ശബരിമല: പാര്‍ട്ടി നിലപാടല്ല തന്റേതെന്നു വി.ഡി സതീശന്‍
ശബരിമല വിഷയത്തില്‍ തനിക്ക് വ്യത്യസ്ത നിലപാടാണുളളതെന്നും പാര്‍ട്ടി നിലപാടല്ല തന്റേതെന്നും വ്യക്തമാക്കി എഐസിസി സെക്രട്ടറിയും കെപിസിസി ഉപാധ്യക്ഷനും എംഎല്‍എയുമായ വി.ഡി സതീശന്‍. സ്ത്രീ സമത്വമെന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് താനെന്നും ശബരിമല വിഷയത്തിലെ തന്റെ നിലപാട് പാര്‍ട്ടിക്കുളളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഒരു ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സ്ത്രീസമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാന്‍. കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വവും അതാണ്. ഇത്തരം വിഷയങ്ങളുടെയെല്ലാം യഥാര്‍ത്ഥ കാരണം മലയാളി സമൂഹത്തിന്റെ ഇടയിലുളള സ്ത്രീവിരുദ്ധതയെന്നാണ് ഞാന്‍ കരുതുന്നത്. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധ നിലപാട് മാറണമെന്നാണ് എന്റെ അഭിപ്രായം. എന്റേതിന് സമാനമായ അഭിപ്രായമുളള ഒരുപാട് പേര്‍ പാര്‍ട്ടിക്കുളളിലുണ്ട്.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശബരിമല വിഷയം കോടതിയില്‍ വന്നപ്പോള്‍ നിലവിലെ ആചാരങ്ങള്‍ മാറ്റേണ്ട എന്നാണ് സത്യവാങ്മൂലം നല്‍കിയത്. പക്ഷേ ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ പാളിച്ചയുണ്ടായി. വിഷയം വര്‍ഗീയവത്കരിക്കുക എന്ന ബിജെപിയുടെ രഹസ്യഅജണ്ടയ്ക്ക് വെളളവും വളവും പകര്‍ന്നുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിന്റെ നടപടികളുടെ എല്ലാം നേട്ടം കിട്ടിയത് യഥാര്‍ത്ഥത്തില്‍ ബിജെപിക്കാണ്.
ശബരിമല വിഷയം കോണ്‍ഗ്രസ് നേതൃത്വം ഏറെ ചര്‍ച്ച ചെയ്തശേഷമാണ് വിശ്വാസി സമൂഹത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. കോടതി വിധിക്ക് അനുകൂലമായ പ്രതികരണമാണ് ആദ്യം പ്രതിപക്ഷ നേതാവില്‍ നിന്നും കെപിസിസി അധ്യക്ഷനില്‍ നിന്നുമെല്ലാം ഉണ്ടായത്. പാര്‍ട്ടിക്കുളളില്‍ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ വേറൊരു അഭിപ്രായം പറഞ്ഞു. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാന ഘടകത്തിന് പ്രത്യേകമായി തീരുമാനം എടുക്കാന്‍ അനുവാദം നല്‍കുകയാണ് ഉണ്ടായത്.
സ്ത്രീസമത്വം, ലിംഗനീതി തുടങ്ങിയ വിഷയങ്ങളില്‍ പണ്ടുമുതലെ വിട്ടുവീഴ്ചയില്ലാത്ത പുരോഗമനപരമായ നിലപാട് സ്വീകരിച്ചിട്ടുളള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ കേരളത്തില്‍ സ്ത്രീ സമത്വത്തിന്റെ പേരിലല്ലാ ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്. വിഷയം വര്‍ഗീയവത്കരിക്കാന്‍ ബിജെപിക്ക് അവസരമുണ്ടാക്കി കൊടുക്കരുതെന്ന സദുദ്ദേശ്യം കൂടി എന്റെ സഹപ്രവര്‍ത്തകര്‍ക്കുണ്ട്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് എടുക്കുമ്പോഴും അവരെ കുറ്റപ്പെടുത്താത്തതെന്നും സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."