പരിമിതികളെ അതിജീവിച്ച 100 ചിത്രങ്ങള്‍
കോഴിക്കോട്: ഒതുങ്ങിക്കഴിയാന്‍ വിധിക്കപ്പെട്ട ഒരുപറ്റം ജീവിതങ്ങള്‍ പൊടുന്നനെ കണ്ട വെളിച്ചക്കീറിലൂടെ പുറത്തേക്ക് വരികയാണ്. പരിമിതികളെ അതിജയിച്ച് നമ്മുടെ കൂടെക്കൂടാന്‍ അവരും ശ്രമിക്കുകയാണ്. സ്വപ്നങ്ങളും ആശകളും കാന്‍വാസില്‍ പകര്‍ത്തി കഴിവുകളെ പ്രകാശിപ്പിക്കുകയാണ് ഈ ഭിന്നശേഷിക്കാര്‍. തങ്ങളുടെ ദുഃഖങ്ങളും സന്തോഷങ്ങളും കാന്‍വാസില്‍ നിറച്ച 14 ജില്ലകളിലെ 50 ഭിന്നശേഷിക്കാരായ കലാകാരന്മാരാണ് 'സ്വപ്നചിത്ര' എന്ന പേരില്‍ കോഴിക്കോട്ട് ഒത്തുചേരുന്നത്. പരസ്പരം മുന്‍പരിചയം പോലുമില്ലാത്ത ഇവര്‍ ചേര്‍ന്നിരിക്കുമ്പോള്‍ ചിത്രങ്ങളുടെ പുതിയ കാന്‍വാസ് നമുക്കു മുന്നില്‍ തുറക്കപ്പെടും.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 'സ്വപ്നചിത്ര 2019' എന്ന പേരില്‍ സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായുള്ള ഏറ്റവും വലിയ ചിത്രപ്രദര്‍ശനവും വില്‍പനയും സംഘടിപ്പിക്കുന്നത്. ഡ്രീം ഓഫ് അസ് കൂട്ടായ്മയും തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ കരിയര്‍ സെന്റര്‍ ഫോര്‍ ഡിസബിലിറ്റിയും ചേര്‍ന്ന് ആറുമുതല്‍ പത്തുവരെ കോഴിക്കോട് ലളിത കലാ ആര്‍ട്ട് ഗ്യാലറിയിലാണു പ്രദര്‍ശനം ഒരുക്കുന്നത്.
നാളെ വൈകിട്ട് നാലിനു നടക്കുന്ന പ്രദര്‍ശനം കലക്ടര്‍ സാംബശിവറാവു ഉദ്ഘാടനം ചെയ്യും. 14 ജില്ലകളില്‍ നിന്നായി 50 കലാകാരന്‍മാരുടെ 100 ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കലാകാരന്മാര്‍ സമൂഹമാധ്യമങ്ങള്‍ വഴിയും സ്‌പെഷല്‍ സ്‌കൂള്‍ മുഖാന്തരവുമാണ് ചിത്രകാരന്മാരെ കണ്ടെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ പ്രമോദ് മണ്ണടത്ത്, സി.കെ രേവതി, ടി.കെ റുഷ്ദ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."