ശിവസേനക്ക് തന്ത്രങ്ങളൊരുക്കാന്‍ പ്രശാന്ത് കിഷോര്‍ എത്തുന്നു
മുംബൈ: തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചാണക്യനെന്നു വിശേഷിപ്പിക്കുന്ന പ്രശാന്ത് കിഷോര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ശിവസേനക്കൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കും. 2014ലെ മോദിയുടെ തെരഞ്ഞെടുപ്പിന്റെ മുഖ്യപ്രചാരകന്റെ റോളില്‍ പ്രവര്‍ത്തിച്ച പ്രശാന്ത് ഇന്നലെ മുംബൈയിലെത്തി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായും ശിവസേനാ യുവജന വിഭാഗം അധ്യക്ഷന്‍ ആദിത്യാ താക്കറെയുമായും ചര്‍ച്ച നടത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയതന്ത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശിവസേനയുടെ പ്രചാരണമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. നിലവില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യുവിന്റെ വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. ഉദ്ധവുമായി പ്രശാന്ത് വിശദമായ ചര്‍ച്ച നടത്തിയെന്നും തെരഞ്ഞെടുപ്പില്‍ നിര്‍ണായക റോളാണ് ശിവസേനക്കുള്ളതെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം സ്ഥാപിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ ഒരു നിലപാടും ശിവസേനയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ബി.ജെ.പിയുമായി സഖ്യമെന്നത് ഇപ്പോള്‍ പ്രധാന വിഷയമല്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുമുന്‍പ് മഹാരാഷ്ട്രയിലെ പ്രാദേശിക വിഷയങ്ങളില്‍ ഊന്നല്‍നല്‍കാന്‍ പ്രശാന്ത് കിഷോര്‍ ശിവസേനയോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ നിലപാട് മെച്ചപ്പെടുത്തുന്നതോടെ മഹാരാഷ്ട്രയില്‍ അടിത്തറ വിപുലമാക്കി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കസേര സ്വന്തമാക്കുകയാണ് ഉദ്ധവ് താക്കറെ ലക്ഷ്യമിടുന്നതെന്നാണു വിവരം.
അതേസമയം, പ്രശാന്ത് കിഷോര്‍ ബി.ജെ.പിക്കെതിരേ ഒരു തരത്തിലുമുള്ള നീക്കവും നടത്തില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണു താന്‍ ശിവസേനയുമായി പങ്കുവയ്ക്കുന്നതെന്നു പറഞ്ഞ അദ്ദേഹം ശിവസേനയെ ബി.ജെ.പിയുമായി ബന്ധിപ്പിക്കാനുള്ള ഇടനിലക്കാരനായി പ്രവര്‍ത്തിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."