അട്ടപ്പാടിയില്‍ ഉള്‍വനത്തിലെ കഞ്ചാവ് തോട്ടം നശിപ്പിച്ചു
അഗളി : മണ്ണാര്‍ക്കാട് താലൂക്കില്‍ മേലേ ഗലസി ഊരിന് മുകള്‍ ഭാഗത്ത് പൊടിയറ മലയില്‍ നിന്നും നട്ടുവളര്‍ത്തി വിളവെടുപ്പിന് പാകമായ ഇടുക്കി നീലച്ചടയന്‍ ഇനത്തില്‍പെട്ട 408 കഞ്ചാവ് ചെടികള്‍ പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടിയും വനം വകുപ്പും നടത്തിയ സംയുക്ത റെയ്ഡില്‍ കണ്ടെത്തി നശിപ്പിച്ചു. സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തിലാണ് പൊടിയറമല സ്ഥിതി ചെയ്യുന്നത്. ആനവായ് ഊരില്‍ നിന്നും ഉദ്ദേശം 15 കി.മീ. ദൂരെയാണിത്. തുടുക്കി, ഗലസി എന്നീ ഊരുകള്‍ കഴിഞ്ഞ് വന്യമൃഗങ്ങള്‍ സദാ വിഹരിക്കുന്നതും മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതുമായ പ്രദേശത്തില്‍ 8 കി.മീ. ദൂരം ചെങ്കുത്തായ അപകടം നിറഞ്ഞ കാട്ടുവഴിയിലൂടെ 6 മണിക്കൂര്‍ കൊണ്ട് കയറി അതിസാഹസികമായാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്.
പിടിച്ചെടുത്ത കഞ്ചാവ് ചെടികള്‍ക്ക് ഉദ്ദേശം 6 മാസം പ്രായവും 6 അടിയോളം ഉയരവും ഉണ്ട്. അട്ടപ്പാടി കഞ്ചാവിന് വിപണിയില്‍ വന്‍ ഡിമാന്റാണുള്ളത്. കഞ്ചാവ് കൃഷി ചെയ്തയാളെ കുറിച്ച് സൂചനലഭിച്ചതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാജാസിങ്ങ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.രാകേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സുമേഷ് കോങ്ങാട്, വിപിന്‍ദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ അജിത് കുമാര്‍, മന്‍സൂര്‍ അലി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രസാദ്, രതീഷ്, കബീര്‍, ബിനു, ശ്രീകുമാര്‍, ജോണ്‍സണ്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സ്മിത, ഡ്രൈവര്‍ ശെല്‍വകുമാര്‍, ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍മാരായ പാഞ്ചന്‍, പെരുമാള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."