ഓര്‍മിക്കേണ്ടതാണ് ഇത്തരം ജീവിതങ്ങള്‍
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ചുവപ്പും മഞ്ഞയും കാര്‍ഡുകള്‍ പോക്കറ്റിലിട്ടു നടക്കുന്നതിനെ വിമര്‍ശിച്ച് ഒരു 'ലോക്കല്‍' നേതാവ് നടത്തിയ പ്രസ്താവന പത്രത്തില്‍ വായിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് എയര്‍പോര്‍ട്ടിലെ സുഹൃത്തായ ജിജോ വെള്ളിക്കുളങ്ങര ഫോണില്‍ വിളിച്ചത്. 'കഴിഞ്ഞദിവസം മരിച്ച ഡോ. പി.വി ഗുഹരാജിനെക്കുറിച്ച് താങ്കളുടെ കോളത്തില്‍ എഴുതുന്നതു നന്നായിരിക്കും. അഴിമതിക്കാരും ക്രിമിനലുകളുമായ അധികാരിവര്‍ഗത്തിനുമുന്നില്‍ മുട്ടുമടക്കാത്ത കുറച്ചുപേരെങ്കിലും ഇവിടെ ജീവിച്ചിരുന്നെന്നു ലോകം അറിയേണ്ടതല്ലേ'
ജിജോയുടെ നിര്‍ദേശം പാലിക്കേണ്ടതാണെന്നു മനസുപറഞ്ഞു. അഴിമതിയുടെ നേരേ കണ്ണടയ്ക്കുന്നതാണു നല്ലതെന്ന കീഴ്‌വഴക്കം ശിരസ്സാവഹിക്കാതിരുന്ന എ.ഡി.ജി.പി ജേക്കബ് തോമസിനു നേരിട്ട അവഹേളനവും പീഡനവും നമുക്കറിയാം. അഴിമതിക്കാരെ വെറുതെവിടില്ലെന്ന നിലപാടെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ രക്തത്തിനായി മുറവിളികൂട്ടുന്നവരെയും നാം കണ്ടതാണ്. എന്നാല്‍, ഭാവിതലമുറ ജേക്കബ് തോമസിനെപ്പോലുള്ളവരെ ഓര്‍ക്കണമെന്നില്ല. അതിന് എടുത്തുപറയാവുന്ന ഏറ്റവും മികച്ച ഉദാഹരണമാണ് കഴിഞ്ഞദിവസം ഈ ലോകത്തോടു വിടപറഞ്ഞ ഡോ. പി.വി ഗുഹരാജ്.
ഡോ. ഗുഹരാജിന്റെ നിര്യാണമറിയിച്ച മാധ്യമവാര്‍ത്തകളില്‍ മിക്കതിലും കേരളത്തിലെ ആദ്യത്തെ ഫോറന്‍സിക് സര്‍ജന്‍ എന്ന വിശേഷണം മാത്രമാണുണ്ടായിരുന്നത്.
രാജന്‍കേസുപോലുള്ള കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതികള്‍ക്കു ശിക്ഷവാങ്ങിക്കൊടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചു ചിലരെങ്കിലും സൂചിപ്പിച്ചു.
എന്നാല്‍, അധികാരിവര്‍ഗത്തിന്റെയും കാക്കിപ്പടയുടെയും ഭീഷണികള്‍ക്കും പ്രതികാരനടപടികള്‍ക്കും മുന്‍പില്‍ നട്ടെല്ലുവളയ്ക്കാതെ തന്റെ കര്‍ത്തവ്യം നിറവേറ്റിയ ഉദ്യോഗസ്ഥനെന്ന നിലയില്‍ സമൂഹത്തില്‍ എത്രപേര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് അറിയാം. മാധ്യമശ്രദ്ധയില്‍പ്പെടാന്‍ ആഗ്രഹിക്കാതെ ജീവിക്കുന്നവരും അങ്ങനെ ജീവിച്ചു കാലയവനികയ്ക്കുള്ളില്‍ മറഞ്ഞവരുമായ അനേകമാളുകളുടെ ജീവിതത്തില്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന തന്റേടത്തിന്റെ കഥകളുണ്ടായിരിക്കുമെന്നതിന് ഉദാഹരണമാണ് ഡോ. ഗുഹരാജ്.
കോഴിക്കോട് മെഡിക്കല്‍കോളജില്‍ ഫോറന്‍സിക് വിഭാഗം തലവനായിരിക്കെയാണ് ഡോ. ഗുഹരാജ് രാജന്‍ കേസില്‍ നിര്‍ണായകസാക്ഷിയാകുന്നത്. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം രാജനെ കണ്ടിട്ടില്ല. രാജനെ ഉരുട്ടിക്കൊന്നശേഷം പഞ്ചസാരയില്‍മൂടി കത്തിച്ചു ചാമ്പലാക്കി ഉരക്കുഴിയിലേയ്ക്കു ചാരമൊഴുക്കിയെന്നായിരുന്ന കേസ്. അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലും കാണില്ലെന്നതു വ്യക്തം.
എന്നിട്ടും, രാജന്‍കേസില്‍ ഡോ. ഗുഹരാജ് മുഖ്യസാക്ഷിയായി. അദ്ദേഹത്തില്‍നിന്നു വിചാരണക്കോടതിക്ക് അറിയേണ്ടിയിരുന്നത് ഒരാളുടെ തുടയില്‍ ഉലയ്ക്കകൊണ്ടു ശക്തിയായി ഉരുട്ടിയാല്‍ മരിക്കുമോ എന്നതായിരുന്നു. അങ്ങനെ ഉരുട്ടിയാല്‍ മരിക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
വിദഗ്ധനെന്ന നിലയില്‍ കോടതി ആദ്യം വിസ്തരിച്ച ഫോറന്‍സിക് സര്‍ജന്‍ നല്‍കിയ മറുപടിയും ഉരുട്ടിയാല്‍ മരിക്കില്ല എന്നായിരുന്നു. ഫോറന്‍സിക് മെഡിസിനില്‍ ബിരുദാനന്തരബിരുദമോ ഡിപ്ലോമയോ ഇല്ലാത്ത ആ ഡോക്ടറുടെ മൊഴി ശാസ്ത്രീയമായ തെളിവാകില്ലെന്നു ബോധ്യമുള്ളതിനാലോ ഉരുട്ടിയാല്‍ മരിക്കില്ലെന്ന ഒരു ഫോറന്‍സിക് സര്‍ജന്റെ മൊഴിക്കു മറ്റൊരു ഫോറന്‍സിക് സര്‍ജന്റെ മൊഴികൂടി ബലംകൂട്ടട്ടെ എന്നു കരുതിയോ രണ്ടാംവിദഗ്ധമൊഴിക്കു ഡോ. ഗുഹരാജിനെയാണു കണ്ടെത്തിയത്.
അക്കാലത്തു രാഷ്ട്രീയത്തില്‍ മുടിചൂടാമന്നനായിരുന്ന കെ. കരുണാകരനും പൊലിസിനെ ഉള്ളംകൈയില്‍വച്ച് അമ്മാനമാടിയിരുന്നവരായ ഡി.ഐ.ജിമാരായ ജയറാംപടിക്കലും വി. മധുസൂദനനും എസ്.പി ലക്ഷ്മണയും പുലിക്കോടനും മുതല്‍ ഒട്ടേറെ കൊലക്കൊമ്പന്മാരും പൊലിസ് മേധാവിയെന്ന നിലയില്‍ ഐ.ജി വി.എന്‍ രാജനും ആരോപണവിധേയരായ കേസാണ്. അവര്‍ക്ക് എതിരാവുന്ന മൊഴിനല്‍കിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും വെറുതെ വയ്യാവേലിക്കൊന്നും പോകേണ്ടെന്നും ഡോ. ഗുഹരാജിനെ പലരും ഉപദേശിച്ചു. എസ്.പി ലക്ഷ്മണ ഒരിക്കല്‍ അദ്ദേഹത്തെ 'സൂചന നല്‍കാനെന്നവണ്ണം' ഓഫിസിലേയ്ക്കു വിളിച്ചുവരുത്തി.
അങ്ങേയറ്റത്തെ മാനസികസംഘര്‍ഷത്തിലാണു ഡോ. ഗുഹരാജ് മൊഴിനല്‍കാനെത്തിയത്.
കോടതിയിലേയ്ക്കു കടക്കുമ്പോള്‍ അന്നത്തെ ഒരു പ്രമുഖനേതാവിന്റെ ഗുണ്ടകള്‍ ചോരക്കണ്ണുകളുരുട്ടി പരിസരത്തുനില്‍പ്പുണ്ടായിരുന്നു. എന്നിട്ടും, സാക്ഷിക്കൂട്ടില്‍ കയറിയ ഡോ. ഗുഹരാജിന്റെയുള്ളില്‍ ധാര്‍മികബോധം ഉണര്‍ന്നു. പൊലിസ് തനിക്കു കാണിച്ചുതന്നപോലുള്ള ഉലയ്ക്കകൊണ്ട് ശക്തിയായി തുടയില്‍ ഉരുട്ടിയാല്‍ ആള്‍ മരിക്കാമെന്നും അതിനു നാലു സാധ്യതകളാണുള്ളതെന്നും അദ്ദേഹം ബോധിപ്പിച്ചു. ഉരുട്ടലിന്റെ വേദനമൂലമുണ്ടാകുന്ന ഹൃദയാഘാതം, ആന്തരികക്ഷതം, അതുമൂലമുണ്ടാകുന്ന വൃക്കയുടെ തകരാറ്, ആന്തരികരക്തസ്രാവം എന്നീ കാരണങ്ങളും ശാസ്ത്രീയമായി കോടതിയെ ബോധ്യപ്പെടുത്തി. പൊലിസ് ഒരു തെളിവുമില്ലാതാക്കിയ രാജന്‍കേസില്‍ കുറച്ചുപേര്‍ക്കെങ്കിലും ശിക്ഷവാങ്ങിക്കൊടുത്തതിനു മുഖ്യകാരണം ആ മൊഴിയായിരുന്നു.
അതിന്റെ പേരില്‍, ഒരു രാത്രിയില്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സ് ഒരുസംഘം കാപാലികര്‍ (അദ്ദേഹം ജീവിതാന്ത്യംവരെ വിശ്വസിച്ചത് അതു പൊലിസുകാര്‍തന്നെയാണെന്നാണ്) എറിഞ്ഞുതകര്‍ത്തു. എസ്.പിക്കും കലക്ടര്‍ക്കും മുഖ്യമന്ത്രിക്കുംവരെ പരാതിനല്‍കിയിട്ടും ആരും അന്വേഷിക്കാനെത്തിയില്ല. മറ്റൊരുദിവസം കുടുംബത്തോടൊപ്പം പുറത്തുപോയി രാത്രി തിരിച്ചുവരുമ്പോള്‍ ക്വാര്‍ട്ടേഴ്‌സിനു അടുത്തുവച്ച് കാര്‍ തടഞ്ഞുനിര്‍ത്തി നാല്‍പ്പതോളം പൊലിസുകാര്‍ വൃത്തികെട്ടഭാഷയില്‍ അദ്ദേഹത്തെ അധിക്ഷേപിച്ചു. ആ സംഭവത്തിലും ഒരു നടപടിയുമുണ്ടായില്ല.
ഇതുപോലെ മറ്റൊരു കേസിലെ അനുഭവവും അദ്ദേഹം പറയാറുണ്ടായിരുന്നു. ഒരിക്കല്‍, ഒരാള്‍ സൂട്ട്‌കേയ്‌സുമായി അദ്ദേഹത്തെ കാണാന്‍ വീട്ടിലെത്തി. പെട്ടിനിറയെ നോട്ടുകെട്ടുകളായിരുന്നു. വന്നയാള്‍ക്ക് 'വളരെചെറിയ' ആവശ്യമേയുണ്ടായിരുന്നുള്ളു. ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുറിവിന്റെ ആഴം അരയിഞ്ചു കുറച്ചെഴുതണം. പ്രതിക്ക് കേസില്‍നിന്ന് എളുപ്പത്തില്‍ രക്ഷപ്പെടാനാണതെന്നു ബോധ്യമായി. ഫോറന്‍സിക് സര്‍ജന്‍ അങ്ങനെ ചെയ്താല്‍ ആര്‍ക്കും തെറ്റെന്നു തെളിയിക്കാനാകില്ല. പക്ഷേ, മരിച്ചവനു നീതികിട്ടണമെന്ന തത്വശാസ്ത്രത്തില്‍ വിശ്വസിച്ച ഡോ. ഗുഹരാജ് അതിനു സമ്മതിച്ചില്ല. അതിനെത്തുടര്‍ന്നുമുണ്ടായി ഭീഷണി.
അത്തരം അനുഭവങ്ങളെക്കുറിച്ച് ഡോ. ഗുഹരാജ് പില്‍ക്കാലത്ത് ഇങ്ങനെയെഴുതി: 'നമ്മള്‍ സത്യസന്ധമായി ജോലിചെയ്താല്‍പ്പോലും ആരോപണങ്ങളും പരാതികളും ഭീഷണികളുമുണ്ടാകും, തീര്‍ച്ച. ജനങ്ങളുടെയും പൊലിസിന്റെയും അധികാരികളുടെയും അതൃപ്തി നേരിടേണ്ടിവരും. ചിലപ്പോള്‍ കടുത്തഭീഷണിയുണ്ടാകും. അതിനെയെല്ലാം അതിജീവിച്ചു സത്യസന്ധമായി ജോലിചെയ്യുകയാണു നമ്മളില്‍ ഏല്‍പ്പിക്കപ്പെട്ട ചുമതല.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."