അടുത്ത ഘട്ടം നിര്‍ണായകം, നാം അതിജീവിക്കണം
നിപായും രണ്ടു തവണ പ്രളയവും വന്നു നമ്മെ പരീക്ഷിച്ചപ്പോള്‍, നാം ആ രണ്ടു ദുര്‍ഘട ഘട്ടങ്ങളെയും വിജയപൂര്‍വം തരണം ചെയ്തു. അതിന്റെ ഒരാത്മവിശ്വാസത്തില്‍ ഇപ്പോഴത്തെ കൊവിഡ്-19നെയും നാം അതിജീവിക്കുമെന്ന് ഉറപ്പുണ്ട്. പക്ഷേ, നിപായും പ്രളയവും കേരളത്തില്‍ ചില പ്രദേശങ്ങളില്‍ മാത്രമാണ് ബാധിച്ചത്. അതിനെ പ്രതിരോധിക്കുവാന്‍ നാം ഒറ്റക്കെട്ടായി കൈകോര്‍ക്കുകയായിരുന്നു. കൊവിഡ്-19 അങ്ങനെയല്ലല്ലോ. ലോകത്തെയാകമാനം വിഴുങ്ങാനെന്നവണ്ണമാണ് ചൈനയില്‍ നിന്ന് ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. മറ്റു രണ്ടു ദുരന്തങ്ങളെയും അതിജീവിച്ചതിനപ്പുറമുള്ള കരുതലും ജാഗ്രതയുമാണ് കൊവിഡ്-19നെ തരണം ചെയ്യാന്‍ വേണ്ടി വരുന്നത്.
അതുകൊണ്ടാണ് സംസ്ഥാന ഭരണകൂടം ജാഗ്രതയുടെ കാര്യത്തില്‍ നമ്മെ അടിക്കടി ഉണര്‍ത്തിക്കൊണ്ടിരിക്കുന്നത്. അത്രമേല്‍ ഗൗരവതരമാണ് ഇപ്പോഴത്തെ അവസ്ഥ. ഇതുവരെ നിയന്ത്രണവിധേയമായിരുന്നുവെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നു പറയാനാവില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. കാരണം മുപ്പതിനായിരത്തില്‍ കൂടുതല്‍ പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനാ റിപ്പോര്‍ട്ടുകളെ ആശ്രയിച്ചിരിക്കും ഇനിയുള്ള കാര്യങ്ങള്‍.
നിരീക്ഷണത്തിലുള്ളവരെല്ലാം നെഗറ്റീവ് ഫലമാണു തരുന്നതെങ്കില്‍ അത് നമ്മെ സംബന്ധിച്ചിടത്തോളം വലിയൊരാശ്വാസമാണ്. പോസിറ്റീവ് ഫലമാണ് പലരില്‍ നിന്നും കിട്ടുന്നതെങ്കില്‍ അതിന്റെ അനന്തര ഫലം ആശങ്കയോടെ മാത്രമേ കാണാനാകൂ. പോസിറ്റീവ് ഫലം നല്‍കുന്നവര്‍ ആരെയെല്ലാം ബന്ധപ്പെട്ടു, എവിടെയെല്ലാം പോയി എന്നത് സംബന്ധിച്ച റൂട്ട് മാപ്പുണ്ടാക്കുക ദുഷ്‌കരമായിരിക്കും. ഇത്തരമൊരു ഘട്ടത്തില്‍ രോഗം ഗ്രാമങ്ങളിലേക്കും പടരാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വരാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതോടൊപ്പം തന്നെ ഇത്തരം സംഭവമുണ്ടായാല്‍ അതിനെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഗ്രാമങ്ങളില്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ബദ്ധശ്രദ്ധരാകണം. ചികിത്സാ സൗകര്യങ്ങള്‍ എഴുപത് ശതമാനവും നഗരങ്ങളിലാണ്. ഗ്രാമങ്ങളിലെ സ്‌കൂളുകളും ഓഡിറ്റോറിയങ്ങളും സ്വകാര്യആശുപത്രികളും ഒഴിഞ്ഞുകിടക്കുന്ന വലിയ കെട്ടിടങ്ങളും രോഗ ചികിത്സക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സജ്ജമാക്കേണ്ടിവരും. എങ്കില്‍പ്പോലും ഇവിടേക്കാവശ്യമായ വെന്റിലേറ്റര്‍ സൗകര്യമടക്കം ഒരുക്കിയെടുക്കുക പ്രയാസമായിരിക്കും. ഇക്കാര്യത്തില്‍ നമ്മള്‍ വിജയിച്ചാല്‍ മാത്രമേ കൊവിഡ്-19 ഭീഷണിയേയും നമുക്ക് അതിജീവിക്കാന്‍ കഴിയൂ.
അതിനാല്‍ കാലേക്കൂട്ടി ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനു കഴിയണം. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരിലൂടെയാണ് ഇന്ത്യയില്‍ കൊവിഡ്-19 പടര്‍ന്നത്. പ്രത്യേകിച്ച് കേരളത്തില്‍. ചൈനയില്‍ രോഗം തുടങ്ങിയപ്പോള്‍ തന്നെ വിമാനത്താവളങ്ങളില്‍ യാത്രക്കാരെ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കിയിരുന്നുവെങ്കില്‍ പല രോഗവാഹകരെയും തടഞ്ഞു നിര്‍ത്താമായിരുന്നു. അത്തരമൊരു അലംഭാവത്തിന്റെ അനന്തര ഫലമാണിപ്പോള്‍ നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പേടി കൂടാതെ കൊവിഡ്-19നെ അതിജീവിക്കണമെങ്കില്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ചികിത്സാ സൗകര്യവും അതിനനുസൃതമായി വെന്റിലേറ്റര്‍ സൗകര്യവും ഐ.സി.യുവും ഒരുക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ രോഗികള്‍ വര്‍ധിക്കുകയാണെങ്കില്‍ ഓരോ രോഗിക്കും വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യു ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ നമുക്ക് കഴിയില്ല. 2018ലെ കണക്കനുസരിച്ചു കേരളത്തിലെ എട്ടു മെഡിക്കല്‍ കോളജുകളില്‍ മാത്രമായി 411 വെന്റിലേറ്ററുകള്‍ മാത്രമാണുള്ളത്. ഇതില്‍ പലതും പ്രവര്‍ത്തന രഹിതവുമാണ്.
അസാധാരണമായ ഈ സാഹചര്യത്തെ ഭീതിയില്ലാതെ നേരിടുക എന്നത് തന്നെയാണ് പ്രധാനം. അതിനു വേണ്ടിയുള്ള മുന്‍കരുതല്‍ എടുക്കുക എന്നത് അനിവാര്യവുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ സത്വരശ്രദ്ധ നല്‍കണമെന്ന് ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സംയുക്തമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. താഴേ തട്ടിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ സൗകര്യവും ഒരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം.
വ്യക്തികളുമായി ഇടപഴകുമ്പോള്‍ അകലം പാലിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അതിനു വിപരീതമായ നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് തന്നെ ഉണ്ടാകുന്നത് ശരിയല്ല. പ്രാര്‍ഥനാലയങ്ങളും സ്‌കൂളുകളും അടച്ചിട്ട ഒരവസ്ഥയില്‍ ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കുന്നത് അനുചിതമാണ്. അതേപോലെ തന്നെ കഴിഞ്ഞ ദിവസം ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന കള്ളുഷാപ്പു ലേലവും മാറ്റിവയ്‌ക്കേണ്ടതായിരുന്നു.
അടുത്ത ഘട്ടത്തില്‍ രോഗത്തിന്റെ സാമൂഹ്യ വ്യാപനത്തെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്. അങ്ങനെ വരാതിരിക്കണമെങ്കില്‍ ജാഗ്രതയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഓരോരുത്തരും സ്വയം സജ്ജമാവുകയാണു വേണ്ടത്. ലോകത്തൊട്ടാകെ ഒന്‍പതിനായിരത്തിലധികം പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നെടുത്തിരിക്കുന്നത്. അത്തരമൊരു മഹാമാരിയെ തടഞ്ഞുനിര്‍ത്താന്‍ നമുക്ക് കഴിയും. അതിനു വേണ്ടത് നിതാന്ത ജാഗ്രത പുലര്‍ത്തുന്നതോടൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നത് തന്നെയാണ്. അതിലൂടെ ഈ ആഗോള വിപത്തിനെയും നാം അതിജീവിക്കുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."