HOME
DETAILS
MAL
സംസ്ഥാനത്തെ മുഴുവന്‍ സ്‌റ്റേഷനുകളുടെയും തലപ്പത്ത് ഇനി സി.ഐ പദവിയുള്ള ഉദ്യോഗസ്ഥര്‍
backup
March 22 2020 | 04:03 AM
കാളികാവ്: സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്‌റ്റേഷനുകളുടേയും ചുമതലക്കാരായി സി.ഐ പദവിയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നു. ഇതിന്റെ ഭാഗമായി 140 എസ്.ഐമാര്‍ക്ക് കൂടി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. 2019 ജനുവരിയിലാണ് സ്‌റ്റേഷന്‍ ചുമതല സി.ഐ പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ കേരളത്തില്‍ നടപടി ആരംഭിച്ചത്.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ (സി.ഐ) എന്ന പദവി ഇനി കേരളാ പൊലിസില്‍ ഇല്ല. രണ്ട്, മൂന്ന് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്ന സര്‍ക്കിളിന്റെ മേല്‍നോട്ട ചുമതലയായിരുന്നു സി.ഐമാര്‍ക്കുണ്ടായിരുന്നത്.
പൊലിസ് സ്‌റ്റേഷനുകളുടെ ചുമതലക്കാരനായ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍(എസ്.എച്ച്.ഒ) പദവി സി.ഐ റാങ്കിലുള്ളവര്‍ക്കാണ്. പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്ന പേരിനും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ സ്‌റ്റേഷന്‍ ചുമതക്കാരായ ഉദ്യേഗസ്ഥര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് എന്ന പേരിലാണ് അറിയപ്പെടുക.
2019 ജനുവരിയിലാണ് ഇന്‍സ്‌പെക്ടര്‍ പൊലിസിന് ചുമതല നല്‍കി വന്നത്. നിലവിലുണ്ടായിരുന്ന പി.ഐ മാര്‍ക്ക് ആസ്ഥാന സ്‌റ്റേഷനുകളുടെ ചുമതല നല്‍കിയാണ് ആദ്യ നടപടി. രണ്ടാം ഘട്ടമായി 2019 മെയില്‍ 285 എസ്.ഐമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി.
ഒഴിവ് വന്ന സ്‌റ്റേഷനുകളുടെ ചുമതല നല്‍കുന്നതിനാണ് മൂന്നാം ഘട്ടമായി 140 എസ്.ഐമാര്‍ക്ക് കൂടി ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് ആയി സ്ഥാനക്കയറ്റം നല്‍കിയിട്ടുള്ളത്. മാര്‍ച്ച് 12 നാണ് പുതിയ സ്ഥാനക്കയറ്റ പട്ടിക പുറത്തിറക്കിയത്. 23 ന് പുതിയ പദവിയില്‍ ചുമതല ഏല്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സി.ഐ സംവിധാനം ഇല്ലാതായതോടെ പൊലിസ് സ്‌റ്റേഷനുകള്‍ക്കും ഡി.വൈ.എസ്.പി ഓഫിസുകള്‍ക്കുമിടയില്‍ മേല്‍നോട്ടം വഹിക്കാന്‍ മറ്റു ഉദ്യോഗസ്ഥരില്ല. ഒഴിവ് നികത്താനായി മൂന്നാം ഘട്ടത്തില്‍ അഞ്ച് വര്‍ഷംവരെ സര്‍വിസുള്ള എസ്.ഐമാര്‍ ഉള്‍പടെയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ എട്ട് വര്‍ഷത്തിന് മുകളിലുള്ളവരെയാണ് സ്ഥാനക്കയറ്റത്തിന് പരിഗണിച്ചത്. 2020 ജനുവരിയോടെ മുഴുവന്‍ സ്‌റ്റേഷനുകളുടേയും എസ്.എച്ച്.ഒ മാരായി ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസിനെ നിയമിക്കാനായിരുന്നു നടപടി. മൂന്ന് മാസത്തിലേറെ വൈകിയതിനെ തുടര്‍ന്നാണ് സ്ഥാനക്കയറ്റ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."