ദേവനന്ദയുടെ മരണം; കുട്ടിയെ അപായപ്പെടുത്തിയതെന്ന നിലപാടിലുറച്ച് മാതാപിതാക്കള്‍
കൊല്ലം: ഇത്തിക്കര ആറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ ആറു വയസുകാരി ദേവനന്ദയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍,കുട്ടിയെ ആരോ അപായപ്പെടുത്തിയതാണെന്ന വിശ്വാസത്തില്‍ ഉറച്ച് മാതാപിതാക്കള്‍.
അന്വേഷണ സംഘം കഴിഞ്ഞദിവസം കുട്ടിയുടെ മാതാപിതാക്കളെ നേരില്‍ക്കണ്ട് സംസാരിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് മാതാപിതാക്കള്‍ തങ്ങളുടെ സംശയം പൊലിസിനെ വീണ്ടും അറിയിച്ചത്. കുട്ടി ഒരിക്കലും തനിയെ പുഴയുടെ ഭാഗത്തേക്ക് പോകില്ലെന്ന നിലപാടിലാണ് അച്ഛനും അമ്മയും ഉറച്ചുനിന്നത്.
പൊലിസിന്റെ സംശയങ്ങള്‍, രക്ഷിതാക്കളുടെ സംശയങ്ങള്‍, ചോദ്യംചെയ്തവരില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഓരോ വിവരവും ചോദിച്ചറിഞ്ഞത്. മൊഴി രേഖപ്പെടുത്താനായി ഇവരെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇതിനിടെ മൊബൈല്‍ ടവറുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ ഉടന്‍ ലഭിക്കും.
പ്രദേശത്ത് അന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ മുഴുവന്‍ വിവരങ്ങളും ലഭിക്കുന്നത് കേസന്വേഷണത്തിന് ഗുണകരമാകും. കുട്ടിയെ കാണാതായ സമയം മുതല്‍ മൃതദേഹം കണ്ടെത്തിയതുവരെയുള്ള എല്ലാ ഫോണ്‍ സന്ദേശങ്ങളും പൊലിസ് പരിശോധിക്കുന്നുണ്ട്. നേരത്തെ രണ്ടു തവണ അമ്മ ധന്യയുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 61 പേരെ ചോദ്യംചെയ്തു. ഫോറന്‍സിക്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ മുങ്ങി മരണമാണെന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും കുട്ടി പുഴയില്‍ തനിയെ വീണതാണോ, അതോ ബാഹ്യ പ്രേരണയാല്‍ വീണതാണോയെന്ന കാര്യം വ്യക്തമല്ല. ഫെബ്രുവരി 27ന് രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. തൊട്ടടുത്ത ദിവസം രാവിലെയാണ് വീടിന് അടുത്തുള്ള ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."