ഓരുവെള്ളവും ചൂടും; തീരദേശ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു
തുറവൂര്‍: ഓരുവെള്ളത്തിന്റെ വരവും ചൂടും കടുത്തതോടെ തീരദേശ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. വേനല്‍ ആരംഭിച്ചതോടെ ഗ്രാമീണമേഖലയിലെ ശുദ്ധജലസ്രോതസുകളെല്ലാം വറ്റിതുടങ്ങി.
ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലുള്ള കായലോരം, തീരദേശ മേഖലകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ സ്വഭാവിക ജലസ്രോതസുകളായ കുളങ്ങളും തോടുകളും കിണറുകളും വറ്റിവരണ്ടതോടെയാണ് ജനം വെള്ളത്തിനായി പരക്കം പായുന്നത്. മറ്റ് ജലസ്രോതസുകള്‍ മലിനമായതും പ്രതിസന്ധി രൂക്ഷമാക്കി.
വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജലപൈപ്പുകള്‍ എത്തിച്ചേരാത്ത സ്ഥലങ്ങളില്‍ പ്രദേശത്തെ ശുദ്ധജലസ്രോതസുകളെയാണ് നാട്ടുകാര്‍ ആശ്രയിച്ചിരുന്നത്. കായലോരങ്ങളിലും തീരപ്രദേശങ്ങളിലും ജലാശയങ്ങള്‍ കടുത്ത ഓരുവെള്ള ഭീഷണി നേരിടുകയാണ്. ഇതോടെ ഈ മേഖലയിലെ ജനങ്ങള്‍ കുടിവെള്ളം ശേഖരിക്കാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട ദയനീയ സ്ഥിതിയാണ്.
കുടിവെള്ളത്തിന് പുറമേ ദൈനംദിന ആവശ്യങ്ങള്‍ക്കും വാട്ടര്‍ അതോരിറ്റി പൈപ്പുകളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. തീരദേശ മേഖലയിലെ കടക്കരപ്പള്ളി, കണ്ടമംഗലം, പടിഞ്ഞാറെവട്ടക്കര, തൈക്കല്‍, തങ്കി, ആറാട്ടുവഴി, കണ്ടമംഗല വെട്ടയ്ക്കല്‍, പട്ടണക്കാട്, അന്ധകാരനഴി, വിയാത്ര, മുതുകേല്‍, പള്ളിത്തോട്, പടിഞ്ഞാറെ മനക്കോടം, ചാപ്പക്കടവ്, തുറവൂര്‍, വളമംഗലം, കളരിക്കല്‍, തിരുമല ഭാഗം, മനക്കോടം, ചാവടി, പറയകാട്, നാലുകുളങ്ങര, വല്ലേത്തോട്, ചേരുങ്കല്‍, തഴുപ്പ്, കുത്തിയതോട്, കോടംതുരുത്ത്, തൈക്കുടം ഫെറി, ചമ്മനാട്, എഴുപുന്ന തെക്ക്, കരുമാഞ്ചേരി , എരമല്ലൂര്‍, കുട പുറം ഫെറി, എഴുപുന്ന വടക്ക്, ശ്രീനാരായണപുരം, ചന്തിരൂര്‍, അരൂര്‍, അരൂര്‍ കെല്‍ട്രോണ്‍, പുത്തനങ്ങാടി, അരൂര്‍മുക്കം എന്നീ പ്രദേശങ്ങളില്‍ കുടിവെള്ള പ്രതിസന്ധി രൂക്ഷമാണ്.
നിരവധി മത്സ്യസംസ്‌ക്കരണ വ്യവസായശാലകള്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ മലിനീകരണം രൂക്ഷമായതിനാല്‍ ശുദ്ധജലലഭ്യത കുറവ് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.
മുന്‍ കാലങ്ങളിലെ പോലെ തീരദേശമേഖലകളിലടക്കമുള്ള പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ശുദ്ധജലമെത്തിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് തീരദേശ മേഖലയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."