റേഷന്‍ കാര്‍ഡ്: ദുരിതം തീരാതെ...
കോഴിക്കോട്: 'പുതിയ വീട് എടുത്തതിനു ശേഷം കഴിഞ്ഞ ഒന്‍പതു മാസമായി റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചിട്ട്. ഇപ്പോള്‍തന്നെ കുറെയായി ഇവിടെ വന്നുപോകുന്നു. ഓരോ ദിവസവും ഓരോന്നു പറയും. രാവിലെ പത്തുമണി മുതല്‍ വരിനിന്നിട്ട് ഇന്നിപ്പോ പറഞ്ഞത് കാര്‍ഡിന്റെ ഒറിജിനലുമായി വരണമെന്നാണ്. അതുമായി നാളെ വരണം. നാളെയിപ്പോ എന്താണാവോ പറയാന്നറീല' - കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫിസിലെ സ്ഥിരം കാഴ്ചയാണിത്. ദിനേന ഏകദേശം നൂറുകണക്കിനാളുകളാണു റേഷന്‍ കാര്‍ഡ് സംബന്ധമായ കാര്യങ്ങള്‍ക്കായി ഈ ഓഫിസിലെത്തുന്നത്. എന്നാല്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേരും നിരാശരായാണു മടങ്ങുന്നത്. രാവിലെ ഓഫിസ് തുറക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പെത്തി വരിനിന്നാണ് പലരും നിരാശയോടെ മടങ്ങുന്നത്. രാവിലെ എത്തുമ്പോള്‍ തന്നെ നീണ്ട വരിയാണു ഓഫിസിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍, കാര്‍ഡിലെ പേരു മാറ്റാനുള്ളവര്‍, വിലാസം തെറ്റിയവര്‍, മുന്‍ഗണനാ ക്രമത്തിലേക്ക് മാറ്റാനെത്തിയവര് ഇവരെല്ലാം ഓഫിസിനു മുന്നിലെ ഒറ്റവരിയില്‍ തന്നെ നില്‍ക്കുന്നതാണ് വരിയുടെ നീളംകൂടാന് കാരണം.
കൃത്യം ഉച്ചയ്ക്ക് 1.30 ഓടെ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുന്നതിനാല്‍ രാവിലെ മുതല്‍ വരിനിന്നവരാണ് പ്രയാസപ്പെടുന്നത്. പിറ്റേന്ന് വീണ്ടും ഇതേ അവസ്ഥ തന്നെയാണെന്ന് പലരും പറയുന്നു. റേഷന്‍ കാര്‍ഡ് സംബന്ധമായ ഓരോ വിഭാഗത്തിനും പ്രത്യേക വരി സ്ഥാപിച്ചാല്‍ ദുരിതത്തിന് അറുതിവരുത്താമെന്നാണു പൊതുജനങ്ങള്‍ പറയുന്നത്. അല്ലാത്തപക്ഷം ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം ഓണ്‍ലൈനായി കൃത്യമായി അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ ദുരിതം കുറയുമെന്നാണ് സപ്ലൈ ഓഫിസില്‍നിന്ന് നല്കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."