ചിത്രം തെളിയുംമുമ്പ് എറണാകുളത്ത് ദേശീയ നേതാക്കള്‍ കളത്തില്‍
#ജലീല്‍ അരൂക്കുറ്റി
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പു തന്നെ ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച മണ്ഡലമാണ് എറണാകുളം. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നണികള്‍ നേരത്തെ തന്നെ മുന്നോട്ടു നീങ്ങിക്കഴിഞ്ഞു.
സിറ്റിങ് എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.വി തോമസ് ഇക്കുറിയും സ്ഥാനര്‍ഥിത്വം ഉറപ്പിച്ച നിലയില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. അഞ്ചുതവണ ഇവിടെ നിന്ന് ലോക്‌സഭയിലെത്തിയ തോമസ് മാഷ് വീണ്ടും മത്സരിക്കുന്നതിനെതിരേ കോണ്‍ഗ്രസിനകത്ത് മുറുമുറുപ്പ് ഉയരുന്നുണ്ടെങ്കിലും തോമസിന്റെ വിജയസാധ്യതയും ദേശീയതലത്തിലെ ബന്ധവും സഭയുടെ പിന്തുണയും മുറുമുറുപ്പുകള്‍ ഇല്ലാതാക്കുമെന്നു തന്നെയാണ് കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് ജില്ലാതലത്തില്‍ നേതാക്കളുടെ മനസറിയാന്‍ എത്തിയപ്പോള്‍ എറണാകുളത്ത് പുതുമുഖത്തിന് അവസരം നല്‍കണമെന്ന ആവശ്യം ചിലര്‍ ഉയര്‍ത്തിയെങ്കിലും ഗ്രൂപ്പിനതീതമായി നിലയുറപ്പിച്ചിരിക്കുന്ന തോമസിന് അനുകൂലമായി തന്നെയാണ് കാര്യങ്ങള്‍ പോകുന്നത്.
യുവാക്കള്‍ക്ക് പ്രാതിനിധ്യം എന്ന ആവശ്യം ഹൈക്കമാന്റ് അംഗീകരിക്കുകയും എം.എല്‍.എമാര്‍ക്ക് മത്സരിക്കാന്‍ അനുവാദം നല്‍കുകയും ചെയ്താല്‍ എറണാകുളം എം.എല്‍.എയും മുന്‍ എന്‍.എസ്.യു ദേശീയ പ്രസിഡന്റുമായ ഹൈബി ഈഡന്റെ പേരാണ് തോമസിനെതിരായി നീക്കം നടത്തുന്നവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. വനിതകളുടെ പ്രാതിനിധ്യത്തിനായി പരിഗണിക്കുകയാണെങ്കില്‍ സീറ്റില്‍ കണ്ണും നട്ട് ജില്ലയിലെ ചില വനിതാ നേതാക്കളും അണിയറ നീക്കം നടത്തുന്നുണ്ട്. എന്നാല്‍ എല്ലാ നീക്കങ്ങളെയും അതീജീവിച്ച് പതിവുപോലെ തോമസ് തന്നെ സ്ഥാര്‍ഥിയാവുമെന്നു തന്നെയാണ് സൂചന.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ എറണാകുളത്തെ പരിപാടിക്ക് സ്വാഗതം പറയാന്‍ തോമസിനെയാണ് ചുമതലപ്പെടുത്തിയത്്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നന്നതിനും ബൂത്തു തല പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ തന്നെ തോമസ് തുടക്കം കുറിച്ചിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള സംസ്ഥാനത്തെ ബൂത്ത് പ്രസിഡന്റുമാരുടെയും ബൂത്ത് വനിതാ വൈസ് പ്രസിഡന്റുമാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയതോടെ യു.ഡി.എഫ് ക്യാംപ് ആവേശത്തിലായിക്കഴിഞ്ഞു.
ലോക്‌സഭയിലും നിയമസഭയിലുമായി തുടര്‍ച്ചയായി എറണാകുളത്തെ പ്രതിനീധികരിച്ചതുവഴി വലുതും ചെറുതുമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ കഴിഞ്ഞത് ഉയര്‍ത്തിക്കാണിച്ചാണ് ഇത്തവണയും തോമസ് പ്രചാരണത്തിനിറങ്ങുന്നത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, മെട്രോ റെയില്‍, കണ്ടെയ്‌നര്‍ റോഡ് തുടങ്ങിയ വന്‍കിട വികസനപദ്ധതികള്‍ക്ക് പുറമെ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള വിദ്യാധനം സ്‌കോളര്‍ഷിപ്പ്, സ്‌കൂള്‍ ഭക്ഷണവിതരണപദ്ധതി എന്നിവയെല്ലാം തനിക്കും യു.ഡി.എഫിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. രണ്ടാം യു.പി.എ മന്ത്രിസഭയില്‍ സഹമന്ത്രിയായിരിക്കെ ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവന്നതും പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ മൂന്നു വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു മുന്നില്‍ തോമസിനു പ്ലസ് പോയിന്റാണ്.
എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന കാര്യത്തില്‍ ഇടതുമുന്നണി നേതാക്കള്‍ക്ക് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ക്രിസ്റ്റി തോമസ് എന്ന ഇറക്കുമതി സ്ഥാനാര്‍ഥിയെ സ്വതന്ത്രനായി കൊണ്ടുവന്നത് സി.പി.എമ്മിലും മുന്നണിയിലും അതൃപ്തി സൃഷ്ടിച്ചിരുന്നു.
സിന്ധു ജോയിയെ മത്സരിപ്പിച്ച 2009ല്‍ തോമസ് 11,790 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചതെങ്കില്‍ 2014ല്‍ അത് 87,047 ആയി വര്‍ധിച്ചു. ഇടതുമുന്നണിയുടെ വോട്ടിങ് ശതമാനം 44.44 ശതമാനത്തില്‍ നിന്ന് 31.36 ആയി താഴുകയും ചെയ്തു. അതുകൊണ്ട് ഇത്തവണ കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ വേണമെന്ന ആവശ്യമാണ് താഴേത്തട്ടില്‍ നിന്ന് ഉയരുന്നത്.
മുന്‍ രാജ്യസഭാംഗം പി.രാജീവിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും രാജീവിനു ചാലക്കുടിയില്‍ മത്സരിക്കാനാണ് താല്‍പര്യം. അങ്ങനെ വന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ തന്നെ ഇത്തവണയും കണ്ടെത്തേണ്ടിവരും. ഇടതു സ്വതന്ത്രനായി വിജയം നേടിയ സെബാസ്റ്റ്യന്‍പോളിന്റെ കാര്യത്തില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുള്ളതിനാല്‍ സിനിമാ രംഗത്ത് നിന്ന് ആരെയെങ്കിലും ഗോദയിലിറക്കാന്‍ ആലോചനയുമുണ്ട്.
സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുമുന്നണി തുടക്കം കുറിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തന്നെ പങ്കെടുത്ത നേതൃത്വ ശില്‍പശാല സി.പി.എമ്മിന്റെ താഴേത്തട്ടിലുള്ള സംഘടനാ സംവിധാനം ഊര്‍ജിതമാക്കുന്നതായിരുന്നു. സി.പി.ഐയും നേതൃതലത്തിലുള്ളവര്‍ക്ക് പാര്‍ട്ടി ക്ലാസ് നല്‍കി തെരഞ്ഞെടുപ്പിന് സജ്ജമായിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ നിരത്തിത്തന്നെയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കാംപയിന് തുടക്കമിടുന്നത്.
എറണാകുളത്ത് മത്സരിച്ചിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ഇത്തവണ തൃശൂരിലേക്ക് കളംമാറാന്‍ നീക്കം നടത്തുന്നതിനാല്‍ ബി.ജെ.പി പുതിയ മുഖത്തെ പരീക്ഷിക്കാനാണ് സാധ്യത. രാധാകൃഷ്ണന്‍ അല്ലെങ്കില്‍ ശബരിമല വിഷയത്തില്‍ സംഘ് പരിവാര്‍ സംഘടകള്‍ക്കൊപ്പം അണിനിരന്ന മുന്‍ പി.എസ്.സി ചെയര്‍മാന്‍ കൂടിയായ എഴുത്തുകാരന്‍ ഡോ.കെ.എസ് രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കാമെന്നും അതുവഴി ശബരിമല വിഷയം സജീവമാക്കാമെന്നും ആലോചനയുണ്ട്.
2009ല്‍ 7.11 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞ ബി.ജെ.പി അത് രാധാകൃഷ്ണനിലൂടെ 11.64 ശതമാനമായി 2014 ല്‍ വര്‍ധിപ്പിച്ചിരുന്നു. ഇത്തവണ ബി.ഡി.ജെ.എസിന് എറണാകുളം സീറ്റ് വിട്ടുനല്‍കുന്ന കാര്യവും ബി.ജെ.പി നേതൃത്വം പരിഗണിക്കുന്നതായാണ് സൂചന. ബി.ഡി.ജെ.എസിന്റെ പിന്തുണയോടെ വോട്ട് നിലയില്‍ നല്ല മാറ്റം സൃഷ്ടിക്കാന്‍ ബി.ജെ.പിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതാണ് സീറ്റ് വിട്ടുകൊടുക്കുന്നതിന് പ്രേരണയാകുന്നത്. സീറ്റ് ലഭിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശ്ശേരിയില്‍ മത്സരിച്ച വി. ഗോപകുമാറിനാണ് ബി.ഡി.ജെ.എസ് സാധ്യത കല്‍പ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."