മുഖം മിനുക്കി മേലേപാളയം റോഡ്; നവീകരണം അവസാന ഘട്ടത്തില്‍
കോഴിക്കോട്: നഗരത്തിന്റെ മുഖച്ഛായക്ക് മോഡി കൂട്ടി മേലേ പാളയം റോഡ് നവീകരണം അവസാന ഘട്ടത്തിലേക്ക്. പൊട്ടിപ്പൊളിഞ്ഞ റോഡിനും ദുര്‍ഗന്ധം വമിക്കുന്ന ഡ്രൈനേജുകള്‍ക്കും സ്ഥാനമില്ലാത്ത തരത്തിലാണ് നവീകരണം പുരോഗമിക്കുന്നത്.
അടുത്ത ആഴ്ചയോടെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. റോഡിലെ ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. നടപ്പാതയുടെ നിര്‍മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കനം കുറഞ്ഞ ടൈലുകളാണ് നടപ്പാതയില്‍ വിരിക്കുന്നത്. പാളയം സബ്‌വേയ്ക്ക് സമീപത്തു നിന്നും തുടങ്ങി പടിഞ്ഞാറു ചെമ്പോട്ടിത്തെരുവിലേക്ക് കടക്കുന്ന ഭാഗം വരെയാണ് ടൈല്‍ വിരിച്ചിരിക്കുന്നത്. 400 മീറ്റര്‍ റോഡ് പൂര്‍ണമായി ടൈല്‍ പാകിയിട്ടുണ്ട്. പാളയം ജങ്ഷനില്‍ നിന്നും റെയില്‍വേയിലേക്കും, വലിയങ്ങാടിയിലേക്കും എളുപ്പത്തില്‍ പ്രവേശിക്കാവുന്ന റോഡാണിത്. സദാസയവും ഗതാഗതക്കുരുക്കിലമര്‍ന്ന ഈ റോഡിന്റെ ശോച്യവസ്ഥ ചൂണ്ടികാട്ടി വ്യാപാരികള്‍ രംഗത്ത് വന്നതോടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മേലേ പാളയം റോഡ് നവീകരിക്കാന്‍ അധികൃതര്‍ നടപടിയെടുത്തത്. മഴക്കാലത്ത് ഡ്രൈനേജ് നിറഞ്ഞൊഴുകി ഇതുവഴിയുള്ള യാത്ര ദുരിതപൂര്‍ണമായിരുന്നു. 100 വര്‍ഷം പഴക്കമുള്ള മേലേ പാളയം റോഡ് മുഖം മിനുക്കുന്നത് ഗതാഗതം സുഗമമാക്കുന്നതോടൊപ്പം കൂടുതല്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. പുതിയ റോഡ് തുറക്കുമ്പോള്‍ പാര്‍ക്കിങ്ങ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് വ്യാപാരികള്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഇതിനായി വണ്‍വേ സംവിധാനം കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."