ഫണ്ട് ക്രമക്കേടില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണം: യു.ഡി.എഫ്
കോഴിക്കോട്: നാദാപുരം, വിലങ്ങാട് മേഖലയിലെ ആദിവാസി കോളനികളിലെ വികസനഫണ്ട് അഴിമതിയെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാറും ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കലും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നാദാപുരത്തെ വിലങ്ങാട് മേഖലയിലെ പന്നിയേരി, മാടഞ്ചേരി, കുറ്റല്ലൂര്‍, വായാട് തുടങ്ങിയ ആദിവാസി കോളനികളിലും പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ കോളനികളുടെയും സമഗ്രവികസനത്തിനു യു.ഡി.എഫ് ഭരണകാലത്ത് അനുവദിച്ച പത്തു കോടി ഫണ്ടിലാണു വന്‍ ക്രമക്കേട് നടന്നിരിക്കുന്നത്.
2015ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം 2017ല്‍ വികസനം പൂര്‍ത്തീകരിക്കേണ്ടതാണ്. എന്നാല്‍ 2019 ആയിട്ടും 30 ശതമാനം പ്രവൃത്തിപോലും കോളനികളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കോളനികളിലെ വീടുകളുടെ പുനര്‍നിര്‍മാണം, കുടിവെള്ള പദ്ധതി, കലുങ്കു നിര്‍മാണം, റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള വികസന പ്രവൃത്തികള്‍ക്ക് ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ എന്ന സര്‍ക്കാര്‍ സ്ഥാപനമായിരുന്നു കരാറെടുത്തിരുന്നത്. ഈ സ്ഥാപനം തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ ഏജന്‍സിക്കു പ്രവൃത്തിയുടെ ഉപകരാര്‍ നല്‍കുകയായിരുന്നു.
നാലു വര്‍ഷത്തിനിടെ 30 ശതമാനം പ്രവൃത്തിപോലും നടത്താതെ എഫ്.ഐ.ടി അനുവദിച്ച ഫണ്ടില്‍നിന്ന് 5.14 കോടി രൂപ പിന്‍വലിച്ച് ഉപകരാര്‍ നല്‍കിയ ഏജന്‍സിക്കു നല്‍കുകയായിരുന്നു. പ്രവൃത്തി പൂര്‍ത്തീകരിക്കാതെ ഫണ്ട് അനുവദിച്ചതിലൂടെ തെറ്റുപറ്റിയെന്ന് കലക്ടര്‍ ഉള്‍പ്പെടെ തുറന്നു സമ്മതിച്ചിട്ടുണ്ട്. ആദിവാസി സമൂഹത്തോടുള്ള ചൂഷണമാണു ക്രമക്കേടിലുടെ വ്യക്തമായിരിക്കുന്നത്. പദ്ധതിയുടെ എസ്റ്റിമേറ്റ് മുതലുള്ള ക്രമക്കേടുകളെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ആദിവാസികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."