ഫല്ലുജയില് ഇറാഖി വിജയം
ബഗ്ദാദ്: ഐ.എസില്‍നിന്ന് ഇറാഖിലെ ഫല്ലുജ സൈന്യം തിരിച്ചുപിടിച്ചു. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ദിവസം ഐ.എസ് കൈവശംവച്ച സര്‍ക്കാര്‍ ആസ്ഥാന മന്ദിരം സൈന്യം പിടിച്ചെടുത്തിരുന്നു. ഫല്ലുജയില് ഐ.എസിനെ തുരുത്തിയതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയും സ്ഥിരീകരിച്ചു.
ഒരു മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഐ.എസിനെ തുരത്താനായത്. നഗരത്തിലെ ചെറിയ മേഖലകളില്‍ ഐ.എസ് സാന്നിധ്യം ഇപ്പോഴുമുണ്ടെന്ന് സൈന്യം അറിയിച്ചു. 2014ല്‍ ഐ.എസ് രംഗപ്രവേശം ചെയ്ത ഉടനെയാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ ഫല്ലുജ ഐ.എസ് പിടിച്ചെടുത്തത്. തുടര്‍ന്നു മൂസിലും ഐ.എസ് പിടിച്ചു. ഇവിടെയും ഐ.എസില്‍നിന്നു നഗരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
'ഫല്ലുജ ഞങ്ങള്‍ മോചിപ്പിച്ചിരിക്കുന്നു. ചുരുങ്ങിയ സ്ഥലങ്ങളിലൊഴികെ മുഴുവനും ഞങ്ങളുടെ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട് ' ഇറാഖ് പ്രധാനമന്ത്രി ദേശീയ ടി.വിയിലൂടെ പറഞ്ഞു. ഫല്ലുജക്ക് ശേഷം മൂസിലിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തലസ്ഥാനമായ ബഗ്ദാദില്‍നിന്നു പടിഞ്ഞാറ് 50 കിലോമീറ്റര്‍ അകലെയുള്ള ഫല്ലൂജ പിടിച്ചത് യു.എസ് പിന്തുണയോടെയാണ്. സര്‍ക്കാര്‍ കെട്ടിടത്തിനു മുകളില്‍ ഇറാഖി പതാക ഉയര്‍ത്തിയിട്ടുണ്ട്. ഐ.എസ് തീവ്രവാദികളില്‍നിന്ന് നഗരം പിടിക്കുമ്പോള്‍ ചെറിയ പ്രതിരോധമേ ഉണ്ടായിട്ടുള്ളൂവെന്നു സൈന്യം പറഞ്ഞു. ഐ.എസ് അക്രമം തുടങ്ങിയതിനു ശേഷം 30 ലക്ഷം പേര് ഇറാഖില്‍നിന്ന് കുടിയിറക്കപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."