ആലപ്പാട് നശിപ്പിച്ച് ഖനനം വേണ്ട: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: ഒരു നാട് മുഴുവന്‍ നശിപ്പിച്ചിട്ട് ആലപ്പാട്ട് കരിമണല്‍ ഖനനം വേണ്ടെന്ന ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയില്‍. കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടെ ജനങ്ങള്‍ നടത്തുന്ന സമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നത് ശരിയല്ലെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
കരിമണല്‍ ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആലപ്പാട്ടെ ജനങ്ങള്‍ നടത്തുന്ന സമരം 97 ദിവസം പിന്നിട്ടിട്ടും അവരുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കുന്നത് ശരിയല്ലെന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച പി.ടി തോമസ് ചൂണ്ടിക്കാട്ടി. അടിയന്തരമായി സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടണം. 3,600 കുടുംബങ്ങളുടെ 180 ഹെക്ടര്‍ സ്ഥലം ഉടമസ്ഥരുടെ അനുമതി ചോദിക്കാതെ ഗവര്‍ണറുടെ പേരില്‍ ഡീഡ് എഗ്രിമെന്റ് എഴുതിയുണ്ടാക്കിയാണ് ഖന നം നടത്തുന്നതെന്ന് പി.ടി തോമസ് ആരോപിച്ചു. ഈ സ്ഥലം ഏറ്റെടുത്തത് പാവപ്പെട്ട ജനങ്ങള്‍ അറിഞ്ഞിട്ടില്ല. പൊതുമേഖലയെ രക്ഷിക്കാനാണ് ഖന നമെങ്കില്‍, ധാതുസമ്പത്ത് സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
കൊച്ചിയിലെ സി.എം.ആര്‍.എല്ലിനും തൂത്തുക്കുടിയിലെ വി.വി മിനറല്‍സിനും വില്‍പ്പന നടത്തുന്ന ധാതുസമ്പത്തിന്റെ ഒരുകിലോ പോലും പൊതുമേഖലാ സ്ഥാപനമായ കെ.എം.എല്‍.എല്ലിന് നല്‍കുന്നില്ല. ഖനനത്തിന് ശേഷം ഒരു തരി മണല്‍പോലും അവിടെ തിരികെ നിക്ഷേപിച്ചിട്ടില്ലെന്നും അമ്പലങ്ങളും സ്‌കൂളുകളും പൊതുമരാമത്ത് റോഡുകളുമടക്കം ഖനനത്തിലൂടെ നാമാവശേഷമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖന നം നിര്‍ത്തിവെയ്ക്കാന്‍ ഉദ്ദേശ്യമില്ലെന്നും ഖന നത്തിനെതിരെയുള്ള സമരം സംസ്ഥാനത്തിന്റെ വികസനത്തിനും താല്‍പര്യങ്ങള്‍ക്കും എതിരെയുള്ളതാണെന്നും മന്ത്രി ഇ.പി ജയരാജന്‍ മറുപടി പറഞ്ഞു. അവിടെ നിന്ന് ലോറിയിലും ബോട്ടിലുമായി കരിമണല്‍ കടത്തുകയാണെന്നും ആ കള്ളക്കടത്ത് തടയാന്‍ കഴിഞ്ഞാല്‍ സമരം അപ്പോള്‍ അവസാനിക്കുമെന്നും മന്ത്രി സഭയില്‍ അറിയിച്ചു.
ഖനനമല്ല, പകരം കാലാവസ്ഥാ വ്യതിയാനവും സുനാമിയുമാണ് ആലപ്പാട്ടെ തീരശോഷണത്തിന് കാരണമായതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. പ്രതിപക്ഷം ഖനനത്തിന് എതിരല്ലെന്നും ആലപ്പാട്ടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാത്തതിലുള്ള പ്രതിഷേധമാണ് പ്രകടിപ്പിക്കുന്നതെന്നും വാക്കൗട്ട് പ്രസംഗത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോഴവിടെ നടക്കുന്ന ഖനനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കരിമണല്‍ ഖനനത്തിന്റെ ഭാഗമായി ഒരു നാട് തന്നെ ഇല്ലാതാവുകയാണെന്ന നില ശരിയല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."