ബി.ജെ.പിയുമായി സഖ്യചര്‍ച്ച തുടങ്ങിയതായി അണ്ണാ ഡി.എം.കെ
ചെന്നൈ: ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സഖ്യചര്‍ച്ച തുടങ്ങിയിട്ടുണ്ടെന്ന് അണ്ണാ ഡി.എം.കെ കോ-ഓര്‍ഡിനേറ്ററും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വം സ്ഥിരീകരിച്ചു.
നേരത്തെ തന്നെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ, ബി.ജെ.പിയും മറ്റുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ടെന്ന് രഹസ്യ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ പനീര്‍ശെല്‍വം തന്നെയാണ് ചര്‍ച്ച സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. സമാന മനസ്‌കരായ പ്രാദേശിക പാര്‍ട്ടികളും അവയ്ക്കുപുറമെ ചില ദേശീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ചര്‍ച്ച പൂര്‍ണമായിട്ടില്ലെന്നും സഖ്യം സംബന്ധിച്ചുള്ള കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോയികൊണ്ടിരിക്കുകയാണെന്നും പനീര്‍ശെല്‍വം പറഞ്ഞു.
അതേസമയം ബി.ജെ.പിയുമായി സഖ്യം സ്ഥാപിക്കുന്നതിനെതിരേ പാര്‍ട്ടിയില്‍ കടുത്ത എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ പരസ്യമായിതന്നെ ബി.ജെ.പിയുമായുള്ള സഖ്യത്തിനോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയാണെന്ന അദ്ദേഹത്തിന്റെ ആരോപണത്തെ മുതിര്‍ന്ന അണ്ണാ ഡി.എം.കെ നേതാക്കളില്‍ പലരും സ്വാഗതം ചെയ്തിരുന്നു.
അതിനിടയില്‍ ഇന്നലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ള നേതാക്കള്‍ക്കായി പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോറത്തിന്റെ വിതരണം ഇന്നലെ തുടങ്ങി. തമിഴ്‌നാടിന് പുറമെ പുതുച്ചേരിയിലും മത്സരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായാണ് അപേക്ഷാ ഫോറം പുറത്തിറക്കിയത്. തമിഴ്‌നാട്ടില്‍ 39 സീറ്റുകളും പുതുച്ചേരിയില്‍ ഒരു സീറ്റുമാണ് ഉള്ളത്.
മത്സരിക്കാന്‍ അപേക്ഷിക്കുന്നവര്‍ ഫീസായി 25,000 രൂപ പാര്‍ട്ടിക്ക് നല്‍കുകയും വേണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യപ്രതിപക്ഷമായ ഡി.എം.കെ ആകട്ടെ കോണ്‍ഗ്രസുമായും ഇടത് പാര്‍ട്ടികളുമായും സഖ്യത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."