കുരുമ്പുപാടം വളവ് വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
തൊടുപുഴ: അപകടങ്ങള്‍ പതിവു കാഴ്ചയായി മാറുന്ന തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടിലെ കുരുമ്പുപാടം വളവ് വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ദിനംപ്രതി ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്. കഴിഞ്ഞ ദിവസം രാത്രി മാത്രം നാല് അപകടങ്ങള്‍ കുരുമ്പുപാടത്തിന് അര കിലോമീറ്റര്‍ ചുറ്റളവിലുണ്ടായി. റോഡില്‍ നിന്നും തോട്ടിലേക്ക് മറിഞ്ഞ് ബൈക്കു യാത്രക്കാരനു പരുക്കേറ്റിരുന്നു. നിരന്തരം വാഹനാപകടങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുന്ന പരിസര വാസികള്‍ റോഡ് നിര്‍മാണത്തിലെ അപാകതയാണ് അപകടങ്ങള്‍ പതിവാകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വാഹനത്തിരക്കേറിയ തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടിലാണ് അപകടം പതിയിരിക്കുന്ന കുരുമ്പുപാടം വളവ്. നിരപ്പായ റോഡായതിനാല്‍ പലപ്പോഴും വാഹനങ്ങള്‍ അമിത വേഗതയിലാണ് ഇതു വഴി സഞ്ചരിക്കുന്നത്. എന്നാല്‍ അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ വളവില്‍ നിയന്ത്രണം ലഭിക്കാതെ അപകടത്തില്‍പ്പെടുകയാണ് ചെയ്യുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നതിലേറെയും. വലിയ അപകടങ്ങളില്‍ നിന്നു യാത്രക്കാര്‍ രക്ഷപെടുന്നത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു.
കൊടും വളവായതിനാല്‍ ഇവിടെ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുള്ള സംവിധാനമില്ലാത്തതാണ് അപകട സാധ്യതകള്‍ ഉയര്‍ത്തുന്നത്. അപായ സൂചനകള്‍ നല്‍കുന്ന മുന്നറിയിപ്പു ബോര്‍ഡുകള്‍ ഇല്ലാത്തതും അപകടത്തിനു കാരണമാകുന്നു. കുരുമ്പുപാടം മേഖലയില്‍ വേഗ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."