കൊവിഡ് ബാധിച്ചയാള്‍ നാട്ടില്‍ ഓടിനടന്നു; അഞ്ചുദിവസത്തിനിടെ കല്യാണത്തിലടക്കം പങ്കെടുത്തു, ജുമുഅ ഒഴിവാക്കി ജമാഅത്ത് കമ്മിറ്റി, രണ്ടാഴ്ച വീട്ടുകളില്‍ കഴിയാന്‍ നാട്ടുകാര്‍
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചയാള്‍ ദുബായില്‍ നിന്നെത്തിയ അഞ്ചു ദിവസങ്ങളിലും നാട്ടില്‍ ഓടിനടന്നു. ഇതോടെ ഭീതിയിലായ നാട്ടുകാര്‍ മൊത്തം സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കാസര്‍കോട് നഗരത്തിനടുത്തുള്ള പ്രദേശത്തുകാരനാണ് ഇയാള്‍. കൊവിഡ് സ്ഥിരീകരണം വന്നതോടെ ഇന്നു രാവിലെ ജമാഅത്ത് കമ്മിറ്റി യോഗം ചേര്‍ന്ന് ഖാളിമാരുടെ സമ്മതത്തോടെ ജുമുഅ നിസ്‌കാരം ഒഴിവാക്കി. പലരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും കല്യാണ ചടങ്ങിലടക്കം സംബന്ധിക്കുകയും ചെയ്തതിനാല്‍ നാട്ടുകാര്‍ മൊത്തം സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ജമാഅത്ത് കമ്മിറ്റി ആഹ്വാനം ചെയ്യുകയായിരുന്നു.
ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍കോട്, മഞ്ചേശ്വരം എം.എല്‍.എമാരും വീട്ടില്‍ സ്വയം നിരീക്ഷണത്തിലേക്ക് പ്രവേശിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഇയാളോടൊപ്പം കല്യാണ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എം.സി കമറുദ്ദീന്‍ എം.എല്‍.എ വഴിയില്‍ വച്ച് കണ്ടുമുട്ടിയതാണ്. കാറില്‍ സഞ്ചരിക്കുന്നതിനിടെ വഴിയില്‍ കണ്ടപ്പോള്‍ നിര്‍ത്തി സംസാരിച്ചിരുന്നു.
ഈ മാസം 11ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് അദ്ദേഹം ദുബൈയില്‍ നിന്നുള്ള ഐ.എക്സ് 344 എയര്‍ ഇന്ത്യ എക്സ്പ്രസില്‍ രാവിലെ 7.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. 11ന് കോഴിക്കോട് താമസിച്ച അദ്ദേഹം 12ന് മാവേലി എക്സ്പ്രസില്‍ എസ് 9 കമ്പാര്‍ട്ട്മെന്റില്‍ കാസര്‍കോട്ടെത്തി. 17-ാം തിയ്യതിയാണ് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയത്. ഇതിനിടെ കല്യാണച്ചടങ്ങ് ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
മഹല്ലിലെ എല്ലാ അംഗങ്ങളും വീട്ടില്‍ തന്നേ ളുഹര്‍ നിസ്‌കരിക്കേണ്ടതാണെന്നും മറ്റൊരു നാട്ടിലും ജുമുഅയ്ക്കായി സംബന്ധിക്കരുതെന്നും കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. മറ്റുളള നിസ്‌കാരങ്ങള്‍ ബാങ്ക് വിളിച്ച് സുന്നത്ത് നമസ്‌കാരം കഴിഞ്ഞ ഉടനെ നിര്‍വഹിക്കും. കുട്ടികളോ പ്രായം ചെന്നവരോ ഒരു കാരണവശാലും പള്ളിയിലേക്ക് വരരുതെന്നും അടുത്ത രണ്ടാഴ്ച നാട്ടിലുളളവര്‍ പുറത്ത് പോവുകയോ പുറത്തുളള കുടുംബക്കാരെ നാട്ടിലേക്ക് ക്ഷണിക്കുകയോ അരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."