കൊവിഡ് 19: സഊദിയിൽ രണ്ടു പേർ ഗുരുതരാവസ്ഥയിൽ, എട്ടു പേർക്ക് സുഖപ്പെട്ടു, 230 പേർ ചികിത്സ തുടരുന്നു: സഊദി ആരോഗ്യ മന്ത്രാലയം
റിയാദ്: സഊദിയിൽ എട്ട് പേർക്ക് കൊവിഡ് 19 വൈറസ് ബാധ സുഖപ്പെട്ടുവെന്നും 230 പേർ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ചികിത്സ തുടരുകയാണെന്നും സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് 19 വൈറസ് ബാധയെ കുറിച്ച് വൈകീട്ട് നടന്ന പ്രതിദിന വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദിൽ അആലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു പേരുടെ നില അതീവ ഗുരുതരമായതിനാൽ ഐസിയുവിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറസ് ബാധിച്ച ആകെയുള്ള 238 പേരിൽ ആറ് പേർ കുട്ടികളാണ്. ബാക്കിയുള്ളവർ 45 വയസിനു മുകളിൽ പ്രായമുള്ളവരുമാണ്. ഇവരിൽ 151 പേർ സ്വദേശികളും 87 വിദേശികളുമാണ്. 123 പേർ സ്ത്രീകളുമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. വൈറസ് ബാധിതരിൽ 180 പേർ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. ബാക്കി 54 പേർക്ക് രോഗ ബാധിതരുമായി ഇടപെടൽ നടത്തിയത് മൂലം പകർന്നതാണ്.
രാജ്യത്ത് ക്വാറൻറൈൻ, ഐസൊലേഷനിൽ ഏകദേശം 9,500 പേർ കഴിയുന്നുണ്ട്. അതേസമയം ലബോറട്ടറി പരിശോധനകൾ 14,000 കവിഞ്ഞു. കൊറോണ വൈറസ് സംബന്ധിച്ച് 937 എന്ന ഹെൽത്ത് കോൺടാക്റ്റ് സെന്റർ വഴി ലഭിച്ച അന്വേഷണങ്ങളുടെയും പരിശോധനകളും 240,000 കവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 രോഗവും കൊറോണ വൈറസും പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രി ഡോ: തൗഫിഖ് അൽ റബിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രാദേശിക തലത്തിലും ആഗോളതലത്തിലും കൊവിഡ് 19 വൈറസിനെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകളും സംഭവവികാസങ്ങളും അവലോകനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."