ടിക്കറ്റ് നിരക്ക് ഉയര്‍ത്തി വിമാന കമ്പനികള്‍
ജിദ്ദ: ഗള്‍ഫ് മേഖലയില്‍ സ്കൂള്‍ അവധിയും പെരുന്നാളിനും നാട്ടിലെത്തുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികളുടെ കൊള്ള. ഗള്‍ഫ് മേഖലയിലേക്ക് സര്‍വിസ് നടത്തുന്ന കമ്പനികളാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. ഒരേ റൂട്ടില്‍ ഈടാക്കുന്ന നിരക്കില്‍ വന്വ്യത്യാസമാണുള്ളത്. ജിദ്ദ, റിയാദ്, ദുബൈ, മസ്കത്ത്, ഷാര്‍ജ, അബൂദബി, ദമാം, ദോഹ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വര്‍ധന.
ഗള്‍ഫ് സ്കൂളുകളുടെ അവധിയും പെരുന്നാളും ഒരുമിച്ച് എത്തിയതോടെ ജൂണ്‍ മാസത്തില്‍ നാട്ടിലേക്കും തിരിച്ച് ഓഗസ്റ്റ്, സപ്തംബര്‍ മാസങ്ങളിലെ യാത്രയും ലക്ഷ്യം വച്ചാണ് വിമാനക്കമ്പനികള്നിരക്കുകളില് വന്‍വര്‍ധനവ് വരുത്തിയിരിക്കുന്നത്.
അടുത്തമാസം ഓണമായതിനാല്‍ പെരുന്നാള്‍ കഴിഞ്ഞാലും നിരക്കില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടെന്നാണു ട്രാവല്‍ ഏജന്‍സികള്‍ നല്കുന്ന സൂചന.
ഇന്ത്യന്വിമാനക്കമ്പനിയായ എയര്‍ഇന്ത്യയാണ് വിദേശ മലയാളികളുടെ കേരള യാത്ര ദുരിതത്തിലാക്കിയിരിക്കുന്നത്. എയര്‍ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് നോക്കി മറ്റ് വിദേശ കമ്പനികളും നിരക്ക് നിശ്ചയിക്കുന്ന അവസ്ഥയാണ് നിലവില്‍.
ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് 40,000 മുതല്‍ 50,000 രൂപ വരെയാണ് വിമാനക്കമ്പനികള്‍ പ്രവാസികളില്‍നിന്ന് ഈടാക്കുന്നത്. എന്നാല്‍ പെരുന്നാള്‍ വരെ നേരിട്ടുള്ള ടിക്കറ്റുകളൊന്നും ലഭ്യമല്ല. മെയ് മുതലാണ് ഗള്‍ഫിലേക്കുള്ള നിരക്കുകള്‍ വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."