അഴികള്‍ക്കപ്പുറത്തെ മുസ്‌ലിം ജീവിതം പറയുമ്പോള്‍
അല്‍പം ഉപകരണങ്ങളുമായി അവരെന്റെ അടുത്ത് വന്നു. എന്റെ കൈ വലിച്ച് അവ എന്റെ വിരലിനടിയിലേക്ക് തള്ളി. എന്നിട്ടും ഞാനാ പേപ്പറുകള്‍ ഒപ്പിട്ട് നല്‍കിയില്ല. അവരെന്റെ എല്ലാ നഖങ്ങളും പറിച്ചെടുത്തു. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. അവരുടെ ക്രൂരതകളില്‍ നിന്നു രക്ഷക്ക് മറ്റൊരു വഴിയും ഇല്ലെന്ന് കണ്ടപ്പോള്‍ ഞാനവ ഒപ്പിട്ട് നല്‍കി. അപ്പുറത്തെ സെല്ലുകളില്‍ നിന്നും ഇപ്പോഴും നിലവിളികള്‍ ഉയരാറുണ്ട്, അവിടെ എന്താണ് നടക്കുന്നത് എന്ന് ആലോചിക്കാന്‍ പോലും ഞാന്‍ തുനിയാറില്ല'
ഉദ്യോഗസ്ഥരുടെ വഞ്ചനയുടെ ഫലമായി തീവ്രവാദിയായി മുദ്രകുത്തപ്പെട്ട് ജയിലിലില്‍ കിടക്കേണ്ടി വന്ന മുഹമ്മദ് ആമിര്‍ ഖാന്റെ ആത്മകഥ 'ഫ്രെയ്മ്ഡ് ആസ് എ ടെററിസ്റ്റി' ലെ വരികളാണിത്. പതിനാല് വര്‍ഷത്തെ തന്റെ ജയില്‍ ജീവിതവും ജയിലില്‍ അധികൃതരുടെ പക്കല്‍ നിന്നു മുസ്ലിംകള്‍ നേരിടുന്ന മനുഷ്യത്വ വിരുദ്ധ സമീപനങ്ങളും വിവരിക്കുന്നതാണ് പുസ്തകം.
ഡല്‍ഹിയിലെ തന്റെ കുട്ടികാലം പറഞ്ഞുകൊണ്ടാണ് ആമിര്‍ തന്റെ ജീവിതം പറഞ്ഞുതുടങ്ങുന്നത്. കുടുംബവും എഴുപതുകളിലെ ഡല്‍ഹിയിലെ അവസ്ഥകളും പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് തന്നെ വിവരിക്കുന്നുണ്ട്. പിതാവ് ഒരു യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. രാജ്യത്തിന്റെ മതേതരത്വത്തെ ഓര്‍ത്ത് എന്നും അഭിമാനം കൊണ്ടിരുന്ന പിതാവ് തന്റെ മക്കള്‍ക്കും ആ മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കിയിരുന്നു. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയും വര്‍ഗീയതയും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. വര്‍ഗീയ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ നിന്നു കുടുംബത്തെ അകറ്റി നിര്‍ത്തിയിരുന്നു എന്നും ആമിര്‍ഖാന്‍ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.
വിഭജനം ഡല്‍ഹിയിലെ സാധാരണ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ആമിര്‍ഖാന്‍ പറയുന്നുണ്ട്. ആമിര്‍ ഖാന്റെ സഹോദരി പാകിസ്താനിലെ കറാച്ചിയിലായിരുന്നു ജീവിച്ചത്. മാതാപിതാക്കള്‍ ഇടക്കിടെ സഹോദരിയെ കാണാന്‍ കറാച്ചിയില്‍ പോകാറുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാലും ആമിറിന് അവരോടൊപ്പം കൂടാന്‍ കഴിഞ്ഞില്ല.
ഒടുവില്‍ ആമിര്‍ തന്റെ ഇരുപതാം വയസില്‍ സഹോദരിയെ കാണാന്‍ തീരുമാനിക്കുന്നു. പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിന്ന് യാത്രാ രേഖകള്‍ ശരിയാക്കി ബസ് സ്റ്റോപ്പിലേക്ക് പുറപ്പെടും വഴി ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്നാണെന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ അടുത്തുവന്നു. ഗുപ്താജി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. വിസയുടെ വിശദാംശങ്ങള്‍ തിരക്കിയ അദ്ദേഹം രാജ്യത്തിനായി വല്ലതും ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദിച്ചു. മറ്റൊന്നും ആലോചിക്കാതെ തന്നെ ആമിര്‍ അതിന് സമ്മതം നല്‍കി.
പാകിസ്താനിലേക്ക് പുറപ്പെടാന്‍ ട്രെയിന്‍ കാത്തിരിക്കുമ്പോള്‍ ഗുപ്താജി വീണ്ടും പ്രത്യക്ഷ്യപ്പെട്ടു. കയ്യിലുണ്ടായിരുന്ന അയ്യായിരം രൂപയും ക്യാമറയും ആമിറിന് നല്‍കി. പ്രൊജക്ട് പൂര്‍ത്തിയാക്കുന്ന പക്ഷം വലിയ സംഖ്യ നല്‍കാം എന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. വരുന്നത് വരെ കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കും എന്നും അദ്ദേഹം ഉറപ്പ് നല്‍കി. പാകിസ്താനിലെ ചില സ്ഥലങ്ങള്‍ ഫോട്ടോയില്‍ പകര്‍ത്താനും ഗുപ്താജി നിര്‍ദേശിച്ച ആളുകള്‍ നല്‍കുന്ന പേപ്പറുകള്‍ കൊണ്ടുവരലുമായിരുന്നു ടാസ്‌ക്.
തന്റെ സഹോദരി കുടുംബത്തോടൊപ്പം രണ്ട് മാസത്തോളം കറാച്ചിയില്‍ തങ്ങിയ ആമിര്‍, സഹോദരി പോലും അറിയാതെ അതീവ രഹസ്യമായി തന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി. ഇന്ത്യയിലേക്ക് തിരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍, കര്‍ശനമായ ചെക്കിങ് നടക്കുന്നത് കണ്ടു. പിടിക്കപ്പെടുമോ എന്ന ഭയം അദ്ദേഹത്തെ പിടികൂടി. ഉടനെ എര്‍പോര്‍ട്ടിലെ ബാത്റൂമിന് മുകളില്‍ രഹസ്യപേപ്പറുകളുമടങ്ങിയ ബേഗ് ഉപേക്ഷിച്ച് അദ്ദേഹം ഇന്ത്യയിലേക്ക് കടന്നു. താന്‍ ഏറ്റെടുത്ത വര്‍ക്ക് പൂര്‍ത്തീകരിക്കാനാവാത്തതില്‍ അതീവ ദു:ഖമുണ്ടായിരുന്നു അദ്ദേഹത്തിന്.
വീട്ടിലെത്തിയ ഉടനെ ഗുപ്താജിയെ കണ്ട് ദു:ഖ വിവരം അറിയിക്കുകയും ക്യാമറ തിരിച്ച് നല്‍കുകയും ചെയ്തു. എന്നാല്‍, ആമിറിനെ വിശ്വസിക്കാന്‍ ഗുപ്താജി തയ്യാറായില്ല. പകരം പാക് ഏജന്റാണെന്നും പറഞ്ഞ് ആക്ഷേപിച്ചു. ഒരു ദിവസം വീട്ടുസാധനം വാങ്ങാനായി അങ്ങാടിയിലേക്ക് പുറപ്പെട്ട ആമിറിനെ ഒരു അക്രമി സംഘം വന്ന് കാറില്‍ കൊണ്ടുപോയി. കണ്ണ് കെട്ടിയത് കാരണം എങ്ങോട്ടാണ് പോകുന്നതെന്നോ അക്രമികളുടെ എണ്ണം കൂടിയതിനാല്‍ പ്രതികരിക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവില്‍ കണ്ണിന്മേല്‍ കെട്ടിയ മറ നീക്കിയപ്പോള്‍ ഒഴിഞ്ഞ മുറിയില്‍ ഗുപ്താജിയടങ്ങുന്ന പന്ത്രണ്ടംഗ ഗുണ്ടാ സംഘത്തിന് നടുവിലാണ് ആമിര്‍. കാക്കി വസ്ത്ര ധാരികളായ പൊലിസ് ഉദ്യോഗസ്ഥരും ആ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് ആമിര്‍ഖാന്‍ പറയുന്നുണ്ട്.
ആമിര്‍ ശേഖരിച്ച ഡോക്യൂമെന്റ്സിനെ കുറിച്ച് അവര്‍ ചോദിച്ച് കൊണ്ടേയിരുന്നു. ഉണ്ടായതെല്ലാം പറഞ്ഞുകൊടുത്തിട്ടും ആമിറിന്റെ മറുപടിയില്‍ അവര്‍ തൃപ്തനായില്ല. അടിയും തെറിവിളിയുമായി പിന്നെ. മുസ്ലിം വിരുദ്ധ തെറികളായിരുന്നു അവയില്‍ അധികമെന്ന് ആമിര്‍ ഓര്‍ക്കുന്നു.
പിറ്റേദിവസം കുറച്ച് കാലി പേപ്പറുമായി ഒരു സംഘം ആമിറിന്റെ അടുക്കല്‍ വന്നു. തലേ ദിവസത്തെ അടി കാരണം ഒന്ന് നില്‍ക്കാന്‍ പോലും കെല്‍പ്പുണ്ടായിരുന്നില്ല ആമിറിന്. കൊണ്ടു വന്ന പേപ്പറിലെല്ലാം ഒപ്പിടാന്‍ പറഞ്ഞു. ആദ്യം നിരാകരിച്ചെങ്കിലും അവരുടെ ക്രൂരതകള്‍ സഹിക്കവയ്യാതെ അതിലെല്ലാം ഒപ്പിടാന്‍ ആമിര്‍ നിര്‍ബന്ധിതനായി. ഒരു സുപ്രഭാതത്തില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇവയെല്ലാം കുറ്റം സമ്മതിച്ച് കൊണ്ടുള്ള പേപ്പറുകളായിരുന്നുവെന്ന് ആമിര്‍ തിരിച്ചറിയുന്നത്.
ഇതിനകം പത്തൊന്‍പതോളം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു ആമിര്‍. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നടന്ന ബോംബ് സ്ഫോടന കേസുകളായിരുന്നു അവയിലധികവും. ഇതിന്റെ ഫലമായി തീഹാര്‍, ദസന, റോട്ടക് ജയിലുകളിലായി പതിനാല് വര്‍ഷം ദുരിതം തിന്ന് ജീവിക്കേണ്ടി വന്നു ആമിറിന്. ഈ കാലത്ത് ഒരു മുസ്ലിമായതിന്റെ പേരില്‍ നേരിട്ട ഒട്ടേറെ ക്രൂരതകള്‍ വേദന നിറഞ്ഞ വാക്കുകളില്‍ കോറിയിടുന്നുണ്ട് ആമിര്‍. ജയില്‍ അധികൃതര്‍ക്കും ജയിലിലെ മറ്റ് അന്തേവാസികള്‍ക്കും ആമിര്‍ എന്നുമൊരു ഭീകരവാദിയും പാക് ഏജന്റുമായിരുന്നു. പലപ്പോഴും പല അവകാശങ്ങളും നിഷേധിക്കപ്പെട്ടു. ഇന്ത്യയെ നടുക്കിയ പാര്‍ലമെന്റ് ആക്രമണവും ലോകത്തെ തന്നെ വിറപ്പിച്ച 9/11 ും കാരണം ഒരുപാട് ക്രൂരതകള്‍ നിരപരാധികളായ മുസ്ലിംകള്‍ ജയിലില്‍ നേരിട്ടിട്ടുണ്ടെന്ന് ആമിര്‍ ഓര്‍ക്കുന്നു. ഈ സമയങ്ങളിലെല്ലാം എല്ലാവരും കൂടി ഇവരെ ഒറ്റപ്പെടുത്തി. ഇവര്‍ക്കുമേല്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി. മിണ്ടാന്‍ പോലും ആരും തയ്യാറായിരുന്നില്ല എന്ന് ആമിര്‍ പറയുന്നു.
പ്രായമേറിയ പിതാവായിരുന്നു കേസുകളെല്ലാം ഓടി നടന്ന് ശരിയാക്കിയത്. കേസുകള്‍ കാരണം എന്നും സമ്മര്‍ദ്ദത്തിലായിരുന്നു പിതാവ് ജീവിച്ചിരുന്നത്. രോഗം കാരണം അദ്ദേഹം മരിച്ചപ്പോള്‍ മാതാവും ബാല്യകാല സുഹൃത്തും പിന്നീട് സഖിയായി ജീവിതത്തിലേക്ക് കടന്നുവന്ന ആലിയയുമായിരുന്നു കേസുകളുടെ കാര്യം നോക്കിയത്.
ഒടുവില്‍ 2012 ജനുവരി ആറിന് റോട്ടക് ജയിലില്‍ നിന്നും സ്വതന്ത്രനായി അദ്ദേഹം പുറത്തിറങ്ങി. പതിനാല് വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷം കോടതി നിരപരാധിയാണെന്ന് വിധിച്ചിട്ടും അദ്ദേഹത്തെയും കുടുംബത്തെയും മാസങ്ങളോളം നാട്ടുകാര്‍ ബഹിഷ്‌കരിച്ചു. അവരുമായി മിണ്ടുവാനോ കൂട്ടുകൂടാനോ അവരാരും ഇഷ്ടപ്പെട്ടില്ല. ബന്ധുക്കള്‍ പോലും ഞങ്ങളോട് മിണ്ടാന്‍ തയ്യാറായിരുന്നുന്നില്ലെന്ന് പറയുന്നുണ്ട് ആമിര്‍.
ദേശീയ പത്രങ്ങളില്‍ ഇദ്ദേഹത്തിന്റെ ജയില്‍ ജീവിതം ഫീച്ചറായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ സ്ഥിതി മാറി. വ്യത്യസ്ത സംഘടനകളും പ്രശസ്ത വ്യക്തികളും അദ്ദേഹത്തെ തിരക്കി വീട്ടില്‍ വന്നു. രാജ്യമെങ്ങും മുഹമ്മദ് ആമിര്‍ ഖാന്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാജ്യത്തെ നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമാണ് ആമിര്‍.
ചുരുക്കത്തില്‍, നിരപരാധിയായ ഒരു മുസ്ലിം എങ്ങനെ ഭീകരവാദിയാക്കപ്പെടുന്നു എന്ന് പറയുകയാണ് മുഹമ്മദ് ആമിര്‍ ഖാന്റെ ആത്മകഥയായ ഫ്രെയ്മ്ഡ് ആസ് എ ടെററിസ്റ്റ്, മൈ 14 ഇയര്‍ സ്ട്രഗിള്‍ ടൂ പ്രൂവ് മൈ ഇന്നസെന്‍സ് (ഭീകരവാദിയായി മുദ്രകുത്തപ്പെട്ടു, നിരപരാധിയാണെന്ന് തെളിയിക്കാനുള്ള പതിനാല് വര്‍ഷത്തെ എന്റെ നിയമ പോരാട്ടം). ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തപ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന് മുസ്ലിം യുവാക്കളുടെ കൂടി കഥയാണ് ആമിര്‍ഖാന്റെ ആത്മകഥ നമുക്ക് പറഞ്ഞു തരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."