വേദനകളുടെ ലോകത്തുനിന്ന് സാന്ത്വനത്തിന്റെ സ്‌നേഹസ്പര്‍ശമായി പാലിയേറ്റീവ് കുടുംബ സംഗമം
മുക്കം: നഗരസഭയും സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ സ്പര്‍ശം -2019 പാലിയേറ്റിവ് കുടുംബ സംഗമം വേദനകളുടെയും ഒറ്റപ്പെടലിന്റെയും ലോകത്ത് നിന്നും രോഗികള്‍ക്കുള്ള ആശ്വാസമായി മാറി. എട്ട് വര്‍ഷത്തിലധികമായി മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പാലിയേറ്റിവ് ക്ലിനിക്കിലൂടെ ഇരുന്നൂറിലധികം കിടപ്പു രോഗികള്‍ക്ക് പരിചരണം നല്‍കി വരുന്നുണ്ട്. വര്‍ഷങ്ങളായി വീടിന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന നൂറിലധികം രോഗികളും അവരുടെ ബന്ധുക്കളുമാണ് മണാശ്ശേരി ഗവ. യു.പി സ്‌കൂളിന്റെ മുറ്റത്ത് ഒത്തുകൂടിയത്. ഏറെക്കാലത്തിന് ശേഷം സ്വന്തം സ്‌കൂളില്‍ തിരിച്ചെത്തിയവരും പഴയ പരിചയക്കാരും പരസ്പരം ഓര്‍മകള്‍ പങ്കുവെച്ചത് കണ്ടുനിന്നവരെയും നൊമ്പരപ്പെടുത്തി. പാട്ടു പാടിയും അനുഭവങ്ങള്‍ പങ്കുവെച്ചും ഒരു പകല്‍ അവര്‍ വേദനകള്‍ മറന്നു. സുരേഷ് കുന്നമംഗലം അവതരിപ്പിച്ച മാജിക് ഷോ, കാരശ്ശേരി മെഡിക്കല്‍ ഓഫിസര്‍ ഡോ. മനുലാലും സംഘവും അവതരിപ്പിച്ച മെഹ്ഫില്‍, ഹസീബ് പൂനൂര്‍ അവതരിപ്പിച്ച കോമഡിഷോ എന്നിവ കുടുംബ സംഗമത്തില്‍ അരങ്ങേറി. ഭക്ഷണ കിറ്റും ബ്ലാങ്കറ്റും ഉള്‍പ്പെടുന്ന സമ്മാനപ്പൊതികളും സ്വന്തം കളര്‍ ഫോട്ടോയുമായാണ് അവര്‍ തിരിച്ചു പോയത്. മുക്കം നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഹരിദ മോയിന്‍കുട്ടി അധ്യക്ഷയായി. സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. പ്രശോഭ് കുമാര്‍, എന്‍. ചന്ദ്രന്‍, കെ.ടി ശ്രീധരന്‍, വി. ലീല, കൗണ്‍സിര്‍മാരായ ടി.ടി സുലൈമാന്‍, പി. ബ്രിജേഷ്, ഷഫീഖ് മാടായി, മുക്കം വിജയന്‍, ബിന്ദു രാജന്‍, അനില്‍കുമാര്‍, പ്രഷി സന്തോഷ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാജി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി അബ്ദുല്ല, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രോഷന്‍ ലാല്‍, എ. ജയപ്രകാശ്, പി.പി റസീന, മാലിക്, ഗിരിഷ്, ജലീല്‍ സംസാരിച്ചു. മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, മണാശ്ശേരി എം.എ.എം.ഒ കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, സ്‌കൂള്‍ പി.ടി.എ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടീം വൈറ്റ്ഗാര്‍ഡ്, ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റ്, എന്റെ മുക്കം സന്നദ്ധസേന, വി. മൊയ്തീന്‍കോയ ഹാജി ട്രസ്റ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള ആംബുലന്‍സുകളിലും മറ്റ് വാഹനങ്ങളിലുമാണ് രോഗികളെ എത്തിച്ചതും തിരിച്ചയച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."