കൊവിഡ്-19: മരണം നാലായി; നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ ഒരാള്‍കൂടി മരിച്ചു. പഞ്ചാബിലെ ഷെഹീദ് ഭരത് സിങ് നഗറില്‍ നിന്നുള്ള 70 വയസുകാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം നാലായി.
കൊവിഡ്-19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 65വയസിന് മുകളിലുള്ളവര്‍ സുരക്ഷ മാനിച്ച് പുറത്തിറങ്ങരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചു. 10 വയസിനുള്ളിലുള്ള കുട്ടികളും വീടുകളില്‍ തന്നെ കഴിയണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കൂടാതെ അന്താരാഷ്ട്ര സര്‍വിസ് നടത്തുന്ന വിമാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. മാര്‍ച്ച് 22മുതല്‍ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അമ്പതുശതമാനത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാരില്‍ അമ്പതു ശതമാനം പേര്‍ മാത്രം ഇനി ഓഫീസുകളില്‍ ജോലിക്ക് ഹാജരായാല്‍ മതി.
കര്‍ണാടകയിലെ കലബുറഗിയില്‍ 144 പ്രഖ്യാപിച്ചു. ഛത്തീസ്ഗഡിലെ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ റായ്പൂരിലും അടിയന്തരാവസ്ഥയാണ്. ആളുകള്‍ കൂടുന്നത് തടയാനാണ് നടപടിയെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ പറഞ്ഞു.അതേ സമയം കൊവിഡ്-19 രോഗം പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രവും അടച്ചു. പരിസരത്ത് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."