HOME
DETAILS
MAL
ലീഗ് അംഗം കൂറുമാറി കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ പുറത്ത്
backup
March 21 2020 | 05:03 AM
കണ്ണൂര്‍: എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് പുറത്തായി. 55 അംഗ കൗണ്‍സിലില്‍ 28 വോട്ട് നേടിയാണ് അവിശ്വാസം പാസായത്. നിലവില്‍ 28 അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫില്‍ നിന്ന് കക്കാട് ഡിവിഷനിലെ മുസ്ലിംലീഗ് അംഗം കെ.പി.എ സലീം പ്രമേയത്തെ അനുകൂലിച്ചതോടെയാണ് പി.കെ രാഗേഷിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നഷ്ടമായത്.
വരണാധികാരിയായ കലക്ടര്‍ ടി.വി സുഭാഷ് അധ്യക്ഷനായ യോഗത്തില്‍ മേയര്‍ സുമാ ബാലകൃഷ്ണന് മൂന്നു മിനിറ്റ് വൈകിയതിനാല്‍ കൗണ്‍സില്‍ ഹാളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. പിന്നാലെയെത്തിയ യു.ഡി.എഫിലെ സി.കെ വിനോദ്, കെ. പ്രകാശന്, മിനാസ്, റഷീദ മഹലില്‍ എന്നിവര്‍ക്കും ഹാളിലേക്കു കയറാനായില്ല. യു.ഡി.എഫിലെ കെ.കെ ഭാരതിയും എം.കെ ധനേഷ് ബാബുവും ശാരീരിക അസ്വാസ്ഥ്യം കാരണം എത്തിയില്ല. ഇതോടെ വോട്ടെടുപ്പില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ അംഗബലം 20 ആയി കുറഞ്ഞു. എന്നാല്‍, വോട്ടെടുപ്പില്‍ നിന്നു യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നു.
ഈ മാസം എട്ടിനാണ് ഡെപ്യൂട്ടി മേയര്‍ക്കെതിരേ എല്‍.ഡി.എഫ് അവിശ്വാസപ്രമേയ നോട്ടിസ് നല്‍കിയത്. പി.കെ രാഗേഷ് നടത്തുന്ന ഏകാധിപത്യ ഭരണം, ജനാധിപത്യവിരുദ്ധ തീരുമാനങ്ങള്‍, എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളോടുള്ള വിവേചനം തുടങ്ങിയവ ഉന്നയിച്ചാണു കലക്ടര്‍ക്ക് എല്‍.ഡി.എഫ് നോട്ടിസ് നല്‍കിയത്. കൗണ്‍സിലില്‍ എല്‍.ഡി.എഫിന് 27ഉം യു.ഡി.എഫിനു പി.കെ രാഗേഷടക്കം 28ഉം കൗണ്സിലര്മാരാണുണ്ടായത്. എല്‍.ഡി.എഫ് ഭരണകാലത്ത് എല്‍.ഡി.എഫ് പിന്തുണയോടെയാണ് രാഗേഷ് ഡെപ്യൂട്ടി മേയറായത്. പിന്നീട് രാഗേഷ് യു.ഡി.എഫിനൊപ്പം നിന്നതോടെയാണു കോര്പറേഷന് ഭരണം അവര്‍ക്കു ലഭിച്ചത്. കെ.പി.എ സലീമിനെ മുസ്ലിംലീഗില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതായി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."