കരിപ്പൂരിനോട് അവഗണന: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി ഒരു തീരുമാനമുണ്ടാകരുതെന്നും കണ്ണൂരിന്റെ മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടാണ് പിണറായി വിജയന്‍ തീരുമാനമെടുക്കേണ്ടതെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തെക്കുറിച്ച് തെറ്റായ ചിത്രമാണ് പ്രതിപക്ഷം വരച്ചുകാട്ടുന്നതെന്നും വിമാനത്താവളത്തിന്റെ കൂടുതല്‍ വികസനത്തിനുള്ള നടപടികള്‍ തന്നെയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഇന്ധന നികുതി അഞ്ച് ശതമാനമായി കുറച്ചുകൊണ്ട് 2017ല്‍ ഈ മന്ത്രിസഭ കൈക്കൊണ്ട തീരുമാനം നടപ്പിലാക്കണമെന്ന് എം.കെ മുനീര്‍ പറഞ്ഞു. മൂന്ന് സര്‍വിസുകള്‍ ഇപ്പോള്‍തന്നെ റദ്ദാക്കി. ടിക്കറ്റ് ചാര്‍ജില്‍ വന്‍വര്‍ധന ഉണ്ടാകുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തെ ആളുകള്‍ ഒഴിവാക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് മുഖ്യമന്ത്രി അമിത താല്‍പര്യമെടുക്കുന്നു. അതിന്റെ ഒരു ശതമാനമെങ്കിലും താല്‍പര്യം കരിപ്പൂരിനോട് കാണിക്കണം. എല്ലാ സര്‍വിസുകളും നിര്‍ത്തലാക്കി ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമുള്ള വിമാനത്താവളമായി കരിപ്പൂര്‍ മാറുമോയെന്നു ഭയപ്പെടുന്നതായി മുനീര്‍ പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ പിന്തുണയും സഹകരണവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ലഭിക്കുന്നില്ലെന്നു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മംഗലാപുരം വിമാനത്താവളത്തിലെ അപകടത്തിനുശേഷം ടേബിള്‍ ടോപ്പ് വിമാനത്താവളമായ കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് അന്താരാഷ്ട്ര വിമാന സര്‍വിസുകളുടെ എണ്ണം സുരക്ഷാ കാരണങ്ങളാല്‍ കുറവ് വരുത്തിയിരുന്നു. 137 ഏക്കര്‍ ഭൂമിയാണ് വിമാനത്താവള വികസനത്തിനായി അധികമായി വേണ്ടിവരുന്നത്. കാര്‍ പാര്‍ക്കിങിന് 15.25 ഏക്കറും ആവശ്യമുണ്ട്. ഇടത് സര്‍ക്കാര്‍ വന്നതിനു ശേഷം സ്ഥലം ഏറ്റെടുക്കല്‍ ആരംഭിക്കുകയും ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലുമാണ്. സ്ഥലം ഏറ്റെടുക്കാന്‍ ഒപ്പം നില്‍ക്കാതെ പൂര്‍ണമായി മാറിനിന്നതിനു ശേഷമാണ് ബഹളം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി.
ഈ വര്‍ഷം മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി പുനഃസ്ഥാപിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഉത്തരവായിട്ടുണ്ട്. എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ എന്നീ വിമാന കമ്പനികള്‍ക്ക് വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള വിമാന സര്‍വിസ് നടത്തുന്നതിനാവശ്യമായ അനുമതി കേന്ദ്ര വ്യോമയാന വകുപ്പ് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര അറൈവല്‍ ബ്ലോക്ക് കമ്മിഷന്‍ ചെയ്തിട്ടുണ്ട്. ഒരേസമയം 5,000 പേരെ ഉള്‍ക്കൊള്ളുന്നതിന് സാധിക്കും. 2015-16 ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 10.76 ശതമാനം കുറവാണുണ്ടായിരുന്നത്. 2016-17 ല്‍ യാത്രക്കാരുടെ എണ്ണം 15 ശതമാനമായി വര്‍ധിച്ചു. 2017-18 ല്‍ ഇത് 18.01 ശതമാനമായി. യാത്രക്കാരുടെ എണ്ണം 2017-18 ല്‍ 32 ലക്ഷമായിരുന്നത് 2018-19 ല്‍ 34 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വിമാനത്താവളമായതിനാല്‍ കണ്ണൂരിന്റെ കാര്യത്തില്‍ അമിത താല്‍പര്യമെടുത്തിട്ടുണ്ട്. ശബരിമലയില്‍ വിമാനത്താവളത്തിനായി ശ്രമം നടത്തുകയുമാണ്. എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികളൊന്നുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."