HOME
DETAILS
MAL
കൊവിഡ് 19: ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രതിദിനം നഷ്ടപ്പെടുന്നത് പത്ത് ലക്ഷം തൊഴിലുകൾ
backup
March 21 2020 | 17:03 PM
റിയാദ്: ലോകത്താകമാനം മഹാ മാരിയായി മാറിയ കൊറോണ വൈറസ് ആഘാതം മൂലം ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രതിദിനം ഒരു മില്യൺ തൊഴിലുകൾ നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ (ഡബ്ള്യു ടി ടി സി) ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വർദ്ധിച്ചുവരുന്ന തൊഴിൽ നഷ്ടം ടൂറിസം വ്യവസായത്തിന്റെ എല്ലാ തലങ്ങളെയും ബാധിക്കുകയും ആഘാതം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും ആഗോള ട്രാവൽ ആൻഡ് ടൂറിസം മേഖലയെ പ്രതിനിധീകരിക്കുന്ന ലണ്ടൻ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ് നൽകി.
ഹോട്ടലുകൾ അടച്ചുപൂട്ടൽ, അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളിൽ ഭൂരിഭാഗവും താൽക്കാലികമായി നിർത്തിവയ്ക്കൽ, ക്രൂയിസ് ലൈനുകൾ നിർത്തലാക്കൽ, ആഗോള യാത്രാ നിരോധനം എന്നിവ മൂലമാണ് ആഗോള ടൂറിസം രംഗം ഭീഷണി നേരിടുന്നത്. ഈ ഭീഷണി മൂലം ട്രാവൽ ആൻഡ് ടൂറിസത്തിനു കീഴിലെ എല്ലാ തലത്തിലുമുള്ള ചെറുകിട, ഇടത്തരം ബിസിനസുകൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജന്റുകൾ, തുടങ്ങി സകല മേഖലയും ഏറെ പ്രതിസന്ധിയിലാണ്.
പ്രതിസന്ധി നേരിടാനായി ലോകമെമ്പാടുമുള്ള 75 ഓളം സർക്കാരുകളുമായി ഇതിനകം ചർച്ച നടത്തികഴിഞ്ഞതായും സംഘടന അറിയിച്ചു. ബിസിനസ് മേഖല പിടിച്ചു നിൽക്കുന്നതിനായി വായ്പകളും നികുതിയിളവുകളും നൽകുന്നതിന് രാജ്യങ്ങൾ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക ടൂറിസം ആൻഡ് ട്രാവൽ റിസർച്ച് പ്രകാരം ആഗോള ജി ഡി പി യുടെ പത്ത് ശതമാനം ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ സംഭാവനയാണ്. ലോകത്താകമാനമായി 50 മില്യൺ ജോലികൾ ഏറ്റവും വലിയ ഭീഷണിയിലാണെന്നും 320 മില്യൺ ജോലികൾ ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."