നഗരസഭാ മാസ്റ്റര്‍ പ്ലാന്‍: ഉദ്യോഗസ്ഥരുടെ സമീപനം ആശങ്കയുണ്ടാക്കുന്നു
പാലാ: മാസ്റ്റര്‍ പ്ലാന്‍ അന്തിമമായി നടപ്പിലാക്കിയിട്ടില്ലെന്ന് അധികൃതര്‍ ഉറപ്പു നല്‍കുമ്പോഴും മാസ്റ്റര്‍ പ്ലാനിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥര്‍ തീരുമാനങ്ങള്‍ എടുക്കുന്നതു ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നു. മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് പ്രത്യേക നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ യാതൊരു വിധ ഇളവുകളും നല്‍കാന്‍ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതെന്നാണ് ആക്ഷേപം.
അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു നഗരസഭാ ഭരണാധികാരികള്‍ പറയുമ്പോഴാണ് ഉദ്യോഗസ്ഥര്‍ ഈ നടപടി സ്വീകരിക്കുന്നത് പാലാ നഗരസഭയില്‍ മൂന്നു മീറ്റര്‍ പോലും വീതിയില്ലാത്ത നിരവധി പോക്കറ്റ് റോഡുകളുണ്ട്.
ഈ റോഡുകളുടെ ഇരുവശങ്ങളിലുമായി നൂറുകണക്കിന് വീടുകള്‍ സ്ഥിതി ചെയ്യുന്നു. ഇവയൊക്കെ പരിമിതമായ സ്ഥലങ്ങളില്‍ ഒതുങ്ങുന്നവയാണ്. അഞ്ചു സെന്റോ പത്തു സെന്റോ സ്ഥലമുള്ള വ്യക്തിയ്‌ക്കോ സ്ഥാപനത്തിനോ പുതിയ കെട്ടിട നിര്‍മാണം നടത്തുന്നതിന് ഇനി മേല്‍ യാതൊരു സാധ്യതയും ഇല്ലാത്ത വിധമാണ് ഇപ്പോള്‍ നഗരസഭ തയ്യാറാക്കിയിരിക്കുന്ന മാസ്റ്റര്‍ പ്ലാനെന്നാണ് ആരോപണം.
പല റോഡുകള്‍ക്കും മൂന്നു മീറ്റര്‍ മുതല്‍ അഞ്ചു മീറ്റര്‍ വരെ വീതിയാണുള്ളത്. ഇവയുടെ ഇരു വശങ്ങളിലുമുള്ള വീടുകളും സ്ഥാപനങ്ങളും ഇനി പുതുക്കിപ്പണിയണമെങ്കില്‍ റോഡിന് എട്ടു മീറ്റര്‍ അളവ് നിഷ്‌കര്‍ഷിച്ചതിനു ശേഷം മാത്രമെ അനുമതി ലഭിക്കൂ. ജില്ലാ നഗരസൂത്രണ കാര്യാലയമാണ് ഈ പ്ലാന്‍ തയ്യാറാക്കിതെങ്കിലും അതാതു നഗരസഭയ്ക്ക് ഇതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. നഗരസഭയിലെ ഗ്രാമാന്തരീക്ഷം വിട്ടുമാറാത്ത വാര്‍ഡുകളിലെ റോഡുകളുടെ സൈഡില്‍ പത്തു സെന്റ് സ്ഥലം വാങ്ങുന്നവര്‍ വീടു നിര്‍മിക്കണമെങ്കില്‍ സ്ഥലത്തിന്റെ മൂന്നില്‍ ഒരു ഭാഗം ഒഴിച്ചു മാത്രമെ വീടിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കൂ. അതേ സമയം നഗരസഭ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് അധികൃതര്‍ വിവിധ വിഭാഗങ്ങളിലുള്ളവരുമായി ചര്‍ച്ച തുടങ്ങി. വ്യാപാരികള്‍, റസിഡന്‍സ് അസ്സോസിയേഷനുകള്‍, സംഘടനാകളുടെ ഭാരവാഹികള്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ഇതിനു ശേഷമേ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."