HOME
DETAILS
MAL
ഇനി ബി.ജെ.പി ഭരിക്കും; എത്രകാലം?
backup
March 21 2020 | 06:03 AM
ഭോപ്പാല്‍: പാര്‍ട്ടിവിട്ട ജ്യോതിരാദിത്യ സിന്ധ്യയ്ക്കു പിന്തുണ പ്രഖ്യാപിച്ച മന്ത്രിമാരടക്കമുള്ള 22 കോണ്‍ഗ്രസ് എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ഇന്നലെ ഉച്ചയോടെ ഗവര്‍ണറെ കാണാനെത്തി. വിശ്വാസവോട്ടെടുപ്പ് തേടണമെന്ന ഗവര്‍ണറുടെ ആവശ്യം നേരത്തെ സ്പീക്കര്‍ നിരസിച്ചിരുന്നു. ഇന്നലെ ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ കണ്ട കമല്‍നാഥ് വിശ്വാസ വോട്ടെടുപ്പിനെക്കുറിച്ചൊന്നും പറഞ്ഞില്ല, രാജി സമര്‍പ്പിച്ചു. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനും കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിനും വിധേയമായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു. ഒരിടവേളയ്ക്കു ശേഷം സംസ്ഥാനം ഇനി ബി.ജെ.പി ഭരിക്കും.
15 മാസത്തെ ഭരണത്തിനു ശേഷമാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവച്ച് പുറത്തുപോകുന്നത്. സര്‍ക്കാര്‍ രൂപീകരിച്ചതു മുതല്‍തന്നെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെ, കോണ്‍ഗ്രസിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ പലപ്പോഴായി വിമതസ്വരം കടുപ്പിക്കുകയും പരസ്യമാക്കുകയും ചെയ്തു. സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെതിരേ പരസ്യ സമരത്തിനുവരെ ഒരുവേള അദ്ദേഹം ആഹ്വാനം ചെയ്തു. പിന്നാലെ, 22 കോണ്‍ഗ്രസ് എം.എല്‍.എമാരെ കാണാതായി. ഇവരെ ബംഗളൂരുവിലേക്കു മാറ്റിയിരിക്കുകയാണെന്ന വിവരം ലഭിച്ചതിനു പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദര്‍ശിച്ച വാര്‍ത്തയും പുറത്തുവന്നു. ഇതോടെ അദ്ദേഹം ബി.ജെ.പിയിലേക്കു ചേക്കേറുകയാണെന്ന് ഉറപ്പായി.
വിമത എം.എല്‍.എമാരെ കൂടെനിര്‍ത്താനായി പിന്നീട് കോണ്‍ഗ്രസിന്റെ തീവ്ര ശ്രമം. ഇതിനായി ബംഗളൂരുവിലെത്തിയ ദിഗ് വിജയ് സിങ്, ഡി.കെ ശിവകുമാര്‍ എന്നിവരടക്കമുള്ള നേതാക്കള്‍ക്ക് എം.എല്‍.എമാരെ കാണാനായില്ല. ഇവരെ പൊലിസ് അറസ്റ്റ് ചെയ്തു. 22 എം.എല്‍.എമാരും രാജിവച്ചിരുന്നെങ്കിലും ആറുപേരുടെ രാജിമാത്രമായിരുന്നു സ്പീക്കര്‍ സ്വീകരിച്ചിരുന്നത്. മറ്റുള്ളവര്‍ തന്നെ കാണണമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. മാര്‍ച്ച് 16നു നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ നീട്ടിവയ്ക്കുകയും ചെയ്തു. ഇതോടെ, കോണ്‍ഗ്രസിനു സാവകാശം കിട്ടിയെങ്കിലും വിമത എം.എല്‍.എമാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ജനാധിപത്യ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന വാദവുമായി കോണ്‍ഗ്രസും കോടതിയിലെത്തിയെങ്കിലും ഇന്നലെ വൈകിട്ട് അഞ്ചിനു മുന്‍പ് വിശ്വാസവോട്ടെടുപ്പ് നടത്താനായിരുന്നു കോടതി വിധിച്ചത്. ഇതോടെ, സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായിരുന്നു. തുടര്‍ന്നാണ് വിശ്വാസവോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ കമല്‍നാഥ് രാജിവച്ചത്.
230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുണ്ടായിരുന്നത്. സ്വതന്ത്രരുടെ കൂടി പിന്തുണയോടെയായിരുന്നു കോണ്‍ഗ്രസ് ഭരിച്ചിരുന്നത്. കഴിഞ്ഞ ദിവസത്തോടെ 22 വിമത എം.എല്‍.എമാരുടെയും രാജി സ്പീക്കര്‍ സ്വീകരിച്ചതോടെ കോണ്‍ഗ്രസിന്റെ അംഗബലം 92 ആയി. ബി.ജെ.പിക്ക് 107 എം.എല്‍.എമാരാണുള്ളത്. ഇതോടെ, ബി.ജെ.പിക്കു നിലവില്‍ സഭയില്‍ ഭൂരിപക്ഷമായി. എന്നാല്‍, രാജിവച്ച എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ ഇനി നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ പ്രധാനമാണ്. അവയില്‍ കോണ്‍ഗ്രസിനു തന്നെ ജയിക്കാനായാല്‍ ബി.ജെ.പിക്കും ഭരണം നഷ്ടപ്പെടും.
ഇതിനു പുറമേ, ബി.ജെ.പിയിലും തമ്മിലടി രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ ശിവരാജ് സിങ് ചൗഹാനെയാണ് ബി.ജെ.പി മുഖ്യമന്ത്രിയാക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ ബി.ജെ.പിയില്‍ അഭിപ്രായവ്യത്യാസമുണ്ട്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, മുന്‍ മന്ത്രി നരോത്തം മിശ്ര തുടങ്ങിയവരും മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി രംഗത്തുണ്ട്. ഇതോടെ, ചൗഹാനും ഭരണം മുന്നോട്ടുകൊണ്ടുപോകുക പ്രയാസമാകും.
അതേ സമയം, ജ്യോതിരാദിത്യ സിന്ധ്യയുടെ നിലപാടും പ്രധാനമാണ്. നിലവില്‍ രാജ്യസഭാ ടിക്കറ്റ് നല്‍കി അദ്ദേഹത്തെ ബി.ജെ.പി കേന്ദ്രമന്ത്രിയാക്കുമെങ്കിലും മധ്യപ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് സിന്ധ്യയ്ക്കു താല്‍പര്യം.
മുഖ്യമന്ത്രി സ്ഥാനത്തിനായി ഭാവിയില്‍ അദ്ദേഹവും കരുക്കള്‍ നീക്കാന്‍ സാധ്യതയുണ്ട്. ഇതോടെ, നേരത്തേതന്നെ ബി.ജെ.പിക്കാരായ അദ്ദേഹത്തിന്റെ കുടുംബവും കൂടെനിന്നാല്‍ ശിവരാജ് സിങ് ചൗഹാനും ബി.ജെ.പിക്കും അഭിപ്രായവ്യത്യാസങ്ങളെയും വിമത നീക്കങ്ങളെയും നേരിടേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."