ഷ ഒഴിവാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ്ങിന്റെ മാതാവ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. ഇതും തള്ളിയിട്ടുണ്ട്. നേരത്തെ മൂന്നു തവണ പ്രതികള്‍ക്കായി മരണവാറന്‍ഡ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇതെല്ലാം പിന്നീട് നീട്ടിവയ്‌ക്കേണ്ടിവരികയായിരുന്നു.
ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ ഏതിലെങ്കിലും പ്രതികള്‍ക്കനുകൂലമായ കോടതി നടപടി ഉണ്ടാകുകയാണെങ്കില്‍ വധശിക്ഷ ഇനിയും നീളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."