പടക്ക നിര്‍മാണശാലകളിലെ സ്ഫോടനം: മരണം മൂന്നായി
കുട്ടനാട്: പുളിങ്കുന്നിലെ പടക്ക നിര്‍മാണശാലകളിലുണ്ടായ സ്ഫോടനത്തില്‍ മരണം മൂന്നായി. നാലുപേര്‍ ഗുരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രണ്ട് പടക്കനിര്‍മാണശാലകളില്‍ സ്ഫോടനമുണ്ടായത്. പുളിങ്കുന്ന് മുപ്പതില്‍ ജോസഫ് ചാക്കോ (റെജി-48), പുളിങ്കുന്ന് മലയില്‍ പുത്തന്‍വീട്ടില്‍ ലൈജുമോന്റെ ഭാര്യ ബിനു (30) എന്നിവരാണ് ഇന്നലെ മരിച്ചത്. സംഭവം നടന്ന വെള്ളിയാഴ്ച ഒരാള്‍ മരിച്ചിരുന്നു.
അതിനിടെ, ഇന്നലെ നിര്‍മാണശാലയുടെ നടത്തിപ്പുകാരായ കൊച്ചുമോന് ആന്റണി, ബിനോയി എന്നിവരുടെ വീടുകളില്‍ പൊലിസ് റെയ്ഡ് നടത്തി. ഇവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ സ്ഫോടകവസ്തുക്കളും പടക്കങ്ങളും കണ്ടെടുത്തു. ബിനോയിയുടെ വീടിന്റെ മുകള്‍നിലയില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്.
ജില്ലാ പൊലിസ് മേധാവി ജെയിംസ് ജോസഫ്, അഡിഷണല്‍ എസ്.പി ബി. കൃഷ്ണകുമാര്‍, ഡിവൈ.എസ്.പി. എന്‍. ജയരാജ് എന്നിവര്‍ ഇന്നലെ സ്ഥലത്തെത്തിയിരുന്നു. ഫൊറന്‍സിക്, ബോംബ് സ്ക്വാഡുകളും പരിശോധന നടത്തി. 2017 മാര്‍ച്ച് വരെയായിരുന്നു പടക്ക നിര്‍മാണശാലകള്‍ക്ക് ലൈസന്‍സുണ്ടായിരുന്നത്. എന്നാല്‍, ഇതിനുശേഷവും കച്ചവടവും നിര്‍മാണവും തുടരുകയായിരുന്നു. സംഭവത്തില്‍ തങ്കച്ചന്, ബിനോയി എന്നിവര്‍ക്കെതിരേ നരഹത്യയ്ക്കും സ്ഫോടകവസ്തുക്കള്‍ അനധികൃതമായി സൂക്ഷിച്ചതിനും കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."