ഐസൊലേഷനില്‍ കഴിയുന്ന യുവാവിനെതിരേ കൊവിഡെന്ന് വ്യാജപ്രചാരണം: ഇവര്‍ക്കെന്തു മനസ്സുഖമാണ് ലഭിക്കുന്നതെന്ന് വേദനയോടെ ചോദിച്ച് യുവാവിന്റെ ഫേസ് ബുക്ക് കുറിപ്പ്
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സ്വയം ഐസൊലേഷന്‍ തിരഞ്ഞെടുത്ത യുവാവിനെതിരേ വ്യാജപ്രചാരണം അഴിച്ചുവിടുന്നതായി പരാതി. ഐസൊലേഷനില്‍ കഴിയുന്ന തനിക്കു കൊവിഡ് സ്ഥിരീകരിച്ചതായുള്ള പ്രചാരണത്തിനെതിരെയാണ് ആറ്റിങ്ങല്‍ സ്വദേശി രംഗത്തെത്തിയിരിക്കുന്നത്. പല വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും തന്റെ ഫേസ്ബുക് ചിത്രമുപയോഗിച്ച് വ്യാജപ്രചാരണം നടത്തുന്നവര്‍ക്ക് എന്ത് മനസ്സുഖമാണ് കിട്ടുന്നതെന്നും യുവാവ് ഫേസ്ബുക് കുറിപ്പില്‍ ചോദിച്ചു.
കഴിഞ്ഞ 18ന് പുലര്‍ച്ചെ നാലിനാണ് ആറ്റിങ്ങല്‍ സ്വദേശിയായ വൈശാഖ് സി.വി എന്ന യുവാവ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്. വിമാനത്താവളത്തിലെ മെഡിക്കല്‍ ടീമിനെ കണ്ട് പരിശോധനകള്‍ നടത്തി രോഗലക്ഷണകള്‍ ഇല്ലെന്ന് യുവാവ് സ്ഥിരീകരിച്ചിരുന്നു. എങ്കിലും 14 ദിവസം വീട്ടില്‍ തന്നെ ഒരു റൂമില്‍ മറ്റുള്ളവരില്‍ നിന്ന് വിട്ട് സുരക്ഷിതമായി നില്‍ക്കാനാണ് ടീം നിര്‍ദേശം നല്‍കിയത്.
യൂറോപ്പില്‍ നിന്ന് മൂന്ന് രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ വഴി ഒരുപാട് നേരം യാത്രചെയ്താണ് താന്‍ എത്തിയതെന്നും മാനസികമായി വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും യുവാവ് അറിയിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി ആംബുലന്‍സിലായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചുവെന്ന രീതിയിലായി പ്രചാരണം.
വീട്ടില്‍ നാലു മാസം പ്രായമുള്ള മോളുള്ള തനിക്ക് ചിലപ്പോള്‍ കുഞ്ഞിനെ കൊഞ്ചിക്കാനോ എടുക്കാനോ തോന്നുമെന്ന ഭയവും നിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരാന്‍ സാധിക്കുമോയെന്ന ആശങ്കയുമാണ് ഐസൊലോഷന്‍ വാര്‍ഡ് എന്ന ചിന്തയിലേക്ക് എത്തിച്ചതെന്ന് യുവാവ് പറയുന്നു.
പരിശോധനകള്‍ക്കായി തൊണ്ടയില്‍ നിന്നുള്ള സ്രവ-രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസം കഴിയുമ്പോള്‍ ഇതിന്റെ ഫലം ലഭിക്കും. എന്തായാലും ഇത്ര നാളും ക്ഷമിച്ചു. ഇനി 14 ദിവസം കഴിഞ്ഞു മോളെ കാണാമെന്നും തന്റെ അശ്രദ്ധ കാരണം ആര്‍ക്കും ഒന്നും വരരുതെന്നതിനാലാണ് സ്വയം മുന്‍കരുതല്‍ എടുത്തതെന്നും ഇയാള്‍ പറയുന്നു.
ആറ്റിങ്ങല്‍, ചിറയിന്‍കീഴ് ഭാഗത്തുള്ള ചില വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് തന്റെ ഫോട്ടോയും വിവരങ്ങളും വച്ചുള്ള മെസേജ് പ്രചരിക്കുന്നത്. സംഭവത്തില്‍ വീട്ടുകാര്‍ ആറ്റിങ്ങല്‍ പൊലിസില്‍ പരാതി നല്‍കുമെന്നും യുവാവ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."