മാര്‍പാപ്പ യു.എ.ഇയിലെത്തി
അബുദബി: യു.എ.ഇ സംഘടിപ്പിക്കുന്ന ആഗോള മാനവസാഹോദര്യസംഗമത്തില്‍ പങ്കെടുക്കാന്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ യു.എ.ഇയിലെത്തി. അബുദാബിയെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി മാര്‍പാപ്പയെ സ്വീകരിച്ചു. ഊഷ്മള സ്വീകരണമാണ് വിമാനത്താവളത്തിലും യാത്രാമധ്യേയും അദ്ദേഹത്തിന് ലഭിച്ചത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരം മാനവസാഹോദര്യസംഗമത്തില്‍ പങ്കെടുക്കാനാണ് കത്തോലിക്കാ സഭാ പരമാധ്യന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബിയിലെത്തിയത് അല്‍ മുഷ്‌റിഫ് കൊട്ടാരത്തിലാണു മാര്‍പാപ്പയുടെ താമസം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രസിഡന്‍ഷ്യല്‍ പാലസിലെ സ്വീകരണമാണ് ആദ്യ പരിപാടി. തുടര്‍ന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. വത്തിക്കാനിലെയും യു.എ.ഇയിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകീട്ട് ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ മുസ്‌ലിം കൗണ്‍സില്‍ അംഗങ്ങളുമായും കൂടിക്കാഴ്ചയുണ്ടാകും.
തുടര്‍ന്ന് 6.10ന് മറീനയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ ഇന്റര്‍ റിലീജിയസ് സമ്മേളനത്തില്‍ മാര്‍പാപ്പ പങ്കെടുക്കും. ആഗോള സമാധാനത്തിനായി കൈകോര്‍ക്കേണ്ടതിന്റെയും സഹിഷ്ണുത ഊട്ടിയുറപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കും. കേരളത്തില്‍ നിന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാത്തോലിക്കാ ബാവാ, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. മതസൗഹാര്‍ദ സന്ദേശവുമായി മാര്‍പാപ്പ വൈകിട്ടു ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിലെത്തും.
നാളെ രാവിലെ 9.15ന് മാര്‍പാപ്പ അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ സന്ദര്‍ശിക്കും. ഇവിടെ അവശതയനുഭവിക്കുന്ന മുന്നൂറോളം രോഗികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ കുര്‍ബാന അര്‍പ്പിക്കും. ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നെത്തുന്ന 1,35,000 വിശ്വാസികളെ പോപ് ആശീര്‍വദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."