ഉപ്പുവെള്ളം: ദാഹിച്ചു വലഞ്ഞ് തീരപ്രദേശം
വടകര: നഗരസഭയിലെ തീരപ്രദേശങ്ങള്‍ കുടിവെള്ള ക്ഷാമത്താല്‍ ബുദ്ധിമുട്ടുന്നു. നഗരസഭയില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ ഉപ്പു കലര്‍ന്നതോടെ ശുദ്ധജലം കിട്ടാതെ വലയുകയാണ് ജനങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ദ സംഘടനകളും വിതരണം ചെയ്യുന്ന വെള്ളം മാത്രമാണ് തീരദേശത്തുള്ളവര്‍ക്ക് ആകെ ആശ്വാസം. നിരവധി നിവേദനങ്ങളും സമരങ്ങളും ചെയ്താണ് 2016ല്‍ കലക്ടറുടെ നിര്‍ദേശപ്രകാരം തീരദേശത്തെ ഏഴു വാര്‍ഡുകളില്‍ പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കുകള്‍ സ്ഥാപിച്ചത്. ഇതോടെ തീരദേശത്തെ കുടിവെള്ള ക്ഷാമത്തിന് അറുതിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു.
ടാങ്കുകളിലേക്കുള്ള ശുദ്ധജല വിതരണം നഗരസഭയാണ് ചെയ്യേണ്ടതെന്നാണ് ടാങ്ക് സ്ഥാപിച്ച റവന്യൂ വകുപ്പ് പറയുന്നത്.
എന്നാല്‍, നഗരസഭയുമായി ജനങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ ശുദ്ധജല വിതരണത്തിന് ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. നഗരസഭാ പ്രദേശത്ത് കുടിവെള്ളത്തില്‍ ഉപ്പു കലര്‍ന്നതോടെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചിരുന്നു.
പെരിഞ്ചേരി കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കാതെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാവില്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. വേനലെത്തുമ്പോള്‍ ഉപ്പുവെള്ളം കയറുമ്പോള്‍ മാത്രമാണ് പ്രശ്‌നപരിഹാത്തിനായി മുറവിളിയുണ്ടാകാറുള്ളു. പിന്നീട് ഇക്കാര്യത്തില്‍ ആരും ഒന്നും മിണ്ടാറില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാതെ നോക്കുകുത്തിയായി എന്തിനാണ് ഒരു ടാങ്കെന്നാണ് തീരദേശത്തെ ജനങ്ങള്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."