നോട്ടുനിരോധനത്തിന് ശേഷമുള്ള തൊഴില്‍നഷ്ടം: വിവരങ്ങള്‍ ലഭ്യമല്ലെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനുശേഷം രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് വര്‍ധിച്ചെന്ന റിപ്പോര്‍ട്ടിനു പിന്നാലെ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 2017-18 കാലയളവില്‍ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മയെന്ന് സാംപിള്‍ സര്‍വേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അസംഘടിത മേഖലയിലുണ്ടായ തൊഴില്‍നഷ്ടത്തിന്റെ കണക്കുകളൊന്നും സര്‍ക്കാരിന്റെ കൈവശമില്ലെന്ന് തൊഴില്‍ സഹമന്ത്രി സന്തോഷ് ഗാങ്‌വാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഇതേ ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടിരുന്നു.
നാഷനല്‍ സാംപിള്‍ സര്‍വേയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തൊഴിലില്ലായ്മ സംബന്ധിച്ച് വലിയ തോതിലുള്ള ആശങ്കയാണ് ഉയരുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക്‌സഭയില്‍ ബി.ജെ.ഡി അംഗം രബീന്ദ്ര കുമാര്‍ ജനയാണ് ചോദ്യം ഉന്നയിച്ചത്. ഏതുതരത്തിലാണു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിലയിരുത്തല്‍ നടത്തിയതെന്നും തൊഴില്‍വര്‍ധന സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചതെന്നും അദ്ദേഹം ചോദിച്ചു. നോട്ടുനിരോധനത്തിനുശേഷം തൊഴില്‍ പ്രതിസന്ധി ഏറ്റവും കൂടുതലുണ്ടായത് അസംഘടിത മേഖലയിലാണോ എന്നും രബീന്ദ്ര കുമാര്‍ ചോദിച്ചു. ഇക്കാര്യത്തിലാണു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നു മന്ത്രി പറഞ്ഞത്.
എഴുതി തയാറാക്കിയ റിപ്പോര്‍ട്ടില്‍ അസംഘടിത മേഖലയെ ചൂണ്ടിക്കാട്ടി പ്രത്യേക രേഖ തയാറാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും തൊഴില്‍ സഹമന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ നാലുവര്‍ഷത്തില്‍ തൊഴില്‍ ശക്തിയെക്കാള്‍ കൂടുതലാണോ തൊഴിലില്ലായ്മയുടെ കണക്കെന്ന സി.പി.എം അംഗം പി.കെ ബിജുവിന്റെ ചോദ്യത്തിന് 2015-16നും 2018 നവംബര്‍ 30നും ഇടയില്‍ ഏകദേശം 14.03 ലക്ഷം പേര്‍ക്കു തൊഴില്‍ ലഭിച്ചതായി വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."