HOME
DETAILS
MAL
കൊവിഡ് -19: കേരള പൊലിസിന്റെ നൃത്തത്തിന് അഭിനന്ദനവുമായി അന്തര്‍ദേശീയ മാധ്യമങ്ങള്‍
backup
March 21 2020 | 05:03 AM
തിരുവനന്തപുരം: കൊവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി കൈകഴുകല്‍ ബോധവല്‍ക്കരണം നൃത്തത്തിലൂടെ അവതരിപ്പിച്ച കേരള പൊലിസിന് അഭിനന്ദനവുമായി അന്തര്‍ദേശീയ മാധ്യമങ്ങള്‍. റോയിട്ടേഴ്‌സ്, എ.എഫ്.പി, എ.എന്‍.ഐ തുടങ്ങിയ അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സികളും ബി.ബി.സി, ഫോക്‌സ് ന്യൂസ് 5, റഷ്യ ടുഡേ, സ്‌കൈ ന്യൂസ്, സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ്, ഇറ്റാലിയന്‍ ചാനലായ ട്രെന്റിനോ, ഡെച്ച് ടി.വി ചാനലായ എന്‍.ഒ.എസ് തുര്‍ക്കി ചാനലായ എ ന്യൂസ് എന്നീ വിദേശമാധ്യമങ്ങളും പൊലിസിന് അഭിനന്ദനമറിയിച്ച് വാര്‍ത്ത നല്‍കി.
ഡല്‍ഹിയിലെ യു.എസ് എംബസിയും ആശംസയുമായി അവരുടെ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലേയും ചാനലുകളും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും സ്‌റ്റേറ്റ് പൊലിസ് മീഡിയ സെന്ററിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് വാര്‍ത്ത നല്‍കി. വൈറസ് ബാധ ചെറുക്കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച ബ്രേക്ക് ദി ചെയിന്‍ കാംപയിന് പിന്തുണ നല്‍കിയാണ് കേരള പൊലിസ് നൃത്ത വീഡിയോ തയാറാക്കിയത്. പൊലിസിന്റെ പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സ്‌റ്റേറ്റ് പൊലിസ് മീഡിയ സെന്ററായിരുന്നു വീഡിയോ തയാറാക്കിയത്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലകാത്ത എന്ന് തുടങ്ങുന്ന ഗാനത്തിനോടൊപ്പം നൃത്തമാടുമ്പോള്‍ കേവലമൊരു ആശയവിനിമയ പരിപാടിയെന്ന് മാത്രമെ പൊലിസ് കരുതിയുള്ളൂ. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ട് ഏഴര മണിയോടെ സ്‌റ്റേറ്റ് പൊലിസ് മീഡിയ സെന്ററിന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ മിനിറ്റുകള്‍ക്കക്കം വൈറലാവുകയായിരുന്നു. ഒരു രൂപ പോലും മുതല്‍ മുടക്കാതെ സ്വന്തം കാമറയും എഡിറ്റിങ് സൗകര്യവും ഉപയോഗിച്ചായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."