വയനാട് മെഡിക്കല്‍ കോളജ്: നിര്‍ദിഷ്ട സ്ഥലം മാറ്റുന്നതില്‍ ദുരൂഹത-യൂത്ത് ലീഗ്
കല്‍പ്പറ്റ: രണ്ട് ജിയോളജിസ്റ്റുകള്‍ നടത്തിയ പ്രിലിമിനറി ബയോടെക്‌നിക്കല്‍ നോട്ട് മാത്രം മുന്‍നിര്‍ത്തി കൃത്യമായ പഠനം നടത്താതെ വയനാട് മെഡിക്കല്‍ കോളജിന്റെ നിര്‍ദിഷ്ട സ്ഥലം മാറ്റുന്നത് ദുരൂഹമാണെന്ന് കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ സ്ഥലം മാറ്റാനുള്ള ഭൂമാഫിയകളുടെ നിലപാടിനോട് യോജിച്ച് നില്‍ക്കുന്ന കല്‍പ്പറ്റ എം.എല്‍.എ ഭൂമാഫിയയുടെ വലയിലാണ്. ചില പരാമര്‍ശങ്ങളെ ആധികാരികമായി എടുത്ത് യാഥാര്‍ഥ പഠന റിപ്പോര്‍ട്ടുകളെ പോലെ എം.എല്‍.എ ഏറ്റുപറയുന്നത് മെഡിക്കല്‍ കോളജ് വിഷയത്തിലെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. ഇടത് സര്‍ക്കാരിന്റെ രണ്ടു ബജറ്റുകളിലും മെഡിക്കല്‍ കോളജിനായി ഒരു തുകയും മാറ്റിവച്ചിട്ടില്ല. സി.പി.എം മെഡിക്കല്‍ കോളജിന്റെ ആരംഭം മുതലേ ഈ സ്ഥലവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാലയളവില്‍ യുദ്ധകാലടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തി ആരംഭിക്കുമെന്നായിരുന്നു ഇടത് വാഗ്ദാനം. എന്നാല്‍ മൂന്നരക്കോടി ചിലവഴിച്ച റോഡ് നിര്‍മാണം ആരംഭിക്കുകയും പാതി വഴിയില്‍ നിര്‍ത്തിവെക്കുകയും ചെയ്ത് നിലവില്‍ മെഡിക്കല്‍ കോളജിന്റെ ചരമക്കുറിപ്പ് എഴുതിയിരിക്കുകയാണ്. മണ്ഡലത്തിന്റെ പൊതു വികസന കാര്യങ്ങളിലും എം.എല്‍.എ പൂര്‍ണ പരാജയമാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. മണ്ഡലത്തിലെ വികസന പിന്നാക്കാവസ്ഥയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി എട്ട് മുതല്‍ 18 വരെ മണ്ഡലത്തിലെ 10 പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. 18ന് കല്‍പ്പറ്റയില്‍ ഏകദിന സമരസംഗമത്തിനും കല്‍പ്പറ്റ നിയോജകമണ്ഡലം യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് കെഎംതൊടി, ടി. നാസര്‍, എ.പി മുസ്തഫ, ഷാജി കുന്നത്ത്, സി.ഇ ഹാരിസ്, എ.കെ സെയ്തലവി, മുഹമ്മദാലി കോട്ടത്തറ, അസീസ് അമ്പിലേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."