പമ്പ്ഡ് സ്റ്റോറേജ് പദ്ധതി പ്രായോഗികമല്ലെന്ന് റിപ്പോര്‍ട്ട്
#ബാസിത് ഹസന്‍
തൊടുപുഴ: സംസ്ഥാനത്തിന്റെ പീക്ക് ലോഡ് വൈദ്യുതി ആവശ്യം മുന്‍നിര്‍ത്തി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഇടുക്കി രണ്ടാം വൈദ്യുതി നിലയത്തില്‍ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി പ്രായോഗികമല്ലെന്ന് റിപ്പോര്‍ട്ട്.
ഇടുക്കി പോലെ പവര്‍ ഹൗസില്‍ നിന്നും അണക്കെട്ടിലേക്ക് ഉയരം കൂടുതലുള്ള (ഹെഡ്) പ്രദേശത്തെ പദ്ധതിയില്‍ പരമ്പരാഗത വൈദ്യുതി നിലയം തന്നെയാണ് പ്രായോഗികമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് പറയുന്നു. അടുത്ത 18ന് ചേരുന്ന കെ.എസ്.ഇ.ബി ഫുള്‍ ബോര്‍ഡ് യോഗം റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്തശേഷം അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാരിന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് കെ.എസ്.ഇ.ബി തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിന കര്‍മ പദ്ധതിയിലും ബജറ്റിലും ഇടുക്കി രണ്ടാം വൈദ്യുതി നിലയം ഇടം നേടിയിട്ടുണ്ട്. കെ.എസ്.ഇ.ബി ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ആര്‍.റെജുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പമ്പ്ഡ് സ്റ്റോറേജ് പദ്ധതി കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ 500 മീറ്ററില്‍ അധികം ഹെഡ് പാടില്ല. ഇടുക്കിയില്‍ 650 മീറ്ററാണ് ഹെഡ്. നിലവിലുള്ളതുപോലെ പരമ്പരാഗത പവര്‍ഹൗസ് തന്നെയാണ് ഇവിടെ അനുയോജ്യമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇടമലയാര്‍ പോലെയുള്ള ഹെഡ് കുറഞ്ഞ പദ്ധതിയില്‍ പമ്പ്ഡ് സ്റ്റോറേജ് അനുയോജ്യമാണ്. അറക്കുളത്തിനും കാഞ്ഞാറിനും ഇടയില്‍ നിലവിലുള്ള പവര്‍ ഹൗസില്‍ നിന്നും 500 മീറ്റര്‍ മാറി 800 മെഗാവാട്ടിന്റെ പുതിയ പവര്‍ ഹൗസ് സ്ഥാപിക്കുന്നതിനാണ് മുന്തിയ പരിഗണന. 200 മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകള്‍ സ്ഥാപിക്കലാണ് പരിഗണിക്കുന്നത്. ഇതോടെ ഇടുക്കിയുടെ ശേഷി 1,580 മെഗാവാട്ടായി ഉയരും.ഏകദേശം രണ്ടു കി.മീ ടണലും നാല് കി.മീ. ടെയില്‍ റേസുമാണ് വേണ്ടി വരുന്നത്. നിലവിലുള്ള നിലയത്തിലേപ്പോലെ ഉല്‍പാദനത്തിന് ശേഷമുള്ള വെള്ളം മലങ്കര അണക്കെട്ട് വഴി മൂവാറ്റുപുഴയാറ്റിലേക്ക് ഒഴുക്കുകയും ചെയ്യാം. ഇടുക്കി പവര്‍ ഹൗസില്‍ ഒരു വര്‍ഷം ശരാശരി ഉല്‍പാദിപ്പിക്കുന്നത് 2,500 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ്. ഇതില്‍ 900 - 1,000 ദശലക്ഷം യൂനിറ്റ് വൈകിട്ട് 6.30 മുതല്‍ രാത്രി 10.30 വരെയുള്ള പീക്ക് ടൈമിലാണ്. രണ്ടാം പവര്‍ ഹൗസിന് 2,700 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പീക്കില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനായാല്‍ 5 വര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരിച്ചുപിടിക്കാമെന്നും കണക്കാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."