സിറാജ് മേല്‍പാലം: അലൈന്മെന്റില് മാറ്റം വരുത്തി; നിര്‍മാണം വേഗത്തിലാക്കും
കോഴിക്കോട്: കൊടുവള്ളി ടൗണിലെ സിറാജ് ഫ്ളൈ ഓവര്‍ നിര്‍മാണം വേഗത്തിലാക്കുന്നതിന് കൊടുവള്ളി മഹല്ല് പള്ളിയുടെ ഖബര്‍സ്ഥാനുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ ഒഴിവാക്കി പള്ളി ഭാഗത്ത് കൂടി കടന്നു പോവുന്ന സര്‍വിസ് റോഡ് ഒഴിവാക്കുന്നതിന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എം.എല്‍.എമാരായ കാരാട്ട് റസാക്ക്, പി.ടി.എ റഹിം എന്നിവരുടെ സാനിധ്യത്തില്‍ കിഫ്ബി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി 55.58 കോടി ചെലവഴിച്ചാണ് സിറാജ് മേല്‍പ്പാലം നിര്‍മിക്കുന്നത്. സിറാജ് ബൈപാസ് രൂപരേഖ കൊടുവള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനും യത്തീംഖാന പള്ളിയുടെ മിനാരവും നീക്കംചെയ്യേണ്ട അലൈന്‍മെന്റായിരുന്നു നേരത്തെയുള്ളത്. എന്നാല്‍ ഇത് രണ്ടും ഒഴിവാക്കിയാല്‍ മാത്രമേ പദ്ധതി വേഗത്തിലാക്കാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രിതലത്തില്‍ തന്നെ നിര്‍ദേശമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി കാരാട്ട് റസാക്ക് എം.എല്‍.എയുടെ സാനിധ്യത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ജനുവരി 14ന് സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ തിരുവനന്തപുരത്ത് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. സി.എം.ഡി കണ്‍സല്‍ട്ടന്റുമാരായ വി.ജി ഹരി, ദീപക് ബെന്നി, ഡയരക്ടര്‍ ഡോ. ജി. സുരേഷ്, പ്രൊ. ഡോ. എ സുദര്ശന്, അസോ. പ്രൊഫസര്‍ ഡോ.ആര് സി സാബു, കിഫ്ബി സി.ഇ.ഒ ഡോ. കെ.എം എബ്രഹാം, ജി.എം പി.എ ഷൈല, പ്രൊജക്ട് മാനേജര്‍ ആര്.കെ ദീപു, അസി. പ്രൊജക്ട് മാനേജര്‍ പി. മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."