നടി മമത കുല്‍ക്കര്‍നി മയക്കു മരുന്ന് സംഘത്തിലെ പ്രധാന കണ്ണി
മുംബൈ: മുന്‍ബോളിവുഡ് നടി മമത കുല്‍ക്കര്‍നി മയക്കു മരുന്ന് സംഘത്തിലെ പ്രധാന കണ്ണിയെന്ന് താനെ പൊലിസ്. മമത കുല്‍ക്കര്‍നിയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയും അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയകളുമായി ബന്ധം പുലര്‍ത്തിയെന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണു ലഭിച്ചത്. ബോളിവുഡിലെ ആരെല്ലാം ഇതുമായി ബന്ധപ്പെട്ടുവെന്നുള്ള അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പൊലിസ് അറിയിച്ചു.
മമത കുല്‍ക്കര്‍നി അന്താരാഷ്ട്ര മയക്കുമരുന്ന് വ്യാപാരിയായ അബ്ദുല്ലയുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്ന് പൊലിസ് വ്യക്തമാക്കി. അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്നു കേസില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായിട്ടുളളത്. മമതക്കെതിരായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള തയാറെടുപ്പിലാണ് പൊലിസ്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 2000 കോടിയോളം രൂപയുടെ മയക്കുമരുന്നു നിര്‍മാണ അസംസ്‌കൃത വസ്തുക്കള്‍ കൈവശം വച്ച സംഘത്തെ പൊലിസ് പിടികൂടിയത്. മുബൈയില്‍ നിന്ന് കെനിയ വഴി അമേരിക്കയിലേക്കു മയക്കുമരുന്നു കടത്തുന്ന സംഘമാണ് പിടിയിലായത്. മമതയുടെ ഭര്‍ത്താവ് വിക്കിയുടെ അന്താരാഷ്ട്ര മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ പൊലിസിന് വിവരം ലഭിച്ചിരുന്നു. 2014 നവംബറില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുമ്പോള്‍ ദുബൈ വിമാനത്താവളത്തില്‍ മമതയും വിക്കിയും പിടിയിലായിരുന്നു.
മുംബൈയില്‍ ജനിച്ച മമത നിരവധി ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരങ്ക എന്നചിത്രത്തിലും ആശിക് ആവാറാ,ബാസി തുടങ്ങിയ അനവധി ചിത്രങ്ങളില്‍ അഭിനയിച്ചതിനു പുറമേ മലയാള ചിത്രമായ ചന്ദാമാമയിലും അഭിനയിച്ചിരുന്നു. നഗ്നതാ പ്രദര്‍ശനവും അധോലോക ബന്ധവും മമതയെ നേരത്തെ തന്നെ വിവാദനായികയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."