HOME
DETAILS

'കൈ കഴുകി' മാറിനില്‍ക്കാവുന്നതാണോ ഈ ദുരന്തം?

  
backup
March 20 2020 | 18:03 PM

article-abdilla-manima-corona-covid-19452

 

'This inaction was actually him taking action'
(കത്രീന ദുരന്തത്തെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്ന്)

മുഖശ്രുതി

ഒരു മഹാഭീഷണിയുടെ ചരിത്ര സന്ദര്‍ഭത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ഏതാണ്ട് മൂന്ന് മാസം മുന്‍പ് ചൈന മൂടിയൊതുക്കാന്‍ ശ്രമിച്ച ഭൂതം ഇതെഴുതുമ്പോള്‍ ഏതാണ്ട് 170 ലേറെ രാജ്യങ്ങളിലും മൂന്ന് വന്‍കരകളിലുമായി രണ്ട് ലക്ഷത്തില്‍ കൂടുതല്‍ പേരെ ബാധിക്കുകയും 10000 ത്തോളം പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തിരിക്കുന്നു. 2020 ഓടെ 20 ട്രില്യന്‍ ഡോളര്‍ എക്കോണമി എന്ന ചൈനീസ് സ്വപ്നം തവിട് പൊടിയായെന്ന് മാത്രമല്ല കഴിഞ്ഞ ഒരാഴ്ചക്കകം ലോകധന കാര്യാലയങ്ങള്‍ 200 ബില്യന്‍ ഡോളറിലേറെ മാര്‍ക്കറ്റിലേക്ക് പമ്പ് ചെയ്തിട്ടും ലോക വിപണി നഞ്ഞു തിന്ന നായയെപോലെ മുഖം കുത്തിവീണു കിടക്കുന്നു. പല നഗരങ്ങളും ശ്മശാനങ്ങളിലെ സ്മാരക സ്തൂപങ്ങള്‍പോലെ നിശ്ചലമായിരിക്കുന്നു .


വാഷിങ്ടണ്‍ തൊട്ട് ലണ്ടന്‍, ടെന്‍ അവീവ്, റിയാദ്, ന്യൂഡല്‍ഹി, മനില, ബെയ്ജിങ് തലസ്ഥാനങ്ങളിലെ വംശീയ മുതലാളിത്ത വലതുപക്ഷ ഭരണകൂടങ്ങള്‍ തങ്ങളുടെ ജനതകള്‍ക്കൊരുക്കിയ കുരുക്കുകള്‍ മുറുക്കാനാകാതെ താല്‍ക്കാലികമായെങ്കിലും പകച്ച് നില്‍ക്കുന്നു. എല്ലാം ജൈവശാസ്ത്രപരമായി (അല്‍പം ചാതുര്‍വര്‍ണ്യം കലര്‍ത്തി പറഞ്ഞാല്‍) ഒരു ജീവിയെന്ന് പോലും വിളിക്കപ്പെടാന്‍ യോഗ്യതയില്ലാത്ത പൊടിക്കുഞ്ഞന്‍ വൈറസ് കാരണം. 'കൊറോണ ദ ഗ്രേറ്റ് സോഷ്യലിസ്റ്റ് ആന്‍ഡ് ലെവലൈസേര്‍'!. ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍ ഡൊണാള്‍ഡ് ട്രംപ് മുതല്‍ വുഹാനിലെ തെരുവില്‍ അനാഥശവമായി കിടന്ന വൃദ്ധന്‍ വരെ, രാഷ്ട്രത്തലവന്‍മാര്‍ക്കും സൈനികാധിപന്മാര്‍ക്കും ഭിഷഗ്വരന്മാര്‍ക്കും തൊഴിലാളികള്‍ക്കും ഡിറ്റന്‍ഷന്‍ ക്യാംപുകളിലെ (അതാണല്ലോ പുതിയ നോന്‍മാലിറ്റി) ഹതഭാഗ്യരായ അന്തേവാസികള്‍ക്കുമിടയില്‍ അവന്‍ വിവേചനമൊന്നും കല്‍പിച്ചില്ല. പൊതുവേദികളും ആള്‍ക്കൂട്ടങ്ങളും ഒഴിഞ്ഞു പോവുകയോ നിരോധിക്കപ്പെടുകയോ ചെയ്തു. ആശുപത്രികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. വലതുപക്ഷത്തിന്റെ അയിത്ത മനസ്സിന് ബംപര്‍ ലോട്ടറിയടിച്ച സന്തോഷം. മനസ്സുകളടുപ്പിക്കുന്ന ഹസ്തദാനങ്ങള്‍ക്കും ആശ്ലേഷണങ്ങള്‍ക്കും വിട. പകരം തീണ്ടാപ്പാടകലെ നിര്‍ത്തുന്ന കൂപ്പുകൈകള്‍ക്ക് വാഴ്ത്. മറിച്ചിട്ടാലും പടിഞ്ഞാറ് വീഴാത്തവര്‍പോലും ഓരോ മണിക്കൂറിലും കൈയും മുഖവും കഴുകി അംഗസ്‌നാനം (വുളൂ) കൊഴിപ്പിക്കുന്നു. ഒപ്പം ആന്തരികത്തിലെ അയിത്ത മനസ്സുകളും സജീവമാണ്. ഷിന്‍ജിയാങ്ങിലെ ഉയിഗൂറുകളെ ഡിറ്റന്‍ഷന്‍ ക്യാംപുകളിലാക്കി റോമിലെത്തിയ ചൈനക്കാര്‍ ഇറ്റലിയിലെ തെരുവുകളില്‍ ആട്ടിപ്പായിക്കപ്പെട്ടു, ആ ഇറ്റലിക്കാരനാകട്ടെ ഓസ്ട്രിയയിലെ തെരുവുകളില്‍നിന്നും. നമ്മുടെ കേരളത്തിലുമുണ്ടായി ഒറ്റപ്പെട്ടതെങ്കിലും വിദേശത്ത് നിന്നെത്തിയവരുടെ വീട് വളയലും കല്ലേറും കുഞ്ഞുങ്ങളെ പോലും ഓടിച്ചകറ്റലും.


ഗോമൂത്രവും ചാണകവുമായി കൊറോണയെ വരവേല്‍ക്കാന്‍ ഇരുന്ന സംഘികളിലൊരാള്‍ തിരുവനന്തപുരത്തൊരു ആശുപത്രി സന്ദര്‍ശിച്ച ഓര്‍മയില്‍ മോഹാലസ്യപ്പെട്ട് ആശുപത്രികള്‍ തേടിപ്പായുന്നു. നേരത്തെ സൂചിപ്പിച്ചപോലെ വര്‍ഗീകരണവും അയിത്തവും ജനിതകത്തില്‍ പേറുന്ന സവര്‍ണ സംസ്‌കാരം കൊറോണയുടെ പേരിലും കൈപ്പടത്തില്‍ ചാപ്പകുത്തിയത് നാം കണ്ടു. പ്രകൃതിയാല്‍ ഒരല്‍പം പ്രകോപിപ്പിക്കപ്പെട്ടാല്‍ മനുഷ്യന്‍ ഏതറ്റംവരെ പോകുമെന്ന് കൊറോണ നമുക്ക് കാണിച്ചുതന്നു. 24 മണിക്കൂറും നാം ജാഗരൂകരായി. കോടിക്കണക്കിന് ഡോളറുകള്‍ കളത്തിലിറക്കി. 'ഓരോ മനുഷ്യജീവനും നമുക്ക് പ്രധാനമാണെന്ന്' നാം മേനി പറയുന്നു. ആണോ ശരിക്കും?

'ചേതനയറ്റ' കണക്കുകള്‍

  • ഓരോ രാവും ഇരുണ്ടുണരുമ്പോഴേക്ക് ലോകത്ത് 22000 കുട്ടികള്‍ പട്ടിണി കാരണം മരിച്ചു കഴിഞ്ഞിട്ടുണ്ട് (യൂനിസെഫ്).
  • അമേരിക്കന്‍ അച്ചുതണ്ട് മുസ്‌ലിം ലോകത്തിന് മേല്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച war on terror കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഓരോ വര്‍ഷവും ഒരുലക്ഷംപേരെ കൊന്നുകൊണ്ടിരിക്കുന്നു (dosomething.org).
  • 2018ല്‍ 15 ലക്ഷം പേര്‍ ലോകത്ത് ക്ഷയരോഗം കാരണം മരിച്ചു (WHO-).
  • കഴിഞ്ഞ വര്‍ഷം മാത്രം 20 ലക്ഷം കുഞ്ഞുങ്ങള്‍ വയറിളക്കവും ന്യുമോണിയയും ബാധിച്ചു മരിച്ചു(dosomething.org).
  • പ്രകൃതി ദുരന്തങ്ങള്‍ ഓരോ വര്‍ഷവും ഇല്ലാതാക്കുന്നത് 90000 പേരെ (ഡബ്ല്യു.എച്ച്.ഒ).
  • ആള്‍ക്കൂട്ടക്കൊല (ഇന്ത്യ 2019) 107.
  • 2018ല്‍ യൂറോപ്യന്‍ തീരങ്ങളില്‍ അടുക്കാനനുവദിക്കാതെ കടലില്‍ മുങ്ങി മരിച്ച അഭയാര്‍ഥികള്‍ 2275 (യു.എന്‍.എച്ച്.സി.ആര്‍).
  • നാസികളുടെ ജൂത കൂട്ടക്കൊലയ്ക്ക് ശേഷം ആഫ്രിക്ക, ബാള്‍ക്കന്‍സ്, കംപോഡിയ, ഇന്ത്യ എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വംശ ഹത്യകളില്‍ മരിച്ച, മരിച്ചുകൊണ്ടിരിക്കുന്ന ലക്ഷങ്ങള്‍ നാം എണ്ണിയിട്ടില്ല.
  • ഇനി പറയൂ 'ഞങ്ങള്‍ മനുഷ്യജീവന് വേണ്ടി പാടുപെടുന്നു' എന്ന് അവകാശപ്പെടാന്‍ നമുക്ക് ധാര്‍മികമായി കഴിയുമോ? ഇപ്പോള്‍ പോലും അണിയറയില്‍ വംശഹത്യയുടെ ബ്ലൂ പ്രിന്റുകളും ബ്രൗണ്‍ പ്രിന്റുകളും ഒരുക്കി കാത്തിരിക്കുന്ന എത്ര വംശീയ വാദികളും ഭീകരഭരണകൂടങ്ങളും വലതുപക്ഷ ഫാസിസ്റ്റുകളും നമുക്കിടയില്‍ ഉണ്ട്!

പണത്തിന്റെ കളി, പട്ടിണിയുടെയും


ലോകത്തെ 42 സഹസ്ര കോടീശ്വരന്മാരുടെ മൊത്ത സ്വത്ത് 370 കോടി ദരിദ്രരുടെ സ്വത്തുകള്‍ക്ക് തുല്യം.
ലോകത്തിലെ അഞ്ച് മുഖ്യ വസ്ത്രഡിസൈനര്‍ കമ്പനികളുടെ സി.ഇ.ഒമാരുടെ നാല് ദിവസത്തെ ശമ്പളം അവര്‍ക്ക് വേണ്ടി വസ്ത്രം നെയ്യുന്ന ഒരു നെയ്ത്ത് തൊഴിലാളിയുടെ ആയുഷ്‌കാല വരുമാനത്തേക്കാള്‍ കൂടുതല്‍.
81 കോടി ജനങ്ങള്‍ ഓരോ രാത്രിയും ഉറങ്ങാന്‍ കിടക്കുന്നത് വിശന്നുകൊണ്ടാണ് (oxfam ).
130 കോടി ടണ്‍ ധാന്യങ്ങള്‍ (ഉല്‍പാദനത്തിന്റെ മൂന്നില്‍ ഒന്ന് ഭാഗം) ഓരോ വര്‍ഷവും ഉപയോഗശൂന്യമാവുകയോ മാര്‍ക്കറ്റ് വില നിലനിര്‍ത്താന്‍ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നു (worldvision.org).
ഓരോ വര്‍ഷവും കേരളത്തിന്റെ വലിപ്പത്തോളം കാട് കൈയേറ്റം ചെയ്യപ്പെടുന്നു (ലോകബാങ്ക്).

കാടുകയറുന്ന വികസനവും
കോര്‍പ്പറേറ്റിസത്തിന് കൂട്ടുറങ്ങുന്ന
ഭരണകൂടവും


ലോക പ്രശസ്തനായ പരിണാമ ജൈവശാസ്ത്രകാരന്‍ റോബ് വാലാസ് കൊവിഡ് -19 മായി ബന്ധപ്പെട്ട് തന്റെ നിരീക്ഷണങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. വുഹാനിലെ ഹുനാന്‍ ഹോള്‍സെയില്‍ സീഫുഡ് മാര്‍ക്കറ്റില്‍ വില്‍പനക്കെത്തിയ കാട്ടുജീവികളാണ് കൊവിഡ് - 19 ന്റെ ഉറവിടമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് - 19 മാത്രമല്ല, പോയ വര്‍ഷങ്ങളില്‍ നാം ഓര്‍ക്കുന്ന മാരക പകര്‍ച്ച വ്യാധികളായ എച്ച്.ഐ.വി, എബോള, സിക്ക, പന്നിപ്പനി, നിപാ, മഞ്ഞപ്പനി... ഇവയെല്ലാം കാട്ടുമൃഗങ്ങളില്‍നിന്നാണ് മനുഷ്യരിലെത്തിയത്. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും സാമ്പ്രദായിക രീതിയിലുള്ള കൃഷി നശിപ്പിച്ച് ജനകോടികളെ ഭക്ഷ്യകോളനിയാക്കി വെക്കാനുമായി ആഗോള മൂലധന കുത്തകകള്‍ ലോകമെമ്പാടും പാരമ്പര്യ കര്‍ഷകരെ പാപ്പരാക്കി കൃഷിഭൂമി ഏറ്റെടുക്കുകയും വനങ്ങള്‍ കൈയേറുകയും ചെയ്തുവരുന്നു. (ഓരോ വര്‍ഷവും കേരളത്തിന്റെ വലുപ്പത്തില്‍ വനം കൈയേറപ്പെടുന്നു എന്ന് നാം കണ്ടു). 85.6 കോടി ജനങ്ങള്‍ രാത്രി വിശന്ന് കൊണ്ടുറങ്ങാന്‍ പോകുമ്പോള്‍ വില പിടച്ചുനിര്‍ത്താന്‍ 130 കോടി ടണ്‍ ധാന്യം ഓരോ വര്‍ഷവും നശിപ്പിക്കുമ്പോള്‍ ജനത്തിന് മതിയായ ആഹാരം നല്‍കാനല്ല, ലാഭം വര്‍ധിപ്പിക്കാനും ജനങ്ങളെ ഭക്ഷ്യകോളനിവല്‍ക്കരണത്തിന് വിധേയമാക്കി തടവില്‍ പിടിക്കാനുമാണിതെന്ന് വ്യക്തമാണ്.
ലാഭ വര്‍ധനക്കായി വനം കൈയേറ്റം മാത്രമല്ല ജനിതക എന്‍ജിനീയറിങും വിത്തുകള്‍ക്ക് മേലുള്ള കുത്തകാധിപത്യവും ഇവര്‍ നിലനിര്‍ത്തുന്നു. പാരമ്പര്യ വിത്തുകളും കൃഷിരീതികളും നഷ്ടപ്പെട്ട് പാപ്പരായി ഗ്രാമീണര്‍ ആശ്രിതരും നഗരപ്രാന്തങ്ങളിലെ ചാളക്കോളനികളിലെ അന്തേവാസികളോ ആയിത്തീരുന്നു. വംശവെറിയും ഭ്രാതൃഹത്യാവേശവും ചേര്‍ന്ന് കൂട്ടുക്കൊലകള്‍ ആസൂത്രണം ചെയ്യുന്നതോടെ മറ്റൊരു വിഭാഗം ജനതയും മേല്‍പറഞ്ഞ ചാളക്കോളനിയിലെത്തും.


മോശപ്പെട്ട ജീവിതസാഹചര്യങ്ങളും ആഗോള ഗതാഗത വിപ്ലവവും ചേരുമ്പോള്‍ ആഫ്രിക്കന്‍ വനാന്തരത്തില്‍ വവ്വാലുകളും കുരങ്ങുകളുമൊത്ത് സഹജീവനം നടത്തിവരുന്ന സൂക്ഷ്മവൈറസുകള്‍ പലതും നമ്മുടെ നാട്ടുജീവിതങ്ങളില്‍ അതിഥികളും കൂട്ടക്കൊലയാളികളുമായെത്തുന്നു. എന്നാല്‍ ലാഭം കൊയ്യുന്ന ഈ കമ്പനികളുടെ ബാലന്‍സ് ഷീറ്റുകളിലെവിടെയും ഈ ദുരന്തങ്ങളില്‍ അവര്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് എഴുതുന്നുണ്ടാവില്ല. എന്നല്ല, പൊതു ബസ്റ്റാന്റുകളില്‍ പോക്കറ്റടിക്കാരനെ പിടിക്കാനോടുന്ന കള്ളനെപ്പോലെ യുദ്ധമായാലും മഹാമാരിയായാലും പ്രകൃതി ദുരന്തമായാലും പലപ്പോഴും മാസ്‌കും വാക്‌സിനും ഹാന്‍ഡ് സാനിറ്റൈസറും വില്‍ക്കാന്‍, ദുരന്ത ഭൂമിയില്‍ അവരുണ്ടാവുകയും ചെയ്യും. ഒരുഭാഗത്ത് പാരിസ്ഥിതി സംരക്ഷണത്തിന് പണമെറിഞ്ഞ് പരസ്യം പിടിക്കുകയും മറ്റു ഭാഗത്ത് പരിസ്ഥിതി നശീകരണ പ്രവര്‍ത്തനത്തിലെ മുന്‍നിരക്കാരായ എണ്ണക്കമ്പനികളില്‍ മുതലിറക്കുകയും ചെയ്ത് മായാജാലം കാട്ടുന്ന ബില്‍ഗേറ്റ്‌സുമാരും മൊന്‍സാന്റേമാരും അംബാനി അദാനിമാരും നിര്‍മിച്ചെടുക്കുന്ന ഈ ദുരന്തത്തെ, ക്രോണി കാപിറ്റലസത്തിന്റെ രഹസ്യ വേഴ്ചക്കാരായ ഭരണകൂടങ്ങള്‍ക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നത് ഈ മഹാമാരികള്‍ വിതക്കുന്ന ദുരന്തത്തേക്കാള്‍ വലിയ ദുരന്തം.

കൊവിഡ് കാലത്തെ ഏറെ തുല്യര്‍


'All are equal, some are more equal-'(എല്ലാവരും തുല്യമാണ്. ചിലര്‍ മറ്റുള്ളവരേക്കാള്‍ തുല്യമാണ്) എന്നത് ജോര്‍ജ് ഓര്‍വല്‍ പ്രായോഗിക കമ്യൂണിസത്തില്‍നിന്ന് കണ്ടെടുത്ത ആപ്തവാക്യമാണല്ലോ. കൊവിഡിന് കനേഡിയന്‍ പ്രധാനമന്ത്രിയേയോ ഇന്ത്യയിലെയോ ബ്രിട്ടനിലെയോ ആഭ്യന്തരമന്ത്രിമാരെയോ തിരിച്ചറിയാനാവില്ല. അതിനാല്‍ തന്നെ കല്‍ബുര്‍ഗിയയിലെ വൃദ്ധകര്‍ഷകനോടോ മേല്‍പറഞ്ഞ വി.ഐ.പിമാരോടോ അത് വിവേചനം കാണിക്കുന്നുമില്ല. നാം നേരത്തെ നിരത്തിയ മരണത്തിന്റെ കണക്കുകള്‍ നോക്കിയാല്‍ പട്ടിണിയോടോ വയറിളക്കത്തോടോ ക്ഷയരോഗത്തോടോ ഇല്ലാത്ത ഒരു വാശി കൊറോണ കാര്യത്തില്‍ അധികാരസ്ഥാപനങ്ങള്‍ക്ക് ഉണ്ട് എന്ന് കാണാം. അവിടെയെല്ലാം 'അവരും ഞങ്ങളുമായി ' വേര്‍തിരിഞ്ഞ് സുരക്ഷിതമായ അകലത്തില്‍ നമുക്ക് നില്‍ക്കാം. അവിടെ കൊവിഡിനെപ്പോലെ ഒരു മീറ്ററല്ല ഒരായിരം കാതങ്ങളാണ് 'അവര്‍ക്കും ഞങ്ങള്‍ക്കും' ഇടയില്‍ ഉള്ളത്. ഈ അകലം നഷ്ടപ്പെടുന്നുവെന്നതും വരേണ്യ സംരക്ഷണം പോകുന്നുവെന്നതും തന്നെയാണ് കൊവിഡ് - 19 നടത്തുന്ന പ്രത്യക്ഷമായ വസ്ത്രാക്ഷേപം. അല്ലാതെ ജീവനോടുള്ള ആദരവ് മാത്രമാണ് ഇപ്പോഴത്തെ അത്യധ്വാനങ്ങളുടെ പ്രചോദനമെന്നു പറഞ്ഞുകൂടാ, തെളിച്ചു പറഞ്ഞാല്‍ പട്ടിണി പോലെ 'അവനു'മാത്രമായെഴുതപ്പെട്ടതല്ല 'തനിക്കൂടി'യാണ് ഇത് എന്ന പേടി.


കൊവിഡ് - 19 പ്രതികരണങ്ങളെ പ്രശ്‌നവല്‍ക്കരിക്കാന്‍ നിര്‍ബന്ധിതരാകുന്നതും ഈ സാഹചര്യത്തിലാണ്. അനാര്‍ദ്രതയല്ല വിവേചനപരമായ കരുതലുകളോടുള്ള പ്രതികരണമാണത്. കൊട്ടിയടക്കപ്പെട്ട ഷിന്‍ജിയാങ്ങും കശ്മിരും ഇറാനും ഗസ്സയും വിധിക്കുമുന്നിലേക്കു എറിയപ്പെടുകയും ഷാന്‍ഹായ്‌യും റോമും ടെല്‍ അവിവും റിയാദും വാഷിങ്ടണും സംരക്ഷിത കവചങ്ങളിലേക്കു മാറുകയും ചെയ്യുമ്പോള്‍ ദുരന്തങ്ങള നമ്മുടെ 'കാമ്യ ഭീകരതയും അവരുടെ നിന്ദ്യ ഭീകരതയും' എന്ന സമീപനത്തിന് സമാനമാണിതും.


'This inaction was actually him taking ac-tion-'.. 2005ല്‍ കത്രീന ചുഴലിക്കാറ്റില്‍ ആയിരക്കണക്കിന് ആഫ്രോ - അമേരിക്കന്‍ വംശജര്‍ മരിക്കാനിടയായ സാഹചര്യത്തിന് ന്യൂഓര്‍ലിയന്‍സ് മേയര്‍ റേ നാഗിന്‍ സാഹചര്യമൊരുക്കിയത് വിശകലനം ചെയ്തുകൊണ്ട്, '30% പേര്‍ ദരിദ്രരായ, 1/3 പേര്‍ക്ക് സ്വന്തമായൊരു വാഹനം പോലുമില്ലാത്ത നഗരത്തില്‍ ഏറ്റവും ദുര്‍ബലരായ ഒരു ജനവിഭാഗത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കാര്യമായൊന്നും ശ്രമിച്ചില്ലെന്നു..' (Alterman 2005) എഴുതുന്നുണ്ട്. അയാള്‍ പിന്നീട് കാവ്യനീതി എന്ന് പറയാവും വിധം വഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങള്‍ക്ക് ജയിലിലായെങ്കിലും മനുഷ്യരാശിയോട് ചെയ്ത ക്രൂരതക്ക് അയാള്‍ ഉത്തരം പറയേണ്ടിവന്നിട്ടില്ല.'ജനങ്ങളുടെ ദുരന്ത വശംവദത്തം രൂപപെടുന്നതില്‍ ദേശവും സമൂഹവും ജീവ ഭൗതിക ഘടകങ്ങളും നിര്‍ണായകമായിരിക്കെ തന്നെ വംശ, ഗോത്ര, വര്‍ഗ സംവര്‍ഗങ്ങള്‍ ദുരന്ത പ്രതിഭാസങ്ങളുടെ സാമൂഹിക പ്രക്രിയ മനസ്സിലാക്കുന്നതില്‍ അനിവാര്യമായിത്തീരുന്നുവെന്ന് ടഫീല്‍ഡ് (1996), വിസ്‌നേര്‍ (2004) നിരീക്ഷിച്ചിട്ടുണ്ട്. ദുരന്തങ്ങളിലും 'തുല്യര്‍ക്കിടയില്‍ മുന്തിയ തുല്യര്‍' ഉണ്ടാകുന്ന ഈ പ്രക്രിയ കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും സവര്‍ണര്‍ ഉള്‍പ്പെടുന്ന സാമൂഹിക ക്രിയകളിലും ഭരണകൂട പ്രതികരണങ്ങള്‍ പഠിച്ച പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പീഡിത ജനത ഇത്തരം ഘട്ടങ്ങളില്‍ മാസ് ഹി സ്റ്റീരിയയുടെ ഭാഗമാകാന്‍ വിസമ്മതിക്കുന്നത് ദുരന്തങ്ങളെ പോലും തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഹനിക്കുവാന്‍ ഉപയോഗിക്കുന്ന ഭരണകൂട ലാക്കിനെ തിരിച്ചറിയുന്നതിലാണ്. 'അമിത്ഷായുടെ തടങ്കല്‍ പാളയങ്ങളേക്കാള്‍ കൊറോണ തരുന്ന മാന്യമായ മരണത്തെ ഞങ്ങള്‍ സ്വീകരിക്കുമെന്ന' ഷാഹീന്‍ബാഗിന്റെ പ്രതികരണത്തില്‍ ഇതെല്ലാമുണ്ട്.


നാം കണ്ടത് പോലെ സകല ജീവിത മേഖലകളിലുമുള്ള കുത്തകവല്‍ക്കരണവും (ഇവിടെ വനനശീകരണം, കുറ്റകരമായ പ്രകൃതി ചൂഷണം) സാമൂഹിക ജീവിതത്തിലെ കടുത്ത അസന്തുലിതത്വങ്ങളും (വംശ ജാതീയത, അധീശ പ്രവണതകള്‍ )ആണ് മുഖ്യ പ്രതികള്‍ എന്ന് തിരിച്ചറിയാതെയോ തിരിച്ചറിയാന്‍ അനുവദിക്കാതെയോ ആണ് നാം തൊലിപ്പുറ പരിഹാരങ്ങളുടെ ബഹളത്തില്‍ മുങ്ങുന്നത്. എന്നുവെച്ചാല്‍ കോറോണയടക്കമുള്ള ദുരന്തങ്ങള്‍ കൊണ്ടുവരുന്ന ധാര്‍മിക പ്രതിസന്ധികളില്‍നിന്ന് 'മുഖം മറച്ചു, കൈ കഴുകി' ഒരു പരിഷ്‌കൃത സമൂഹത്തിന് മാറിനിക്കാനാവില്ല എന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago