വിരട്ടല്‍ വേണ്ട; പാര്‍ട്ടി പ്രഖ്യാപിച്ചിട്ട് രാഷ്ട്രീയം പറയൂവെന്ന് എന്‍.എസ്.എസിനോട് കോടിയേരി
കോഴിക്കോട്: എന്‍.എസ്.എസിന്റെ വിരട്ടല്‍ സി.പി.എമ്മിനോട് വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിഴല്‍ യുദ്ധം വേണ്ട. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ സുകുമാരന്‍ നായര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കട്ടെ.
രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കലാണ് എന്‍.എസ്.എസിന് നല്ലത്. അല്ലെങ്കില്‍ അവര്‍ രാഷ്ട്രീയ നിലപാട് തുറന്നുപറയണം. യു.ഡി.എഫിനൊപ്പമാണോ അതോ ബി.ജെ.പിക്കൊപ്പമാണോയെന്നാണ് വ്യക്തമാക്കേണ്ടത്. അല്ലാതെ നിഴല്‍ യുദ്ധം വേണ്ടെന്നാണ് സുകുമാരന്‍ നായരോട് പറയാനുള്ളത്.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി. എന്‍.എസ്.എസ് നേരത്തെയും സി.പി.എം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ രാഷ്ട്രീയ നിലപാട് എടുത്തുവരട്ടെ.
എന്‍.എസ്.എസ് അണികളെ മുന്‍നിത്തി എന്‍.എസ്.എസ് നേതൃത്വത്തെ നേരിടാന്‍ സി.പി.എമ്മിന് കഴിയുമെന്നും കോടിയേരി പറഞ്ഞു.
എന്‍.എസ്.എസ് സമുദായ അംഗങ്ങളുടെ പുരോഗതിക്കു വേണ്ടിയുള്ള പദ്ധതികളാണ് നടപ്പിലാക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ നിലപാട് എടുക്കാന്‍ പാടില്ല. അത് അവരുടെ അണികള്‍ തന്നെ എതിര്‍ക്കുന്നുണ്ട്.
എന്‍.എസ്.എസിന് വേണമെങ്കില്‍ രാഷ്ട്രീയ നിലപാട് എടുക്കാം. മുന്‍പും എസ്.എസ്.എസ് അത് ചെയ്തിട്ടുണ്ട്. 1982ല്‍ എന്‍.ഡി.പി രൂപീകരിച്ചു. കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി കാട്ടിയ പാര്‍ട്ടിയായിരുന്നു അത്.
അവരെകൂടാതെ ധീവരസഭയുടെ ഡി.എല്‍.പി എന്ന പാര്‍ട്ടിയും എസ്.എന്‍.ഡി.പിയുടെ എസ്.ആര്‍.പി എന്ന പാര്‍ട്ടിയും എല്ലാം ചേര്‍ന്ന മുന്നണിയായിരുന്നു യു.ഡി.എഫ്. ആ മുന്നണിയെ പരാജയപ്പെടുത്തിയാണ് 1987ല്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നത്. ഇത്തരം ഇടപെടലുകള്‍ എന്‍.എസ്.എസ് മുന്‍പും സ്വീകരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ വീണ്ടും തുനിയുകയാണെങ്കില്‍ അതെല്ലാം നേരിടാന്‍ സി.പി.എമ്മിന് കഴിയുമെന്നും കോടിയേരി പറഞ്ഞു.
പശ്ചിമബംഗാളില്‍ മമതയും ബി.ജെ.പിയും ഒത്തുകളിക്കുകയാണ്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മമതാ ബാനര്‍ജിയെ സംരക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."