40 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്: ബ്ലസി തങ്കച്ചന് ജപ്പാനിലേക്ക്
മുക്കം: ഓയിസ്ക ഇന്റര്‍നാഷനല്‍ നടത്തിയ ഇന്റര്‍നാഷനല്‍ എജുക്കേഷനല്‍ എക്സ്ചേഞ്ച് പ്രോഗ്രാമില്‍ അവസാന റൗണ്ടിലെത്തിയ ബ്ലസി തങ്കച്ചന് ജപ്പാനില്‍ ഉപരിപഠനം നടത്താന്‍ സ്കോളര്‍ഷിപ്പ് ലഭിച്ചു.
അവസാന റൗണ്ടിലെത്തിയ 12 പേരില്‍ നിന്നാണ് ബ്ലസിയെ തിരഞ്ഞെടുത്തത്. രണ്ട് വര്‍ഷത്തെ പഠനത്തിനായി 40 ലക്ഷം രൂപയാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. കേരളത്തില്‍ നിന്ന് ആകെ അവസരം ലഭിച്ചത് ബ്ലസിക്ക് മാത്രമാണ്. ഇപ്പോള്‍ അഗസ്ത്യന്മുഴി പള്ളോട്ടിന്‍ പബ്ലിക് സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ബ്ലസി രണ്ടു വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പഠനത്തിനായി ഏപ്രില്‍ മാസം ജപ്പാനിലേക്ക് തിരിക്കും. കഴിഞ്ഞ 18 വര്‍ഷമായി നടന്നു വരുന്ന ഐ.ഇ.പി വഴി മലയോര മേഖലയില്‍ നിന്ന് ഒരാളെ ജപ്പാനിലേക്ക് പറഞ്ഞയക്കാനായ സന്തോഷത്തിലാണ് ഒയിസ്ക ഭാരവാഹികളും.കൂടരഞ്ഞി കൂട്ടക്കര വരകാപ്പിള്ളില്‍ വി.എ തങ്കച്ചന്റെയും പി.ജെ ആലിസിന്റെയും മകളാണ് ബ്ലസി. ഗ്രെയ്സി തങ്കച്ചന് സഹോദരിയാണ്. വര്‍ഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പാക്കുകയും അതിന്റെ പ്രചാരകരാവുകയും ചെയ്തു വരുന്ന ഒയിസ്ക ഇന്റര്‍നാഷനല്‍ വിദ്യാഭ്യാസ മേഖലയിലും നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."