HOME
DETAILS
MAL
സമൂഹ വ്യാപനത്തിലേക്ക് ഇന്ത്യയും
backup
March 20 2020 | 09:03 AM
ന്യൂഡല്‍ഹി: നാലു പേര്‍ മരിക്കുകയും രോഗബാധിതരുടെ എണ്ണം 172 ആകുകയും ചെയ്തതോടെ കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത ഘട്ടമായ സമൂഹ വ്യാപനമെന്ന ആശങ്കപ്പെടേണ്ട സാഹചര്യത്തിലേക്ക് ഇന്ത്യയും അടുക്കുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹി വഴി ചെന്നൈയിലെത്തി കോവിഡ്19 സ്ഥിരീകരിച്ച 20കാരന്‍ വിദേശത്തു പോയിട്ടില്ല. ഇതിനാല്‍ത്തന്നെ ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് കൃത്യമായി കണ്ടെത്തേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ലെന്നാണു വിവരം.
വൈറസ് ബാധിച്ച രാജ്യത്തേക്ക് യാത്ര ചെയ്യാതിരിക്കുകയോ അവിടങ്ങളില്‍ നിന്നു വന്നവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയോ ചെയ്യുന്നവര്‍ക്ക് രോഗം ബാധിക്കുമ്പോഴാണ് സമൂഹ വ്യാപനം ഉണ്ടാകുന്നത്. അതേസമയം, ഇന്ത്യയില്‍ സമൂഹ വ്യാപനം ആരംഭിച്ചിട്ടുണ്ടാകാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും നിരീക്ഷണത്തില്‍ ഇരിക്കുന്നവരെയും മാത്രമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. അതുകൊണ്ട് പരിശോധന സമ്പൂര്‍ണമാണെന്നു പറയാനാകില്ല. കൂടുതല്‍പ്പേരെ പരിശോധിക്കുമ്പോഴേ ഫലം കൃത്യമാകൂ. ലോകാരോഗ്യ സംഘടനയും (ഡ.ബ്ല്യു.എച്ച്.ഒ) കൂടുതല്‍ പേരെ പരിശോധിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ സമൂഹവ്യാപനം തടയാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി 826 സാംപിളുകള്‍ പരിശോധിച്ചെന്നും ഒന്നും പോസിറ്റീവ് ആയിട്ടില്ലെന്നും ഐ.സി.എംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്) വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.
പലയിടങ്ങളില്‍ നിന്നായി ക്രമമല്ലാത്ത രീതിയിലാണ് സാംപിളുകള്‍ ശേഖരിച്ചത്. എല്ലാം നെഗറ്റീവ് ആയി. ഈ ഫലം വച്ച് സമൂഹ വ്യാപനത്തിനു തെളിവില്ലെന്ന നിലപാടാണ് ഐ.സി.എം.ആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."