'മോഡേണ്‍' കണ്‍ട്രോള്‍ റൂം റെഡി
കോഴിക്കോട്: പൊലിസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയുന്നവരുടെ ശ്രദ്ധയ്ക്ക്... ഇനിമുതല്‍ നിങ്ങള്‍ 'മോഡേണ്‍' പൊലിസ് കണ്‍ട്രോള്‍ റൂമിന്റെ നിരീക്ഷണത്തിലാണ്. മാനാഞ്ചിറയിലെ കമ്മിഷണര്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ മുഴുവനായും ആധുനികവല്‍ക്കരിച്ച കെട്ടിടത്തിലേക്ക് മാറുന്നതോടെ പൊലിസിന് ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രവര്‍ത്തിച്ച പഴയ കെട്ടിടമാണ് നവീകരിച്ച് കണ്‍ട്രോള്‍ റൂമായി മാറുന്നത്. ഇതോടെ 'മോഡേണ്‍ കണ്‍ട്രോള്‍ റൂം' എന്നാകും പുതിയ പേര്. അവസാനഘട്ട മിനുക്കുപണി പൂര്‍ത്തിയാക്കി ഈ മാസം രണ്ടാം വാരത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നഗരത്തിലുണ്ടാകുന്ന വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും പെട്ടെന്ന് അറിയാന്‍ കഴിയുന്ന തരത്തില്‍ 450 കാമറകള്‍ ഉള്‍കൊള്ളുന്ന 'വിഡിയോ വാള്‍' ആണ് കണ്‍ട്രോള്‍ റൂമിലെ ഏറ്റവും പുതിയ പ്രത്യേക്ത. ഇതോടെ നഗരത്തില്‍ എവിടെ നടക്കുന്ന സംഭവവും കണ്‍ട്രോള്‍ റൂമിലിരുന്നു കാണാം. ദൃശ്യങ്ങള്‍ വ്യക്തതയ്ക്കു വേണ്ടി സൂം ചെയ്തുനോക്കാനും കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന 76 കാമറകളാണ് വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ കഴിയുമെന്നതാണു നേട്ടം.
ഇതോടെ നാഷനല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സര്‍വിസ് സിസ്റ്റം(എന്‍.ഇ.ആര്‍.എസ്.എസ്) വരുന്ന രണ്ടാമത്തെ ജില്ലയായി കോഴിക്കോട് മാറും. ഇതിനായുള്ള കംപ്യൂട്ടര്‍, മൊബൈല്‍, വയര്‍ലെസ് സംവിധാനങ്ങളെല്ലാം പുതിയ കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിക്കഴിഞ്ഞു.
പൊലിസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നിവയുടെ ഡയല്‍ 112 എന്ന ഒറ്റനമ്പറില്‍ ലഭിക്കുന്നതാണ്. എന്‍.ഇ.ആര്‍.എസ്.എസ് സംസ്ഥാനത്ത് ആദ്യമായി ഈ സംവിധാനം നിലവില്‍ വരുന്നത് പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ്. പിങ്ക് പൊലിസും പുതിയ കെട്ടിടത്തിലേക്ക് മാറും. മോട്ടോര്‍ വാഹനവകുപ്പും റോഡ് സേഫ്റ്റി അതോറിറ്റിയും പൊലിസും ചേര്‍ന്നു നടപ്പാക്കുന്ന 'സേഫ് കോറിഡോര്‍' പദ്ധതിയുടെ കണ്‍ട്രോളിങ് യൂനിറ്റും പുതിയ കെട്ടിടത്തിലേക്ക് ഉള്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. 85 ലക്ഷം രൂപ ചെലവഴിച്ചുള്ള പുതിയ കെട്ടിടത്തിന്റെ നവീകരണം ജൂണിലാണ് ആരംഭിച്ചത്. സോഫ്റ്റ്‌വെയറുകളെല്ലാം തന്നെ പുതിയതായതിനാല്‍ സാങ്കേതിക തകരാര്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."