ജിഷ വധം: മൊഴി മാറ്റിയും മറിച്ചും പ്രതി
കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയതിന്റെ യഥാര്‍ഥ കാരണത്തെക്കുറിച്ച് പ്രതി അമീറുല്‍ ഇസ്്‌ലാമില്‍ നിന്ന് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തത് അന്വേഷണ സംഘത്തെ വലയ്ക്കുന്നു.
ജിഷയുടെ വീടിനുസമീപത്തെ കുളിക്കടവില്‍ വെച്ച് ഒരു സ്ത്രീയോട് മോശമായിപെരുമാറിയതിനെ തുടര്‍ന്ന് ഈ സ്ത്രീ ഇയാളെ അടിച്ചിരുന്നുവെന്നും ഇതുകണ്ടുനിന്ന ജിഷ ചിരിച്ചതാണ് കൊലയിലേക്ക് നയിക്കാനിടയാക്കിയതെന്നുമാണ് ഇയാള്‍ ആദ്യം പൊലിസിന് മൊഴി നല്‍കിയിരുന്നത്.
കൊലനടന്ന ദിവസമായ ഏപ്രില്‍ 28 ന് രാവിലെ ജിഷയുടെ വീടിനു സമീപത്തുകൂടി നടന്നുപോയപ്പോള്‍ ചില അശ്ലീല ചേഷ്ടകള്‍ കാണിച്ചപ്പോള്‍ ചെരിപ്പൂരി അടിക്കുമെന്ന് ജിഷ ആംഗ്യം കാണിച്ചെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു. അന്ന് തന്നെ ഉച്ചയ്ക്ക്‌ശേഷം മദ്യപിച്ചെത്തിയ താന്‍ കൊലനടത്തുകയായിരുന്നുവെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞിരുന്നത്. മരിക്കുന്നതിനുമുമ്പ് ജിഷ വെള്ളം ചോദിച്ചപ്പോള്‍ താന്‍ കൈയ്യില്‍ കരുതിയിരുന്ന മദ്യം ഒഴിച്ചുനല്‍കിയെന്നും പറഞ്ഞിരുന്നു.
മുന്‍കൂട്ടി കരുതിയിരുന്ന കത്തികൊണ്ടാണ് ജിഷയുടെ കഴുത്തിനും വയറിനുമൊക്കെ കുത്തിയത്. ദേഷ്യം കാരണം മൃതദേഹം കുത്തി വികൃതമാക്കിയതും ഈ കത്തികൊണ്ടാണെന്നും അമീറുല്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ മൊഴികളൊക്കെ മാറ്റിയും മറിച്ചും പറഞ്ഞതോടെ കുഴങ്ങിയത് അന്വേഷണസംഘമാണ്. പ്രതി കുറ്റം സമ്മതിച്ചു എന്ന് പറയുമ്പോഴും അന്വേഷണസംഘത്തിന് പല ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ കഴിയുന്നില്ല. കുളിക്കടവിലെ സംഭവം കോളനി നിവാസികളായ സ്ത്രീകള്‍ നിഷേധിച്ചതും പൊലിസിന് തിരിച്ചടിയായിരിക്കുകയാണ്.
സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചെന്ന് പറഞ്ഞ പ്രതി പിന്നീട് ഇതും തിരുത്തി. കാര്യങ്ങള്‍ മാറ്റിമാറ്റിപ്പറയുന്നതാണ് പൊലിസിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നത്. താന്‍ ഒന്നിലേറെ ആയുധം ഉപയോഗിച്ചിരുന്നെന്ന പ്രതിയുടെ പുതിയ മൊഴിയും പൊലിസിനെ വലയ്ക്കുകയാണ്.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് പ്രതിയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അസമീസ് ഭാഷയിലാണ് ചോദ്യംചെയ്തിരുന്നത്. എന്നിട്ടും കൊലപാതകത്തിന് കാരണമായ വിവരങ്ങള്‍ വ്യക്തമായി അറിയാന്‍ സാധിച്ചിട്ടില്ല.റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ ഉടന്‍ തിരിച്ചറിയല്‍ പരേഡ് നടത്തി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലിസ് തീരുമാനം.
തെളിവെടുപ്പിനുശേഷം വിശദമായി ചോദ്യം ചെയ്താല്‍ കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. പ്രതി കൊടുംകുറ്റവാളിയാണെന്നായിരുന്നു അന്വേഷണസംഘം ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഇയാള്‍ക്കെതിരെ ഇതിനുമുമ്പ് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അസമില്‍ ഇയാള്‍ താമസിക്കുന്ന വീട് ഉള്‍പ്പെടുന്ന നൗഗ ജില്ലയിലെ പൊലിസ് മേധാവി നല്‍കുന്ന റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുനിന്നു ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട കാര്യവും പറയുന്നുണ്ട്.
എന്നാല്‍ എവിടെ നിന്നാണ് ഭക്ഷണം കഴിച്ചതെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലിസിന് കഴിഞ്ഞിട്ടില്ല. വീടിന് തൊട്ടടുത്ത വളം വില്‍പ്പനശാലയില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങളില്‍ ജിഷയ്‌ക്കൊപ്പം നടന്നുപോകുന്ന യുവാവ് ആരെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. വൈകുന്നേരം അഞ്ചോടെ ജിഷയുടെ വീട്ടിലെത്തി കൃത്യം നടത്തിയെന്നാണ് പ്രതി പറയുന്നത്. എന്നാല്‍ അഞ്ചരയ്ക്കു ശേഷം പൈപ്പില്‍ നിന്നും ജിഷ വെള്ളമെടുക്കുന്നത് കണ്ടതായി സമീപവാസി മൊഴിനല്‍കിയിട്ടുണ്ട്.
അതേസമയം ഇതാണ് ഞാന്‍ ആരെയും വിശ്വസിക്കാത്തത് എന്ന് ജിഷ അവസാനമായി പറഞ്ഞത് മലയാളം അറിയാത്ത അമീറുല്‍ ഇസ്്‌ലാമിനോടായിരുന്നോ എന്ന ചോദ്യവും പൊലിസിന് മുന്നില്‍ ബാക്കി നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."